കാവ്യത്തെക്കാള്‍ വളര്‍ന്ന കാവ്യവ്യാഖ്യാനങ്ങള്‍... ഭാഷ വളര്‍ന്ന് തുടങ്ങിയ കാലത്ത് കേരളം എന്ന ചെറിയ ദേശത്തുണ്ടായ അനുബന്ധ രാമായണങ്ങള്‍ എത്രയാണെന്ന് കണ്ടില്ലേ. എന്നാല്‍ കേരളത്തിന് പുറത്തുണ്ടായ രാമായണങ്ങളുടെ കണക്ക് നമ്മെ അല്‍ഭുതപ്പെടുത്തും.
കാമില്‍ ബുല്‍ക്കെ കണ്ടെത്തിയ 64 രാമായണ വ്യാഖ്യാനങ്ങള്‍ കൂടാതെ പിന്നെയും നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടത്രെ, രാമായണത്തിന്. കാമില്‍ ബുല്‍ക്കെ വൈവിധ്യമുള്ള പ്രാദേശിസ വ്യാഖ്യാനങ്ങളായ കൃതികളെയാണ് പ്രധാനമായും കണക്കിലെടുത്തത്. ആ അറുപത്തി നാല് കൂടാതെ നൂറോളം വ്യാഖ്യാനങ്ങള്‍ വേറെയുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ കണ്ടെത്തിയത്. അവയില്‍ മലയാള ഭാഷയിലെ ചില കൃതികളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.
ഇന്ത്യയിലെ മറ്റ് നിരവധി ഭാഷകളിലും രാമായണത്തിന് പുനരാഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. സാഹിത്യ സമ്പന്നമായ പ്രധാന ഇന്ത്യന്‍ പ്രാദേശിക ഭാഷകളായ ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ദേവഭാഷയായി അറിയപ്പെടുന്ന സംസ്‌കൃതത്തിലുമാണ് പ്രധാനമായവ രൂപപ്പെട്ടത്. ചിലവ എഴുത്തുകാരന്റെ പേരിലും മറ്റ് ചിലവ സ്വതന്ത്രമായും അറിയപ്പെടുന്ന രാമായണങ്ങളാണ്.
അനന്തരാമായണം, ആധ്യാത്മരാമായണം, കമ്പരാമായണം തുടങ്ങിയവയാണ് സ്വതന്ത്രമായി എഴുത്തുകാരനെ അപ്രസക്തമാക്കി നിലകൊള്ളുന്നവ. അതില്‍ കമ്പരാമായണം കമ്പരാണെഴുതിയതെന്നും ആധ്യാത്മരാമായണം ഒരു ബ്രാഹ്മണനാണെഴുതിയതെന്നും ഉള്ള ചില നിഗമനങ്ങളില്‍ ഭാഷാ ശാസ്‌ത്രജ്ഞന്മാര്‍ എത്തുന്നുണ്ട്. തമിഴ്‌ജനതയുടെ ദ്രാവിഡസംസ്‌കാരത്തിന്റെ തെളിവെന്നോണം രാവണനാണ് കമ്പരുടെ നായകനായി എത്തുന്നത്. വനവാസത്തിനിടെ വേദവതിയെന്ന യുവതിയെ ബലാല്‍ക്കാരത്തിന് വിധേയയാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം വേദവതിയിലുണ്ടായ സീതയെന്ന തന്റെ പുത്രിയെ കുറിച്ചറിയുകയും ആ മകളെ കാണാന്‍ അവളെ തട്ടിക്കൊണ്ട് വന്ന് അശോകവനിയില്‍ പാര്‍പ്പിക്കുകയും ചെയ്‌ത വീരനാണ് രാവണന്‍.
രാവണന്‍ സീതയെ പരിശുദ്ധയായി കാണുന്ന അസുരനായകനാണ് കമ്പരുടെത്. ഇപ്പോഴും രാവണനെ നായകനാക്കി നിരവധി കൃതികള്‍ തമിഴിലുണ്ടാകുന്നുണ്ട്. വയലാറിന്റെ രാവണപുത്രിയും ഏറ്റവും ഒടുവില്‍ ഇറങ്ങിയ മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചലചിത്രവും അത്തമൊരു കഥാബീജമാണ് വ്യഖ്യാനിക്കുന്നത്. അരുണാചലകവിയുടെ രാമനാടകം, ഭവഭൂതിയുടെ മഹാവീര ചരിതം, സ്വാമിദേശികന്റെ രഘുവീര ചരിതം, തുളസീദാസിന്റെ രാമചരിതമാനസം എന്നിവയും പരിഗണനാര്‍ഹമായി നില്‍ക്കുന്ന കൃതികളാണ്.
ഓരോ പ്രദേശത്തിന്റെയും ഭാഷയുടെയും സാസ്‌കാരിക വൈവിധ്യങ്ങളുടെയും കാഴ്‌ചപ്പാടിന്റെ ആകെ തന്നെയും പ്രത്യേകതകള്‍ ഈ കൃതികള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ആത്മനിഷ്‌ഠമായും സാമൂഹികമായും ഉള്ള എഴുത്തുകാരന്റെ വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങള്‍ ഏറിയും കുറഞ്ഞും അവിടവിടെ കാണാം. ഈ കൃതികളിലെല്ലാം ഭക്തിയും (ആധ്യാത്മരാമായണം...) പ്രണയവും (രാമചരിതമാനസം...) ആവശ്യത്തിന് അനുയോജ്യമായ രീതിയില്‍ പ്രതിഫലിക്കുന്നുണ്ട് എന്ന് കാണുമ്പോള്‍ അക്കാര്യം വ്യക്തമാകും. യുദ്ധത്തിന്റെ സാഹിത്യസാധ്യതകളെയും പലപ്പോഴും എഴുത്തുകാരന്‍ മനോഹരമായി ഉപയോഗിക്കുന്നുണ്ട്.
സ്വാമി ദേശികന്റെ ഹംസ സന്ദേശം ശ്രദ്ധേയമായ അവതരണ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. കാളിദാസന്റെ മേഘസന്ദേശത്തെ അനുകരിച്ചെഴുതിയ കൃതിയില്‍ മേഘത്തിന്റെ സ്ഥാനത്ത് ഹംസമാണ് എന്ന് മാത്രം. ലങ്കയില്‍ നിന്ന് സീത രാമന് ഹംസം വഴി സന്ദേശമയക്കുന്നതാണ് ഹംസ സന്ദേശത്തിന്റെ കഥാബീജം. രാമകഥ രാജ്യത്തിനകത്തും പുറത്തും പല രീതിയില്‍ പ്രചാരത്തിലുണ്ട്. ബര്‍മ, ചൈന, ഇന്തോനേഷ്യ, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളിലെ സമൂഹങ്ങള്‍ ഇന്ത്യയിലേതുപോലെ തന്നെ പ്രാധാന്യം നല്‍കി ആധ്യാത്മികമായ തലം തിരിച്ചറിഞ്ഞ് തന്നെയാണ് രാമായണത്തെ സ്വീകരിച്ചിരിക്കുന്നത്.
1 comment:
let me say it again: these posts very valuable.
Post a Comment