രാമായണത്തിന്റെ വൈവിധ്യങ്ങളെ കുറിച്ച് ഫാദര്‍ കാമില്‍ ബുല്‍ക്കെയ്‌ക്ക് ശേഷവും നിരവധി പേര്‍ പഠനം നടത്തിയിട്ടുണ്ട്. രാമായണത്തിന്റെ പ്രാദേശിക വകഭേദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മാപ്പിള രാമായണം.
വ്യത്യസ്‌തമായ ഒരു സമൂഹത്തിന്റെ സംസ്‌കാരവും ഭാഷയും ജീവിത രീതികളും ഉള്‍ക്കൊള്ളിച്ച് എഴുതപ്പെട്ട രാമകഥയാണ് മാപ്പിള രാമായണം. മലബാറില്‍ ഒരുകാലത്ത് ഏറെ പ്രചാരമുണ്ടായിരുന്നതും ഇന്ന് നാടോടി വിജ്ഞാനമേഖലയില്‍ സമ്പന്നമായ ഒരു ഭാഷാ ഉപാധിയായി സൂക്ഷിക്കപ്പെടുന്നതുമായ മാപ്പിള രാമായണം ഇസ്ലാം മതപശ്ചാത്തലത്തില്‍ രാമകഥ പറയുന്നു. മാപ്പിള രാമായണത്തില്‍ കഥയും കഥാപാത്രങ്ങളും വാല്‍മീകി രാമായണത്തില്‍ നിന്ന് അതേപോലെ സ്വീകരിച്ചിരിക്കുന്നു.
എന്നാല്‍ അതില്‍ മതപരമായ ചില ചേരുവകള്‍ ചേര്‍ത്ത് വ്യത്യാസപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. വടക്കേ മലബാറില്‍ ജീവിച്ചിരുന്ന മുസ്ലിം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്‌തിരുന്ന ഭാഷയും സംസ്‌കാരവും മാപ്പിളരാമായണത്തില്‍ കാണാം. ഭാഷാ ഗവേഷകര്‍ ഏറെ കൗതുകത്തോടെ നിരീക്ഷിച്ചിരുന്ന മാപ്പിള മലയാളമാണ് മാപ്പിളരാമായണം എഴുതാന്‍ ഉപയോഗിച്ചിരിക്കുന്നത്.
മലയാളവും അറബിയും ചേര്‍ന്ന ഒരു സങ്കരയിനം മലയാള പ്രാദേശിക ഭേദമാണിത്. (ഉദാഹരണത്തിന് നിക്കാഹ് എന്നാണ് വിവാഹം എന്നതിന് പകരമായി മാപ്പിള രാമായണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.) അതുപോലെ കഥാപാത്രങ്ങളുടെ പേരുകളും മുസ്ലിംവല്‍ക്കരിച്ചിട്ടുണ്ട്. ഇവിടെ രാമന്‍ ലാമനും രാവണന്‍ ലാവണനുമാണ്. ലക്ഷ്‌മണന്റെ പേരും രസകരമാണ്. ലസ്‌മണന്‍ എന്ന നാട്ട് പേരാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. കാവ്യത്തിന്റെ ഈണവും മാപ്പിളപ്പാട്ടിന്റെതാണ്.`
പണ്ടീ താടിക്കാരനൗലി പാടി വന്ന പാട്ട്‌കേട്ടതല്ലീ നമ്മളീ രാമായണം കത പാട്ട്‌കര്‍ക്കടകം കാത്തുകാത്ത് കുത്തീരിക്കും പാട്ട്‌കാത് രണ്ടിലും വെരള് ചൊല്ലി ചോരി കൂട്ടും പാട്ട്' എന്നിങ്ങനെയാണ് വരികള്‍. അക്ഷരാര്‍ത്ഥത്തില്‍ മാപ്പിള വല്‍ക്കരിച്ച മാപ്പിള രാമായണത്തിന്റെ കഥാഗതി മാപ്പിള പാട്ടിന്റെ പതിവ് രീതിയിലാണ് പുരോഗമിക്കുന്നത്. നര്‍മം ഉള്‍ച്ചേര്‍ത്ത് കൊണ്ടുള്ള രചനാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.
ശൂര്‍പ്പണഘയുടെ പ്രണയാഭ്യര്‍ത്ഥന, അശോകവനിയിലെ ഹനുമാന്റെ പ്രവേശനം, തുടങ്ങിയ രംഗങ്ങളാണ് ഏറെ വ്യത്യസ്‌തവും ശ്രദ്ധേയവുമായിട്ടുള്ളത്. സാധാരണ നിലയില്‍ കവിഞ്ഞ അതിശയോക്തി കലര്‍ത്തി നിര്‍മിച്ചിട്ടുള്ളതാണ് മാപ്പിള രാമായണം. മാപ്പിള പാട്ടിന്റെ ഈണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചോല്ലലാണ് ഈ രാമായണത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്തൊക്കെയായാലും മലയാളത്തിന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നായ സാഹിത്യകൃതിയായി വേണം മാപ്പിളരാമായണത്തെ കാണാന്‍.
No comments:
Post a Comment