Saturday, July 31, 2010

ഹനുവില്‍ മുറിവേറ്റവന്‍

രാമായണത്തിലെ മനുഷ്യേതര കഥാപാത്രങ്ങളില്‍ ആസ്വാദകന്റെ ഇഷ്‌ടവും ആരാധനയും ഒരുപോലെ പിടിച്ചുപറ്റിയ ആളാണ്‌ ഹനുമാന്‍. ഭക്തനു ശക്തനും മാതൃകയായി വിളങ്ങുന്ന ഹനുമാന്‍ തരണം ചെയ്‌ത പ്രതിസന്ധികളും എതിര്‍പ്പുകളും ഏറെയാണ്‌.ലോകത്തിലെ ഏറ്റവും ശക്തിമാനാണെന്ന്‌ വാഴ്‌ത്തപ്പെട്ടവന്‍. ഹനുമാന്റെ പേരില്‍ രാമായണത്തില്‍ ഒരുകാണ്ഡം തന്നെയുണ്ട്‌, സുന്ദരകാണ്ഡം.

കരുത്തിന്റെയും വിനയത്തിന്റെയും അവതാരരൂപമായ ഹനുമാന്‌ രാമന്റെ ജീവിതത്തിലും വിജയത്തിലും നിര്‍ണായക സ്ഥാനമാണുള്ളത്‌. പലപ്പോഴും രാമലക്ഷ്‌മണന്‍മാരുടെ രക്ഷകനായി തന്നെ ഹനുമാന്‍ മാറുന്ന സംഭവങ്ങള്‍ രാമായണത്തിലുണ്ട്‌. ഹനുമാന്റെ ജീവിതം സംഭവബഹുലവും അല്‍ഭുതകരവുമാണ്‌.


ശിവന്‍, വായു, കേസരി, വാനരം എന്നിവരിലാണ്‌ വിവിധയിടങ്ങളില്‍ ഹനുമാന്റെ പിതൃത്വം ആരോപിക്കപ്പെട്ടിട്ടുള്ളത്‌. കേസരി പത്‌നിയായ അഞ്‌ജന എന്ന വാനരസ്‌ത്രീയാണ്‌ ഹനുമാനെ പ്രസവിച്ചത്‌. പൂര്‍വ്വജന്മത്തില്‍ ബൃഹസ്‌ദപതിയുടെ ദാസിയായ പുഞ്‌ജികല എന്നു പേരുള്ള അപ്‌സരസ്സായിരുന്നു, അഞ്‌ജന. ഒരിക്കല്‍ കാമവിവശയായി ബൃഹസ്‌പദിയെ പുണര്‍ന്ന പുഞ്‌ജികസ്ഥലയെ മുനി ശപിച്ചു കുരങ്ങാക്കി. ശിവാംശമുള്ള ഒരു പുത്രന്‌ ജന്മം നല്‍കുമ്പോള്‍ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. അങ്ങനെ അഞ്‌ജന പെണ്‍കുരങ്ങായി. കേസരി എന്ന വാനര രാജാവിന്റെ പത്‌നിയായി.


ശിവപാര്‍വ്വതിമാര്‍ ഒരിക്കല്‍ വനത്തില്‍ കുരങ്ങുകളുടെ രൂപത്തില്‍ ക്രീഡയിലേര്‍പ്പെടവേ ദേവിക്ക്‌ വാനരഗര്‍ഭമുണ്ടായി. അത്‌ ശിവനും പാര്‍വ്വതിക്കും കുഴപ്പമായി. ആ ഗര്‍ഭത്തെ ശിവന്‍ വായുഭഗവാന്‌ കൊടുത്തു. വായു അത്‌ അഞ്‌ജനയില്‍ നിക്ഷേപിച്ചു. അങ്ങനെയിരിക്കെ അഞ്‌ജന ഗര്‍ഭിണിയാണെന്നത്‌ വാനരലോകം അറിഞ്ഞു. അഞ്‌ജനയുടെ ഗര്‍ഭം വലിയ ചര്‍ച്ചയായി.


അതിശക്തനായ ഒരാള്‍ ജനിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വാനരരാജ്യത്ത്‌ പരന്നു. ശിവാംശമുള്ള പിറക്കാന്‍ പോകുന്നവന്‍ തനിക്ക്‌ പ്രശ്‌നമാകുമെന്ന്‌ കരുതിയ വാനരരാജാവ്‌ ബാലി പഞ്ചലോഹമുരുക്കി അഞ്‌ജനാ ഗര്‍ഭത്തിലൊഴിച്ചു. എന്നാല്‍ തടസ്സങ്ങളൊന്നുമില്ലാതെ അഞ്‌ജന ഹനുമാനെ പ്രസവിച്ചു. അഞ്‌ജനയ്‌ക്ക്‌ ശാപമോക്ഷവും ലഭിച്ചു. ജനിച്ചുവീണപ്പോള്‍ ബാലി ഉരുക്കിയൊഴിച്ച പഞ്ചലോഹം ഹനുമാന്റെ കണ്‌ഠത്തില്‍ ആഭരണമായുണ്ടായിരുന്നു. തുടര്‍ന്ന്‌ സൂര്യനില്‍ നിന്ന്‌ വേദശാസ്‌ത്രങ്ങള്‍ പഠിച്ചു.


ഗുരുദക്ഷിണയായി സൂര്യപുത്രനായ സുഗ്രീവനെ സഹായിക്കാമെന്ന്‌ വാദ്‌ഗാനം നല്‍കി. അങ്ങനെ സുഗ്രീവന്റെ മന്ത്രിയായി. ഹനുമാന്‌ ആ പേര്‌ വരാന്‍ കാരണമായ ഒരുകഥയുണ്ട്‌. ഒരിക്കല്‍ കുട്ടിയായിരിക്കുമ്പോള്‍ സൂര്യനെ കണ്ട്‌ പഴമാണെന്ന്‌ കരുതി പിടിക്കാന്‍ പോയി. അവിടെ ഐരാവതത്തെ കണ്ട്‌ അതിനെ ഭക്ഷിക്കാനടുത്തു. എന്നാല്‍ അത്‌ കണ്ട ഇന്ദ്രന്‍ വജ്രായുധം എടുത്തുപ്രയോഗിച്ചു. അങ്ങനെ വാനരന്റെ താടിക്ക്‌ മുറിവേറ്റു. ഹനുവില്‍(താടിയില്‍)മുറിവേറ്റതിനാല്‍ വാനരന്‍ ഹനുമാന്‍ എന്ന്‌ അറിയപ്പെട്ടു.


എന്നാല്‍ നിയോഗം അതൊന്നുമായിരുന്നില്ലല്ലോ. സീതയുടെ രക്ഷയായിരുന്നു. കാലങ്ങള്‍ക്ക്‌ ശേഷം രാമവിധേയനായി രാവണനോട്‌ ഏറ്റുമുട്ടാന്‍ എല്ലാസഹായവും രാമന്‌ നല്‍കി ലോകത്തിലെ എക്കാലത്തെയും ശക്തനും ഭക്തനും മാതൃകയായി ഹനുമാന്‍ വിളങ്ങി.

2 comments:

രവി said...

..
പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്, കുറേ കാലമായി കമന്റാന്‍ എന്റെ നെറ്റ് സമ്മതിക്കുന്നില്ല :(

ഈ എഴുത്ത് പുര നല്ലൊരു പുര തന്നെ..
ആശംസകള്‍ എല്ലാ പോസ്റ്റിനും ഈവിടെ തരുന്നു.

പിന്നെ ഒരു കഥയുണ്ടായിരുന്നല്ലൊ, സീതയും രാവണനെയും പറ്റി. രാവണന്റെ മകളാണ് സീതയെന്നോ മറ്റോ. അറിയുമെങ്കില്‍ ആ പോസ്റ്റ് ഒന്നിടാമോ?
..

shajiqatar said...

ഹനുമാന്‍ മഹാഭാരതത്തിലും ഉണ്ട് അല്ലെ?!! "മര്‍ക്കെടാ നീയൊന്നു മാരിക്കിടശേടാ" എന്നോ മറ്റോ, ഭീമനും ഹനുമാനും തമ്മില്‍ സദ്ധിക്കുന്ന ഒരു ഭാഗം,ഭീമന്‍ സൌകദ്ധിക പൂവ്‌ അന്വേഷിച്ചു പോകുന്ന നേരത്ത് വഴിയില്‍ കിടക്കുന്നതും ഭീമന്റെ അഹങ്കാരം മാറ്റുന്നതും, രണ്ടു പേരും സഹോദരന്മാര്‍,വായു പുത്രന്മാര്‍ അല്ലെ?

Related Posts with Thumbnails