Sunday, December 27, 2009

കല്‍പനയുടെ രഹസ്യങ്ങള്‍...

ഈ സൂര്യന്‍ ഇങ്ങനെ എപ്പോഴും എവിടെയാണമ്മാമാ ഓടുന്നത്‌? ഒരു ദിവസം മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യത്തിന്‌ മുന്നില്‍ പകച്ചുനിന്നുപോയി.

അത്‌ നമ്മുടെ തേജസ്വിനി പുഴയുടെ അങ്ങ്‌ അക്കരെ അറബിക്കടലിന്റെ അരികിലൂടെ ഭൂമിയെ ചുറ്റുകയാണ്‌ മോനേ എന്ന എന്നെ സംബന്ധിച്ച്‌ ലളിതമായ ഇത്തരം പക്ഷേ അവന്‌ സങ്കീര്‍ണമായ പുതിയ സമസ്യകളാണ്‌ നല്‍കിയത്‌. ഭൂമിയെ സൂര്യന്‍ ചുറ്റുന്നതെന്തിന്‌.? സൂര്യന്‍ കടലില്‍ വീഴില്ലേ... തുടങ്ങിയ നിരവധി ഉപചോദ്യങ്ങളെ തരണം ചെയ്യാന്‍ ഞാന്‍ അവനെയും കൂട്ടി തോണിയില്‍ കയറി പുഴ യാത്ര നടത്തി രക്ഷപ്പെട്ടു. പിന്നീടും പലപ്പോഴും അങ്ങനെ പല ചോദ്യങ്ങള്‍ അവന്‍ ചോദിക്കാറുണ്ട്‌. ചലചിത്ര നടി കല്‍പനയുടെ ആത്മകഥ രണ്ടാമതൊരിക്കല്‍ കൂടി വായിച്ചപ്പോള്‍ എന്തുകൊണ്ടോ ജ്യോതിയുടെ ചോദ്യങ്ങള്‍ മനസ്സിലോടിയെത്തി.

ഞാന്‍ കല്‍പന എന്ന ഓര്‍മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ നാം അറിവിന്റെ ലളിതവഴികളിലൂടെ യാത്ര ചെയ്യും. പ്രേക്ഷകന്റെ മുന്നില്‍ ഒരു സാധാരണ കോമഡി ആര്‍ട്ടിസ്റ്റിന്‌ ഇത്രയും വലിയ ബൗദ്ധിക തലം ഉണ്ടാകുമോ? എന്ന തോന്നല്‍ സ്വാഭാവികമാണ്‌.

"എന്നെ ആദ്യമങ്ങ്‌ പ്രസവിച്ചൂടായിരുന്നോ ഈ അമ്മയ്‌ക്ക്‌? അല്ലെങ്കില്‍ ഒടുക്കത്തെ പേറായിട്ട്‌ അങ്ങ്‌ താഴെയിട്ടൂടായിരുന്നോ? ഇതൊന്നുമല്ലാത്ത പരുവത്തില്‍ രണ്ടാമതായി എന്തിന്‌ സൃഷ്‌ടിച്ചു? ആരും രണ്ടാമതായി ജനിക്കല്ലേ... മൂത്തതുകള്‍, അല്ലെങ്കില്‍ ഇളയതുകള്‍ അല്ലാതെ രണ്ടാമതുകള്‍ വേണ്ടേ, വേണ്ട..."

കല്‍പനയുടെ ആത്മകഥ ജീവിതത്തിന്റെ കളങ്കമില്ലാത്ത ഇതളുകളാണ്‌. വായനക്കാരന്‌ എം.ടിയുടെ രണ്ടാമൂഴമൊക്കെ ഓര്‍മവരുമ്പോള്‍ നിഷ്‌കളങ്കമായി ചെറുപ്പകാലത്ത്‌ വീട്ടില്‍ പരിഗണനകിട്ടാതെ കഴിഞ്ഞ കുട്ടിയുടെ നിഷ്‌കളങ്കമായ ധര്‍മസങ്കടങ്ങള്‍ കല്‍പന ആവിഷ്‌കരിക്കുന്നു.

കലാകാരിയുടെ വ്യക്തി ജീവിതം പൂര്‍ണമായും സ്വകാര്യമല്ല. സമൂഹത്തിന്‌ മുന്നില്‍ ജീവിക്കുന്ന എന്നതിനാല്‍ തന്നെ അവരുടെ ജീവിത അനുഭവങ്ങളും കാഴ്‌ചപ്പാടുകളും പൊതുജന താല്‍പര്യമുള്ളതാകുന്നു. വ്യത്യസ്‌തമായ നിരവധി കാഴ്‌ചപ്പാടുകളും ജീവിതാനുഭവങ്ങളും അവതരിപ്പിക്കന്നു എന്നിടത്താണ്‌ ചലചിത്രനടി കല്‍പനയുടെ ആത്മകഥ ഒരു ജീനിയസ്സിന്റെ ബുദ്ധി പ്രകടമാക്കുന്നത്‌.

ഓര്‍മ വച്ച നാള്‍ മുതലുള്ള നല്ലതും ചീത്തയായതുമായ അനുഭവങ്ങള്‍ കല്‍പന പങ്കുവയ്‌ക്കുന്നുണ്ട്‌. ഓരോ അനുഭവവും ഓരോ പാഠങ്ങളാണ്‌ തനിക്ക്‌ സമ്മാനിച്ചതെന്ന്‌ അവര്‍ തിരിച്ചറിയുന്നു. അച്ഛനും അമ്മയും മൂന്ന്‌ പെണ്‍മക്കളും അടങ്ങിയതയാണ്‌ കുടുംബം. രണ്ടാമത്തെ മകളാണ്‌ കല്‍പന. കലാരഞ്‌ജിനിയാണ്‌ മൂത്തമകള്‍. ഉര്‍വ്വശി അനുജത്തിയും. കമല്‍റോയ്‌, കബീര്‍ പ്രിന്‍സ്‌ എന്നീ രണ്ട്‌ അനുജന്മാരും നാടക നടനായ അച്ഛന്‍ വി.പി.നായരുടെയും നര്‍ത്തകിയായ അമ്മ വിജയലക്ഷ്‌മി നായരുടെയും കലാപാരമ്പര്യം മക്കളും കാത്തൂസൂക്ഷിച്ചു. കലാരഞ്‌ജിനിയും കല്‍പനയും ഉര്‍വശിയും അറിയപ്പെടുന്ന അഭിനേതാക്കളായി. തന്റെ ചെറുപ്രായത്തിലേ കുഞ്ഞനുഭവങ്ങളെ ആഴത്തിലുള്ള കാഴ്‌ചപ്പാടോടുകൂടിയാണ്‌ കല്‍പന അവതരിപ്പിക്കുന്നത്‌. മൂത്ത മകളുടെ പരിഗണന കലമോള്‍ക്കും ഇളയതിന്റെ പരിഗണന പൊടിമോള്‍ക്കും ലഭിക്കുമ്പോള്‍ കല്‍പനയുടെ കഷ്‌ടപ്പാട്‌ ആരും കണ്ടില്ല. സ്‌കൂളിലേക്കുള്ള പുസ്‌തകവും ഉടുപ്പും ഒന്നും സ്വന്തമായി ഇല്ലാതിരുന്ന കല്‍പന ഒരുകുട്ടിയുടെ വേവലാതികള്‍ പങ്കുവയ്‌ക്കുന്നു. സ്‌കൂളിലെ കൃസൃതികളും സ്‌കൂള്‍ യാത്രകളിലെ രസകരമായ സംഭവങ്ങളും കല്‍പന ഒരു കൊച്ചുചട്ടമ്പിയുടെ ഭാവത്തോടെ അവതരിപ്പിക്കുന്നുണ്ട്‌. പിന്നീട്‌ കുട്ടിയായിരിക്കുമ്പോഴേ സിനിമയിലെത്തി. ചില മലയാള സിനിമയില്‍ അഭിനയിച്ചതിന്‌ ശേഷം തമിഴ്‌ സിനിമയിലേക്ക്‌ കടന്ന കല്‍പന അവിടെ ദു:ഖപുത്രിയുടെ പരിവേഷത്തോടെയാണ്‌ പ്രശസ്‌തയായത്‌.
ചിന്നവീട്‌, തലയാട്ടി ബൊമ്മകള്‍, തിരുമതി ഒരുബഹുമതി തുടങ്ങിയ ചിത്രങ്ങളിലൂടെ കല്‍പന അവിടെ ടൈപ്പ്‌ചെയ്യപ്പെട്ടു. പിന്നേയും കൂറേ കഴിഞ്ഞ്‌ മലയാള സിനിമയില്‍ സജീവമായ കല്‍പന തന്റെ ഐഡന്റിറ്റി തിരിച്ചറിയുകയായിരുന്നു. ചില ചിത്രങ്ങളിലെ നര്‍മഭാവം കലര്‍ന്ന വേഷങ്ങളിലൂടെ കല്‍പന മലയാളികള്‍ക്ക്‌ പ്രിയപ്പെട്ട നടിയായി.

സ്ഥിരമായ ദു:ഖഭാവം പേറി നടക്കുന്നതിന്റെ അനൗചിത്യത്തെ കുറിച്ച്‌ നല്ലബോധ്യമുണ്ട്‌ ഈ നടിക്ക്‌. ഉള്ളില്‍ എന്തുമാത്രം നോവുകള്‍ കിടന്നാലും അതിനെയെല്ലാം നര്‍മം കൊണ്ട്‌ പൊതിയാന്‍ കല്‍പനയ്‌ക്ക്‌ കഴിയുന്നു.
അവനെ എല്ലാവരും ലാളിച്ചു. അവനെ കുറിച്ച്‌ സ്വപ്‌നങ്ങള്‍ നെയ്‌തു. അവയെല്ലാം സ്വപ്‌നങ്ങളായി തന്നെ ഇന്നും ഞങ്ങളുടെ ഓര്‍മയില്‍ തങ്ങുന്നു. -മരിച്ചുപോയ സഹോദരനെക്കുറിച്ചുള്ള ഓര്‍മകള്‍ കരളലിയിക്കുന്നതാണ്‌.
ചെറുപ്പകാലത്ത്‌ ബീഡി തെറുത്ത്‌ വലിച്ചതിന്റെ രസകരമായ അവതരണം ഒരിടത്തുണ്ട്‌. കടലാസ്‌ കൊണ്ട്‌ സിഗരറ്റുണ്ടാക്കി കൊച്ചുമോന്റെ വായില്‍ വച്ച്‌ കൊടുത്തതും അവന്‍ നിര്‍ത്താതെ ചുമച്ചതും അങ്ങനെ കള്ളി വെളിച്ചത്തായതും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്‌.

കല്‍പനയുടെ കാഴ്‌ചപ്പാടുകള്‍ കൃത്യമായി വെളിച്ചത്തുവരുന്നത്‌ അവര്‍ പുരാണകഥാപാത്രങ്ങളെ കാണുന്ന രീതികളിലാണ്‌. നിര്‍ണായകമായ ഘട്ടത്തില്‍ കര്‍ണനെ രക്ഷിച്ച ദുര്യോധനനാണ്‌ കല്‍പനയുടെ ഹീറോ. ദുര്യോധനനെ ഇഷ്‌ടപ്പെട്ടതിന്‌ വീട്ടില്‍ നിന്ന്‌ തല്ലുകിട്ടിയ കല്‍പന എന്ന കുട്ടിയുടെ വിമര്‍ശന ബുദ്ധി രാമായണ മഹാഭാരത കഥാപാത്രങ്ങളെ മുഴുവന്‍ പരിധോനയക്ക്‌ വിധേയമാക്കുന്നുണ്ട്‌. അന്ധനെ വേളി കഴിക്കേണ്ടി വന്ന ഗാന്ധാരി. കല്യാണത്തിന്റെ അന്ന്‌ തന്നെ കുരുടന്‍ ഹസ്‌ബന്റിനെ കാണേണ്ട എന്ന്‌ തീരുമാനിച്ച്‌ കണ്ണ്‌ ഹാഫ്‌ സാരികൊണ്ട്‌ മൂടിക്കെട്ടിയെന്ന്‌ കല്‍പനയുടെ പുനര്‍വ്യാഖ്യാനം. യുധിഷ്‌ഠിരന്‍ പാഞ്ചാലിയെ പാണ്‌ഡവരുടെ ഭാര്യയാക്കിയതുപോലെ ദുര്യോധനന്‌ തോന്നാതിരുന്നത്‌ മഹാഭാഗ്യമായെന്ന്‌ കല്‍പന. നൂറ്‌ പേരുടെ ഭാര്യയാകുന്നത്‌ ലോകത്തിലെ ഏറ്റവും വലിയ പീഡനമായേക്കുമെന്ന ഭീതി. ഭീഷ്‌മരും കൃഷ്‌ണും സീതയും താരയും മണ്‌ഡോദരിയുമൊക്കെ കല്‍പനയുടെ ചിന്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. രാമായണത്തിലെ ദു:ഖിതയായ ഊര്‍മിളയെ അധികം ബഹുമാനത്തോടുകൂടി കല്‌പന നോക്കിക്കാണുന്നു. അനിലുമായുള്ള വിവാഹബന്ധത്തിന്റെ കഥ രസകരമായി അവതരിപ്പിക്കുന്നു. അനിലിനെ ഇഷ്‌ടപ്പെടാനുള്ള കാരണത്തെക്കുറിച്ച്‌ കല്‍പന ഇങ്ങനെ വിശദീകരിക്കുന്നു. ഡയരക്‌ടര്‍ അനിലിനെ ഞാന്‍ ഇഷ്‌ടപ്പെട്ടു. കാരണം കല്യാണം കഴിഞ്ഞാല്‍ എനിക്ക്‌ ഇഷ്‌ടം പോലെ സംസാരിക്കാം. പുള്ളിക്ക്‌ അധികം സംസാരിക്കാനുണ്ടാകില്ല. ശ്രോതാവായി ഇരുന്നോളും എന്ന്‌ ഞാന്‍ തെറ്റിദ്ധരിച്ചു. കല്‍പന ജീവിതം പറയുകയാണ്‌. കുറേ കാര്യങ്ങളിലൂടെ.....

"എന്റെ പപ്പനാവനാണേ, ചെട്ടിക്കുളങ്ങര ദേവിയാണേ പൊന്നുമാടനാണേ സത്യം ആരേയും വിഷമിപ്പിക്കാനല്ല ഞാനെഴുതിയത്‌...."

അതെ ജ്യോതി പറഞ്ഞതാണ്‌ സത്യം. ഇതെല്ലാം കേള്‍ക്കുമ്പോ പ്രാന്ത്‌ വരുന്നു അമ്മാമാ. ശരിയാണ്‌ ജീവിതത്തിന്റെ, പ്രകൃതിയുടെ നൂലാമാലകള്‍ സങ്കീര്‍ണതകള്‍, എല്ലാം ആലോചിച്ചാല്‍ ഒരര്‍ത്ഥത്തില്‍ ഭ്രാന്ത്‌ വരും. ലളിതമായ ആലോചനകളിലൂടെ അവയ്‌ക്കെല്ലാം ഉത്തരം തേടുന്ന നിഷ്‌കളങ്കമായ ചിരിയാണ്‌ കല്‍പനയുടേത്‌.

Sunday, December 20, 2009

വിമര്‍ശനത്തെ അഗാധമാക്കിയ ഗുരു

`ഇന്നത്തെ ഏറ്റവും വലിയ ദാര്‍ശനിക പ്രശ്‌നം വാക്ക്‌' ആണ്‌ എന്ന യൂജിന്‍ ജൊലാസിന്റെ വാചകങ്ങള്‍ മുഖവാചകങ്ങളാക്കി ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കൃതിയിലൂടെ വിക്ഷുബ്‌ധമായ വിമര്‍ശന വഴി വെട്ടിത്തുറന്ന `സുവിശേഷക'നാണ്‌ കെ.പി അപ്പന്‍. കെ.പി.അപ്പന്‍ അന്തരിച്ചിട്ട്‌ ഡിസംബര്‍ 15ന്‌ ഒരു വര്‍ഷമായി.

ഹൃദയത്തില്‍ ആശയത്തിന്റെയും കാഴ്‌ചപ്പാടിന്റെയും കനലുകള്‍ കോരിയിട്ട എഴുത്തുകാരനായിരുന്നു അപ്പന്‍. കൗമാരത്തില്‍ വായനശാലകള്‍ കയറിയിറങ്ങുമ്പോഴും സൗഹൃദസംഭാഷണങ്ങള്‍ മൂര്‍ച്ഛിച്ച്‌ ലോകസാഹിത്യത്തിലേക്കും പാവപ്പെട്ട മലയാളത്തിലേക്കും എത്തുമ്പോഴും കടലിനെയും ആത്മഹത്യയെയും കുറിച്ച്‌ ചിന്തിക്കുമ്പോഴും എം.ടിയെയും ആനന്ദിനെയും വായിക്കുമ്പോഴും സുകുമാര്‍ അഴീക്കോടിനോട്‌ വിയോജിക്കുമ്പോഴും ഒക്കെ അപ്പന്‍ വല്ലാത്തൊരു തുണയായിരുന്നു.

ദൈവാംശം കലര്‍ന്ന വിശുദ്ധമായ വാക്കുകളിലൂടെ അപ്പന്റെ തൂലിക സഹൃദയനെ തേടിയെത്തി. പുസ്‌തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട്‌ നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക്‌ കര്‍ക്കശമായ നിഷ്‌ഠകളുമായി കെ.പി അപ്പന്‍ കടന്നുവരുമ്പോള്‍ നെറ്റി ചുളിച്ചവര്‍ പിന്നീട്‌ അപ്പന്റെ വാക്കുകള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ വ്യാമുഗ്‌ദ്ധരാവുകയായിരുന്നു. പരിധിയില്ലാത്ത അപ്പന്റെ വിമര്‍ശന മേഖലയില്‍ ആത്മനിഷ്‌ടമായ കാഴ്‌ചകളാണ്‌ ആസ്വാദകന്‌ കാണാന്‍ കഴിയുക. അസ്‌തിത്വവാദ ചിന്തകളില്‍ അഗാധമായി ആണ്ടുപോയ കെ.പി.അപ്പനെ സ്വാഭാവികമായി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി പലരും ചിത്രീകരിച്ചിട്ടുണ്ട്‌. ഒരുപരിധിവരെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന കെ.പി അപ്പന്‍ ഒരിക്കലും വലതുപക്ഷ കാഴ്‌ചപ്പാടുകളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആധുനികതാ പ്രസ്ഥാനത്തിന്‌ ദാര്‍ശനികമായ അടിത്തറ നല്‍കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ച വിമര്‍ശകനാണ്‌ കെ.പി.അപ്പന്‍. വിമര്‍ശന സാഹിത്യത്തെ കവിത യും കഥയും നോവലും പോലെ വായനക്കാര്‍ക്ക്‌ സ്വതന്ത്രമായ ആസ്വാദനമേഖലയായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്‌ അദ്ദേഹം. ഒ.വി.വിജയന്‍, എം.മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയ ആധുനികതാ പ്രസ്ഥാനത്തിലെ എഴുത്തുകാര്‍ക്ക്‌ താത്വികമായ പിന്‍ബലവും പിന്തുണയും നല്‍കിയത്‌ കെ.പി.അപ്പനാണ്‌. എഴുപതുകളില്‍ ശക്തമായ ആധുനികതാ പ്രസ്ഥാനം അസ്‌തിത്വചിന്തകളുടെ പിന്‍ബലത്തില്‍ സജീവമായ നിരവധി കൃതികള്‍ രചിക്കുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. വെറും ഒരു പ്രസ്ഥാനം എന്നും ആളുകള്‍ക്ക്‌ മനസിലാകാത്ത സാഹിത്യമെന്നും നിരന്തരം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പ്രസ്ഥാനം എന്ന നിലയില്‍ സാഹിത്യത്തി ല്‍ ആധുനികതയുടെ ധര്‍മ്മം തിരിച്ചറിയുകയും എഴുത്തുകാര്‍ക്ക്‌ വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്‌ത വിശുദ്ധഗുരുവാണ്‌ അപ്പന്‍. ഭരണകൂടം, സ്ഥാപനവത്‌കരണം തുടങ്ങിയ പ്ര സ്ഥാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും അ തിനനുസരിച്ച കാഴ്‌ചപ്പാടുക ള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവയാണ്‌ അപ്പന്റെ കൃതികള്‍.

അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള കലാപം തന്നെയായിരുന്നു ക്ഷോഭിക്കുന്നവരുടെ സുവിശേഷം. ആത്മനിഷ്‌ടമായ വിമര്‍ശന ശൈലിയിലൂടെ ഏകാകിയായ ഈ എഴുത്തുകാരന്‍ തിരസ്‌കാരവും കലഹവും വിശ്വാസവും വരകളും വര്‍ണ്ണങ്ങളും എഴുതി. അതോടൊപ്പം തന്നെ വായനക്കാരും സൃഷ്‌ടിപരമായ പ്രതിഭയുള്ളവരാണെന്ന തിരിച്ചറിവ്‌ വെച്ചുപുലര്‍ത്തുകയും ചെയ്‌ തു. അതിന്റെ ഫലമാണ്‌ വിവേകശാലിയായ വായനക്കാരാ, പേനയുടെ സമരമുഖങ്ങള്‍ തുടങ്ങിയ കൃതികള്‍. വിമര്‍ശകന്റെ ധര്‍മ്മവും അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. പാണ്ഡിത്യത്തിന്റെ ഗര്‍വ്വില്‍ സങ്കുചിതമായ കാഴ്‌ചപ്പാടുകളെ മുറുകെപിടിക്കുന്ന കൂപമണ്ഡൂകങ്ങളെ അദ്ദേഹം ആക്രമിച്ചു. ആധുനികതയുടെ കാഴ്‌ചപ്പാടുകള്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ചരിത്രത്തെ കൃത്യമായ തിരിച്ചറിവോടെ സമീപിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക, ചരിത്രത്തെ അഗാധമാക്കിയ ഗുരു തുടങ്ങിയ കൃതികള്‍ ശ്രദ്ധേയമാണ്‌. ബൈബിളിന്റെ വിശുദ്ധമായ ഭാഷയില്‍ വിഷയങ്ങളെ അവതരിപ്പിക്കുന്ന തനതായ അദ്ദേഹത്തിന്റെ ശൈലി ആത്മീയതയുമായി ചേര്‍ന്ന്‌ നില്‍ക്കുന്നതാണ്‌. ബൈബിള്‍ വെളിച്ചത്തിന്റെ കവചവും മധുരം നിന്റെ ജീവിതവും ആത്മീയമായ ഔന്നത്യം ആസ്വാദകന്‌ പ്രദാനം ചെയ്യുന്നുണ്ട്‌.

വി.രാജകൃഷ്‌ണനും ആഷാമേനോനും ഒക്കെ സജീവമാകുന്നതിന്‌ മുന്നേ നവീന വിമര്‍ശനത്തിന്റെ വഴികാട്ടിയായി കെ.പി അപ്പന്‍ എന്ന ഗുരു രംഗത്തെത്തിയിരുന്നു. എം.ടിയും ടി.പത്മനാഭനും മാധവിക്കുട്ടിയും കാല്‍പ്പനികമായ ഒരു തിരിച്ചറിവായി അപ്പന്റെ വിമര്‍ശക ബോധത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. എം.പി നാരായണപിള്ളയുടെ ജോര്‍ജ്ജ്‌ ആറാമന്റെ കോടതിയെക്കുറിച്ച്‌ പറയുമ്പോഴും `അധരസിന്ദൂരം കൊണ്ട്‌ എഴുതിയ കഥയായ' ടി.പത്മനാഭന്റെ ഗൗരിയെക്കുറിച്ച്‌ പറയുമ്പോഴും ആനന്ദിന്റേയും ഒ.വി വിജയന്റേയും നിര്‍മ്മല്‍കുമാറിന്റേയും കഥകളെക്കുറിച്ച്‌ പറയുമ്പോഴും കെ.പി.അപ്പന്‍ വിമര്‍ശകന്റെ ആധിപത്യം കൃത്യമായി സ്ഥാപിച്ചെടുക്കുന്നുണ്ട്‌. ക്രിയാത്മകമായ വിമര്‍ശക പ്രതിഭ, ഏകാകിയായ കാല്‍പനികനേയും ശക്തനായ പോരാളിയേയും ക്ഷോഭിക്കുന്ന മനസിനേയും ആസ്വാദകന്‌ മുന്നില്‍ വെളിപ്പെടുത്തുന്നു. ദര്‍ശനത്തിന്റെ കാഠിന്യം തിരിച്ചറിയുന്നതുകൊണ്ടു തന്നെ എം.ഗോവിന്ദനും സി.ആര്‍.പരമേശ്വരനും അദ്ദേഹത്തിന്റെ രചനകളില്‍ കടന്നുവരുന്നു. സമയപ്രവാഹവും സാഹിത്യകലയും കലാപം വിവാദം വിലയിരുത്തല്‍ തുടങ്ങിയ കൃതികളില്‍ വിദേശ സാഹിത്യകാരന്മാരില്‍ സ്വാധീനം ചെലുത്തിയ ഹെര്‍മ്മന്‍ ഹെസേയടക്കമുള്ള എഴുത്തുകാരെക്കുറിച്ച്‌ വാചാലനാവുന്നുണ്ട്‌ അപ്പന്‍.

അല്‍ബേര്‍ കമ്യു, ഫ്രാന്‍ സ്‌ കാഫ്‌ക തുടങ്ങിയ ആധുനികചിന്താമണ്‌ഡലത്തിന്റെ അപ്പോസ്‌തലന്മാരുടെ ആശയങ്ങള്‍ കെ.പി.അപ്പന്റെ ബൗദ്ധിക തലത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌. നീഷേയുടെ താത്വികവചനങ്ങള്‍ അപ്പന്റെ കൃതികളില്‍ അന്തര്‍ധാരയായി ഉണ്ട്‌. ഉന്മാദമായ ആധുനിക ചിന്തകളെ വിശുദ്ധമായ ഭാഷയിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ അപ്പന്‍ ഭാഷയിലെ രാജാവാകുന്നു.

ഇടപ്പള്ളിയെ റൊമാന്റിക്‌ ഔട്ട്‌സൈഡര്‍ എന്നുവിശേഷിപ്പിച്ച പ്രശസ്‌ത ലേഖനത്തില്‍ കാല്‍പനികനായ ഒരു വിമര്‍ശകനെയാണ്‌ കണ്ടെത്താന്‍ കഴിയുക. സില്‍വിയ പ്ലാത്ത്‌ മുതല്‍ രാജലക്ഷ്‌മി വരെയുള്ളവരുടെ ആത്മഹത്യകള്‍ക്കു പിന്നിലെ പ്രചോദനങ്ങള്‍ ചികഞ്ഞുപോകുമ്പോള്‍ ഏതൊരു സര്‍ഗാത്മക സാഹിത്യകാരനേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നുണ്ട്‌ കെ.പി.അപ്പന്റെ തൂലിക. എഴുത്തു തന്നെയാണ്‌ എല്ലാം എന്നുവിശ്വസിച്ച വിമര്‍ശകനാണ്‌ അപ്പന്‍. വിമര്‍ശകനും വിമര്‍ശനങ്ങളും വിമര്‍ശിക്കപ്പെടേണ്ടവയാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ വിമര്‍ശന സാഹിത്യം സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ കൂട്ടത്തിലേക്ക്‌ ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന്‌ വലിയ സ്ഥാനമുണ്ടെന്ന്‌ നിസ്സംശയം പറയാം. സാധാരണ വായനക്കാരെ നിരൂപണ വായനയിലേക്ക്‌ അടുപ്പിക്കുന്നതില്‍ കെ.പി അപ്പനുള്ള പങ്ക്‌ ചെറുതല്ല. കവിയുടെ ഏകാന്തതയും ദൈവാംശമുള്ള വാക്കുകളും കെ.പി.അപ്പനെ അതിന്‌ സഹായിച്ചു. ഭ്രാന്തമായ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും കഥകളാക്കിയ എഴുത്തുകാരോട്‌ എഴുത്തിലൂടെ സംവദിക്കാന്‍ കെ.പി അപ്പന്‌ കഴിഞ്ഞു. അദ്ദേഹം ഒരു വലിയ ഗുരുവാണ്‌. വിമര്‍ശന സാഹിത്യത്തിന്റെ പുതിയ വഴികള്‍ വെട്ടിത്തെളിച്ച വഴികാട്ടി.
Related Posts with Thumbnails