Wednesday, August 4, 2010

അവതാരങ്ങള്‍ ഒഴുകിയിറങ്ങുന്ന യുഗസന്ധ്യകള്‍...

അവതാര മഹിമകള്‍ വാഴ്‌ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌ ഈ അവതാരങ്ങള്‍ പിറന്ന കാലം. അവതാരങ്ങള്‍ ഓരോ യുഗത്തിന്റെ രക്ഷകരാണ്‌. ഓരോ അവതാരങ്ങള്‍ക്കും അവരുടെ കാലഘട്ടമായി ഓരോ യുഗമുണ്ട്‌. . പൗരാണിക ഭാരതീയ വിശ്വാസമനുസരിച്ച്‌ കാലനിര്‍ണയം യുഗങ്ങളെ അടിസ്ഥാനമാക്കിയാണ്‌.


കൃതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം എന്നിവയാണവ. ഇവയില്‍ ത്രേതായുഗമാണ്‌ ശ്രീരാമന്റെ കാലമായി രാമായണം വാഴ്‌ത്തുന്നത്‌. ഓരോ യുഗം കഴിയുന്തോറും അധര്‍മം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാന്‍ അവതാരങ്ങള്‍ പിറവിയെടുക്കും എന്നുമാണല്ലോ വിശ്വാസം. അങ്ങനെ ത്രേതായുഗത്തില്‍ ഉണ്ടായ അവതാരമാണ്‌ രാമന്‍. ആദ്യയുഗമായ കൃതയുഗത്തില്‍ മനുഷ്യരെല്ലാം സമ്പൂര്‍ണമായി ധാര്‍മികരായിരിക്കും. പിന്നീട്‌ ഓരോ യുഗം കഴിയുന്തോറും ധാര്‍മികത കുറഞ്ഞുവരും.



ഓരോ യുഗത്തിലും ധാര്‍മികത പുനസ്ഥാപിക്കന്നതിന്‌ വിഷ്‌ണുവിന്റെ അവതാരങ്ങള്‍ ജന്മമെടുക്കും. (ധര്‍മസംസ്ഥാപനാര്‍ത്ഥായാം സംഭവാമി യുഗേയുഗേ) അങ്ങനെ ത്രേതായുഗത്തില്‍ രാമന്‍ പിറവിടെയുത്തു. 3,000 ദേവവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ത്രേതായുഗം. ത്രേതായുഗത്തിന്റെ അവസാനമാണ്‌ ശ്രീരാമന്റെ കാലം. ഇത്‌ ബി.സി 8,67,100ലാണെന്ന്‌ കണക്കാക്കുന്നു. പാശ്ചാത്യര്‍ക്ക്‌ കൃസ്‌തുവര്‍ഷം പോലെ ആദ്യകാലത്ത്‌ കലിവര്‍ഷമാണ്‌ പൗരസ്‌ത്യരുടെ വര്‍ഷക്കണക്ക്‌ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക സംജ്ഞ. കലിവര്‍ഷത്തിന്റെ 3102-ലാണ്‌ കൃസ്‌തുവര്‍ഷം ആരംഭിക്കുന്നത്‌.



360 മനുഷ്യവര്‍ഷമാണ്‌ ഒരു ദിവ്യവല്‍സരം 12,00 ദിവ്യവല്‍സരം ഒരു ചതുര്‍യുഗം, 994 ചതുര്‍യുഗമാണ്‌ ബ്രഹ്മാവിന്റെ ഒരു ദിവസമായി കണക്കാക്കുന്നത്‌. ബ്രഹ്മാവിന്റെ ഒരു പകല്‍ അവസാനിക്കുമ്പോള്‍ പ്രപഞ്ചം പ്രളയത്തില്‍ അവസാനിച്ച്‌ വീണ്ടും തുടങ്ങും എന്നാണ്‌ കരുതുന്നത്‌. സാങ്കേതിക സൗകര്യങ്ങളൊക്കെ എത്രയോ പിന്നോക്കം ആയിരുന്ന കാലഘട്ടത്തില്‍ ഇത്രയും സങ്കീര്‍ണമായ കണക്കുകളാണ്‌ പൗരാണികര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ എന്നത്‌ ആധുനികരെ പോലും അതിശയിപ്പിച്ചിട്ടുണ്ട്‌.

Tuesday, August 3, 2010

ദശാവതാരം പിറന്ന വഴികള്‍; ശ്രീരാമനും കമലാഹാസനും

ലോകത്ത്‌ അധര്‍മം നടമാടുമ്പോള്‍ ദൈവം അവതരിക്കും എന്നതാണ്‌ ഹൈന്ദവവിശ്വാസം. മറ്റ്‌ മിക്ക മതങ്ങളും സംസ്‌കാരങ്ങളും അത്തരത്തിലുള്ള ചില വിശ്വാസങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌. ഹിന്ദുമിത്തോളജി പ്രകാരം ത്രിമൂര്‍ത്തികളാണ്‌ ലോകത്തെ നയിക്കുന്നത്‌. ബ്രഹ്മാവ്‌, വിഷ്‌ണു, ശിവന്‍ എന്നീ ദൈവങ്ങളാണ്‌ അത്‌. അവര്‍ക്ക്‌ മൂന്ന്‌ പേര്‍ക്കും ഓരോ ധര്‍മങ്ങളുമുണ്ട്‌.


സൃഷ്‌ടി,സ്ഥിതി, സംഹാരം എന്നിവയാണ്‌ അവ. ബ്രഹ്മാവ്‌ സ്രഷ്‌ടാവും വിഷ്‌ണു സ്ഥിതിയും ശിവന്‍ സംഹാരവും പ്രതിനിധീകരിക്കുന്നു എന്ന വാദമാണ്‌ പ്രധാനമായുള്ളത്‌. അവരില്‍ വിഷ്‌ണുവിന്റെ അവതാരമാണ്‌ രാമായണത്തിലെ രാമന്‍. വിഷ്‌ണുലോകത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പല തരത്തില്‍ അവതരിക്കാറുണ്ട്‌. അത്തരത്തില്‍ പത്ത്‌ അവതാരങ്ങളുണ്ടെന്നാണ്‌ വിശ്വസിക്കുന്നത്‌. ദശാവതാരം എന്ന്‌ അത്‌ അറിയപ്പെടുന്നു. 26 അവതാരങ്ങള്‍ എന്നാണ്‌ കണക്ക്‌.





എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത്‌ അവതാരങ്ങളെ ദശാവതരം എന്ന സംജ്ഞയില്‍ ഒതുക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. മല്‍സ്യത്തില്‍ തുടങ്ങി കല്‍ക്കിയില്‍ അവസാനിക്കുന്ന അവതാരങ്ങളുടെ വിപുലമായ ഒരു കഥാശേഖരമാണ്‌ ഹിന്ദുമിത്തോളജി.
ത്രിമൂര്‍ത്തികളില്‍ വിഷ്‌ണുവാണ്‌ അവതാരങ്ങളിലൂടെ ലോകം പരിപാലിക്കുന്നത്‌. അവതാരങ്ങള്‍ക്കോരോന്നിനും ഓരോ ധര്‍മങ്ങളാണ്‌ ഉള്ളത്‌. മല്‍സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, ശ്രീകൃഷ്‌ണന്‍, കല്‍ക്കി എന്നിവയാണ്‌ പത്ത്‌ അവതാരങ്ങള്‍.




ഇതുകൂടാതെ സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍, നാരദന്‍, നരനാരായണന്മാര്‍, കപിലന്‍, ദത്താത്രേയന്‍, യജ്ഞന്‍, ഋഷഭന്‍, പൃഥു, മോഹിനി, ഗരുഢന്‍, ധന്വന്തരി, വ്യാസന്‍, ബുദ്ധന്‍ എന്നിവയും വിഷ്‌ണുവിന്റെ അവതാരങ്ങള്‍ എന്ന നിലയില്‍ വിഖ്യാതമാണ്‌.
എല്ലാ അവതാരങ്ങളും അവതാര ധര്‍മം നിര്‍വഹിച്ചതിന്‌ ശേഷം തിരോധാനം ചെയ്യുകയാണ്‌ പതിവ്‌. രാമായണത്തിലെ രാമന്‍ രാവണനിഗ്രഹശേഷം സരയൂ നദിയില്‍ തിരോധാനം ചെയ്യുകയാണ്‌.





കേവലം അതാര ലക്ഷ്യങ്ങളേ കുറിച്ചുള്ള വിവരണങ്ങളേക്കാള്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണതകള്‍ പരിശോധിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നിടത്താണ്‌ രാമായാണത്തിന്റെ പ്രസക്തി.
കമലാഹാസന്‍ ദശാവതാരം എന്ന സിനിമയൊരുക്കിയതിന്റെ അടിസ്ഥാനം പത്ത്‌ കാഴചപ്പാടുകളാണ്‌. അതിലെ പത്ത്‌ കഥാപാത്രങ്ങളും ഒരു അര്‍ത്തത്തിലല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ലോകത്തിന്‌ നന്മ ചെയ്യാന്‍ പിറന്നവരാണ്‌. ആ അര്‍ത്ഥത്തിലുള്ള കാഴ്‌ചപ്പാട്‌ വച്ച്‌ പുലര്‍ത്തുന്ന നിരവധി കലാസൃഷ്‌ടികള്‍ ലോകത്തുണ്ടായിട്ടുണ്ട്‌.


Related Posts with Thumbnails