Sunday, July 25, 2010

രാമായണം എഴുത്തച്ഛന്‌ മുമ്പ്‌


എഴുത്തച്ഛന്റെ ആധ്യാത്മ രാമായണത്തിന്‌ മുമ്പ്‌ തന്നെ വാല്‍മീകി രാമായണത്തിന്‌ കേരളത്തില്‍ നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മലയാള ഭാഷ ഒരു സ്വതന്ത്രരൂപം കൈവരിക്കുന്ന കാലഘട്ടത്തിലാണ്‌ ഈ കൃതികളെല്ലാം പിറക്കുന്നത്‌ എന്നതുകൊണ്ട്‌ അതിന്‌ ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്‌. പതിനഞ്ചാംശതകത്തിന്‌ അടുത്ത്‌ (മുമ്പും പിന്നിലുമായി) നിരവധി പൗരാണിക കൃതികള്‍ക്ക്‌ പ്രാദേശിക-ദേശ്യഭാഷ്യങ്ങള്‍ ചമയ്‌ക്കുന്നതില്‍ കവികള്‍ വ്യാപൃതരായി.


സജീവമായി സമൂഹത്തില്‍ നടന്നിരുന്ന ഈ കാവ്യമുന്നേറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായ കൃതി രാമായണമാണ്‌. കേരളത്തിലും അതുതന്നെയായിരുന്നു സ്ഥിതി. ഇവിടെയും രാമായണഭാഷ്യങ്ങള്‍ നിരവധി വന്നു. കഥയുടെ പ്രത്യേകത കൊണ്ടും ആധ്യാത്മികമായ തലം പ്രദാനം ചെയ്യാനുള്ള എല്ലാസാധ്യതകളും ഉള്ളതുകൊണ്ടും നന്മ ആത്യന്തികമായി പ്രഘോഷണം ചെയ്യുന്ന കൃതി എന്ന നിലയ്‌ക്ക്‌ രാമായണത്തിന്‌ പ്രാദേശിക വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നവര്‍ക്ക്‌ നിരവധി ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഒമ്പതാം ശതകത്തില്‍ തന്നെ കേരളീയനായ കുലശേഖര ആള്‍വാര്‍ 33 പാട്ടുകളില്‍ രാമായണം ചുരുക്കി അവതരിപ്പിച്ചിരുന്നു.


പിന്നീട്‌ രണ്ടുമൂന്ന്‌ ശതകങ്ങള്‍ക്ക്‌ ശേഷമാണ്‌ രാമായണ ഭാഷ്യങ്ങള്‍ കൂടുതല്‍ വരുന്നത്‌. രാമായണം ചമ്പു, രാമകഥപ്പാട്ട്‌, രാമചരിതം, കണ്ണശരാമായണം തുടങ്ങിയവയാണ്‌ അതില്‍ പ്രധാനം.വാല്‍മീകി രാമായണത്തെ അതുപോലെ അനുവര്‍ത്തിക്കുകയാണ്‌ രാമായണം ചമ്പുവില്‍ ചെയ്യുന്നത്‌. 1500നും 1550നും ഇടയില്‍ എഴുതപ്പെട്ടതായി കണക്കാക്കുന്ന രാമായണം ചമ്പുവിന്റെ കര്‍ത്താവ്‌ പുനം നമ്പൂതിരിയാണെന്ന്‌ കരുതുന്നു. 1400നു ശേഷം രചിച്ച രാമകഥപ്പാട്ടിന്റെ കര്‍ത്താവ്‌ അയ്യിപ്പിള്ളി ആശാനാണ്‌.


പിന്നീട്‌ മലയാളത്തില്‍ രൂപം കൊണ്ട ലക്ഷണമൊത്ത ആദ്യ കാവ്യമായി കരുതുന്ന രാമചരിതം 1200നും 1500നും ഇടയില്‍ എഴുതപ്പെട്ടതാണെന്ന്‌ കരുതപ്പെടുന്നു. ഒരു ചീരാമനാണ്‌ രാമചരിതത്തിന്റെ കര്‍ത്താവ്‌. ഇതുവരെ വാല്‍മീകി രാമായണത്തില്‍ നിന്ന്‌ ഏതെങ്കിലും ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയെടുത്ത്‌ വികസിപ്പിച്ച കാവ്യങ്ങളെക്കുറിച്ചാണ്‌ പറഞ്ഞത്‌.എന്നാല്‍ മലയാളത്തിലെ ആദ്യസമ്പൂര്‍ണരാമായണം കണ്ണശപ്പണിക്കരുടെ കണ്ണശരാമായണമാണ്‌.


ആധ്യാത്മരാമായണം എഴുതാന്‍ എഴുത്തച്ഛനെ ഏറെ സ്വാധീനിച്ചതും കണ്ണശന്റെ രാമായണമാണ്‌. 1500നോടടുത്ത്‌ എഴുതപ്പെട്ട ആ കൃതി ഇന്നും അദ്വിതീയമായി നില്‍ക്കുന്ന രാമായണ കാവ്യമാണ്‌.

3 comments:

ജയരാജ്‌മുരുക്കുംപുഴ said...

ramayanathe kurichu kooduthal manassilakkuvan saadhichu........ iniyum itharam postukal pratheekshikkunnu...... aashamsakal...........

അരുണ്‍ കരിമുട്ടം said...

ഈ വിവരങ്ങള്‍ക്ക് നന്ദി

ശ്രീനാഥന്‍ said...

മറ്റു രാമായണങ്ങള്‍ പൊതുവെ അറിയപ്പെടുന്നവയല്ല, അവ 'ഭാഷാപരിമളങ്ങളാ'ണെങ്കിലും ഭാഷാവിദ്യാര്‍ഥികള്‍ മാത്രമേ വായിക്കാറുള്ളു. അതുകൊണ്ട് ഈ പോസ്റ്റിനു വളരെ പ്രസക്തിയൂണ്ട്.

Related Posts with Thumbnails