Monday, July 19, 2010

പല നാട്ടില്‍ പല പുഴ പോലെ രാമായണം

ഓരോരോ കരച്ചിലുണ്ടോരോരോ

നുരിക്കുമ്പിള്‍ഓരോരോ ചിരുതയുണ്ടിരിപ്പൂ

ചിരി ചൂടിജനകന്മാരും കൂടെപ്പാടുന്നു

രാമന്മാരും ജകനീയമീ മഞ്‌ജു

മൈഥിലീ മഹാകാവ്യം(എം.ഗോവിന്ദന്‍)

വാല്‍മീകിരാമായണം പലനാട്ടില്‍ പലതാണ്‌. ഒരു പുഴ തന്നെ പലരൂപത്തിലും ഭാവത്തിലും പലയിടത്തെന്ന പോലെ രാമായണത്തിന്റെയും വൈവിധ്യം വിപുലമാണ്‌. അതുകൊണ്ടാണ്‌ പറയുന്നത്‌ പലനാട്ടില്‍ പല ആറുകള്‍ പോലെയാണ്‌ രാമായണം എന്ന്‌. ഇന്ത്യയിലും രാജ്യത്തിന്‌ പുറത്തും രാമായണം പലതാണ്‌.


പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട്‌ വൈകാരികവും പ്രകൃതിപരവുമായി മാറ്റങ്ങള്‍ വരുത്തി നിരവധി അറിയപ്പെടാത്തതും അറിയപ്പെടുന്നവരുമായ കവികള്‍ രാമായണത്തിന്‌ വ്യാഖ്യാനങ്ങള്‍ രചിച്ചു. അതു കൊണ്ട്‌ തന്നെ ദേശ- സാമൂഹിക-ഭാഷാ വ്യത്യാസമനുസരിച്ച്‌ രാമായണത്തിന്‌ വകഭേദങ്ങളുമുണ്ടായി. രാമായണത്തിന്റെ വൈവിധ്യത്തെ കുറിച്ച്‌ ആദ്യം പഠനം നടത്തിയത്‌ ഭാരതീയരല്ല എന്നതാണ്‌ ഏറ്റവും രസകരം.

ബെല്‍ജിയംകാരനായ ഫാദര്‍ കാമില്‍ ബുല്‍ക്കെയുടെ ഗവേഷണമാണ്‌ കൃത്യമായ രാമായണ ലവൈവിധ്യങ്ങളിലേക്ക്‌ ആദ്യമായി ശ്രദ്ധയെത്തിച്ചത്‌. തന്റെ ഗവേഷണ ഫലമായി ഫാദര്‍ കമില്‍ ബുല്‍ക്കെ 64 രാമായണങ്ങള്‍ കണ്ടെത്തി. അറുപത്തി നാല്‌ രാമായണങ്ങളിലും അറുപത്തിനാല്‌ കഥകള്‍. കഥാപാത്രങ്ങളുടെ സ്ഥാനവും പേരും ഒന്നാണെങ്കിലും സ്വഭാവരീതികളിലും മറ്റ്‌ ഇടപെടലുകളിലും വലിയ വ്യതിയാനങ്ങള്‍.

തന്റെ പഠനം ഫാദര്‍ കാമില്‍ ബുല്‍ക്കെയെ രാമായണത്തിന്റെ അതിശയിപ്പിക്കുന്ന ലോകത്തിലേക്കാണ്‌ എത്തിച്ചത്‌. ഒരിടത്ത്‌ രാമന്‍ നായകന്‍, മറ്റൊരിടത്ത്‌ രാവണന്‍ വീരപുത്രന്‍... അങ്ങനെയെന്തൊക്കെ കാതലമായ വ്യത്യാസങ്ങള്‍. മാനുഷികതയിലും ധാര്‍മികതയിലും വ്യത്യസ്‌തരായ കഥാപാത്രങ്ങള്‍. ഇത്തരമൊരു വകഭേദമാണ്‌ അധ്യാത്മരാമായണം.

വാല്‍മീകി രാമായണത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ അധ്യാത്മരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമെന്ന നിലയിലാണ്‌ മലയാളത്തില്‍ അധ്യാത്മരാമായണം എഴുതുന്നത്‌. കാലങ്ങളായി കര്‍ക്കടകമാസം ഒന്നാം തീയതി മുതല്‍ ദുരിതരക്ഷയ്‌ക്കുള്ള പ്രാര്‍ത്ഥനയെന്നോണം അധ്യാത്മരാമായണപാരായണം മലയാളികളുടെ ശീലമായണ്‌. ഓരോ വീടുകളും അധ്യാത്മരാമായണത്തിന്റെ ആധ്യാത്മികലോകത്ത്‌ പ്രാര്‍ത്ഥനാ നിരതരാകുകയാണ്‌.

No comments:

Related Posts with Thumbnails