Sunday, July 25, 2010

രാവണന്‍- സീതയെ മോഹിക്കുന്ന നായകനും വില്ലനും


അതിശയിപ്പിക്കുന്ന കല്‍പനാ വൈവിധ്യമാണ്‌ രാമായണത്തില്‍ കാണുന്നത്‌. കഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സൃഷ്‌ടിയില്‍ അനുപമമായ പ്രതിഭയാണ്‌ വിളങ്ങിനില്‍ക്കുന്നത്‌. അവതാരങ്ങളിലൊന്നായ രാമന്‍, ദശമുഖനായ രാവണന്‍, ഉറക്കത്തിന്റെ മൂര്‍ത്തരൂപമായി കുംഭകര്‍ണന്‍, ഹനുമാന്‍, ജടായു സുഗ്രീവന്‍, മായാവി... അങ്ങനെ നാം ഭ്രമാത്മകമായ ഒരു ആധ്യാത്മിക ലോകത്തെത്തിപ്പെട്ടതായി രാമായണം ബോധ്യപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായി തീര്‍ന്ന പുരാണ കഥാപാത്രങ്ങളിലൊന്നാണ്‌ രാമായണത്തിലെ രാവണന്‍. വിസ്‌മയിപ്പിക്കുന്ന പാത്രസൃഷ്‌ടീ വൈഭവമാണ്‌ ഇവിടെ പ്രകടിപ്പിച്ചിട്ടുള്ളത്‌.


ദശമുഖന്‍ എന്നത്‌ കേവലമൊരു രൂപകല്‍പനയല്ലെന്നും വ്യാപകമായ അര്‍ത്ഥതലങ്ങളുണ്ടെന്നും മനസ്സിലാക്കുമ്പോഴാണ്‌ ആദിവകവിയുടെ മഹത്വം ബോധ്യപ്പെടുക. വിശ്രവസ്സിന്‌ കൈകസിയില്‍ പിറന്ന പുത്രനാണ്‌ രാവണന്‍. ഇതേ ബന്ധത്തില്‍ വിശ്രവസ്സിന്‌ കുബേരന്‍ എന്ന പുത്രനും പിറന്നിട്ടുണ്ട്‌. വിഭീഷണന്‍, കുംഭകര്‍ണന്‍ എന്നിവര്‍ വിശ്രവസ്സിന്‌ മറ്റ്‌ ഭാര്യമാരില്‍ പിറന്ന മക്കളാണ്‌. രാവണന്റെ ജനനം തന്നെ അല്‍ഭുതമായിരുന്നു. ജനിച്ചുവീണപ്പോള്‍ തന്നെ രാവണന്‍ അല്‍ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പ്രവചനങ്ങളുണ്ടായിരുന്നുവത്രെ.


ലങ്കാധിപനായ കുബേരനില്‍ നിന്ന്‌ രാജ്യം പിടിച്ചെടുത്തപ്പോള്‍ രാവണന്റെ വളര്‍ച്ച അജയ്യനായ പോരാളിയുടെ മാര്‍ഗത്തിലൂടെയായിരുന്നു. പഞ്ചാഗ്നിയില്‍ തപസ്സ്‌ ചെയ്‌ത്‌ മനുഷ്യനല്ലാത്ത ആര്‍ക്കും തന്നെ വധിക്കാന്‍ കഴിയില്ലെന്ന വരം ബ്രഹ്മാവില്‍ നിന്ന്‌ നേടിയ രാവണന്‍ ലോകം കണ്ട ഏറ്റവും വലിയ ഹീറോകളിലൊരാളായി തീര്‍ന്നത്‌ ആ കഥാപാത്രം പുലര്‍ത്തുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌. കുബേരന്‍ രാവണനോട്‌ തുടര്‍ച്ചയായി പോരിനെത്തിയെങ്കിലും രാക്ഷസനായതിനാല്‍ ജയം അസാധ്യമായി.


കുടുംബനാഥന്‍ എന്ന നിലയിലും രാവണന്‍ സ്‌നേഹസമ്പന്നനാണ്‌. മണ്ഡോദരിയില്‍ മേഘനാഥന്‍, അക്ഷകുമാരന്‍, അതികായന്‍ എന്നിങ്ങനെ മൂന്ന്‌ പുത്രന്മാരാണ്‌ രാവണനുള്ളത്‌. സീതയില്‍ മോഹമുദിച്ച്‌ രാവണന്‍ സീതയെ തട്ടിക്കൊണ്ടുവന്ന്‌ അശോകവനിയില്‍ താമസിപ്പിച്ചെങ്കിലും സീതയുടെ പാതിവ്രത്യത്തെ കുറിച്ചും മാനുഷിക ബോധം പുലര്‍ത്തി പെരുമാറാന്‍ രാവണന്‌ കഴിഞ്ഞു എന്നതാണ്‌ സാധാരണ വില്ലന്‍ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്ന രാവണന്റെ കഥാപാത്രസവിശേഷത.


ഒരു സ്‌ത്രീയുടെയും സമ്മതമില്ലാതെ അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്ന പഴയ ശാപത്തിന്റെ കഥയാണ്‌ ആദികവി പറയുന്നതെങ്കിലും രാവണന്‍ നന്മയുള്ളവനാണെന്ന നിലയിലാണ്‌ രാമായണത്തിന്റെ കമ്പരാമായണമടക്കമുള്ള പ്രാദേശിക ഭേദങ്ങളില്‍ അവതരിപ്പിക്കുന്നത്‌. രാവണനെ നായകസങ്കല്‍പ്പത്തില്‍ നോക്കിക്കാണുന്ന കൃതിയാണ്‌ കമ്പരാമായണം. കമ്പരാമായണത്തില്‍ രാവണന്‍ സീതയുടെ പിതാവാണ്‌. കാട്ടില്‍ വച്ച്‌ രാവണന്‍ ബലാല്‍ക്കാരം ചെയ്‌ത വേദവതിക്ക്‌ പുറന്ന പുത്രി. സീതയെന്ന തന്റെ മകളെ ഒരുനോക്കുകാണാന്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോരുകയാണ്‌ കമ്പരാമായണത്തില്‍.


അവസാനം രാമന്‍ പാതിവ്രത്യത്തില്‍ സംശയിച്ച്‌ സീതിയെ ഉപേക്ഷിക്കുന്നു.അതുപോലെ രാവണന്റെ പത്ത്‌ തലയെ കുറിച്ചും വ്യത്യസ്‌തമായ നിരവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. രാവണന്റെ വ്യത്യസ്‌ത ഭാവങ്ങളെ സൂചിപ്പിക്കുന്നതാണ്‌ ദശമുഖം എന്നാണ്‌ ചിലര്‍ പറയുന്നത്‌. രാവണന്റെ ശക്തി പ്രകടിപ്പിക്കാനാണ്‌ പത്ത്‌ തല കല്‍പ്പിക്കുന്നതെന്ന്‌ ചിലര്‍ പറയുന്നത്‌. ഒടുവില്‍ രാമന്‍ എന്ന ഒരു മനുഷ്യനാല്‍ തന്നെ രാവണന്‍ വധിക്കപ്പെടുന്നു.

No comments:

Related Posts with Thumbnails