Wednesday, June 2, 2010

ജീവിതതോറ്റങ്ങളുടെ കാഥികന്‍ യാത്രയായി; കോവിലന്‍ അന്തരിച്ചു

പ്രശസ്‌ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകരാന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ കുറച്ച്‌ നാളായി ചികില്‍സയിലായിരുന്നു.

87 വയസ്സായിരുന്നു. ഇതോടെ മലയാളത്തില്‍ പട്ടാളക്കഥകളുടെ തമ്പുരാനും തോറ്റങ്ങളുടെ കഥാകാരനുമാണ്‌ യാത്രയാകുന്നത്‌. കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ 1923 ജൂലൈ 9 നാണ്‌ ജനിച്ചത്‌. കഥാകൃത്തും നോവലിസ്റ്റും ഒക്കെയായി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ കോവിലനാണ്‌ പട്ടാളക്കഥകള്‍ ശക്തമായി അവതരിപ്പിക്കുന്ന ഒരു ശാഖ കഥയില്‍ തുടങ്ങിയത്‌. തൃശ്ശൂര്‍ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്ത്‌ കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ്‌ കോവിലന്‍ ജനിച്ചത്‌. കണ്ടാണിശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലും പഠിച്ചു. പട്ടാളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്‌ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ 1943- 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 68ല്‍ കോര്‍ ഒഫ്‌ സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു.
ആര്‍മി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി നേവി കഥകള്‍ അദ്ദേഹം എഴുതി. കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്‌കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്‌തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായ കോവിലന്‍ വിടവാങ്ങുമ്പോള്‍ യാത്രയാകുന്നത്‌ സാഹിത്യകാരന്‍ എന്നതിലുപരി പ്രശസ്‌തിയില്‍ ജീവിക്കുമ്പോഴും ഗ്രാമീണത്തനിമ ഉള്ളില്‍ സൂക്ഷിച്ചിരുന്ന പച്ചയായ ഒരുമനുഷ്യന്‍ കൂടിയാണ്‌.
തോറ്റങ്ങള്‍, ശകുനം, ഏ മൈനസ്‌ ബി, ഏഴമെടങ്ങള്‍,തഴ്‌വരകള്‍, ഭരതന്‍, ഹിമാലയം തേര്‍വാഴ്‌ചകള്‍, ഒരു കഷ്‌ണം അസ്ഥി, ഈ ജീവിതം അനാഥമാണ്‌ സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു,തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്‌ഔട്ട്‌, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍ ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവയാണ്‌ പ്രധാനകൃതികള്‍. നിരവധി പുരസ്‌കാരങ്ങളും കോവിലനെ തേടിയെത്തിയിട്ടുണ്ട്‌.
മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച്‌ 2006ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. തോറ്റങ്ങള്‍ എന്ന നോവലിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1972ല്‍ലഭിച്ചു. ശകുനം എന്ന കഥാസമാഹാരത്തിന്‌ 1977ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത്‌), (1995), എ.പി. കുളക്കാട്‌ പുരസ്‌കാരം (1997): തട്ടകം (നോവല്‍) കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്‌ (1997), കേരള സാഹിത്യ പരിഷത്ത്‌ അവാര്‍ഡ്‌ (1998): തട്ടകം (നോവല്‍), സാഹിത്യ അക്കാദമി പുരസ്‌കാരം (1998): തട്ടകം (നോവല്‍), എന്‍.വി. പുരസ്‌കാരം (1999): തട്ടകം (നോവല്‍), വയലാര്‍ പുരസ്‌കാരം (1999): തട്ടകം (നോവല്‍) എഴുത്തച്ഛന്‍ പുരസ്‌കാരം (2006), ഖത്തര്‍ പ്രവാസിയുടെ ബഷീര്‍ പുരസ്‌കാരം മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2009) എന്നിവയും ലഭിച്ച പുരസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌.

No comments:

Related Posts with Thumbnails