Saturday, July 31, 2010

ഹനുവില്‍ മുറിവേറ്റവന്‍

രാമായണത്തിലെ മനുഷ്യേതര കഥാപാത്രങ്ങളില്‍ ആസ്വാദകന്റെ ഇഷ്‌ടവും ആരാധനയും ഒരുപോലെ പിടിച്ചുപറ്റിയ ആളാണ്‌ ഹനുമാന്‍. ഭക്തനു ശക്തനും മാതൃകയായി വിളങ്ങുന്ന ഹനുമാന്‍ തരണം ചെയ്‌ത പ്രതിസന്ധികളും എതിര്‍പ്പുകളും ഏറെയാണ്‌.ലോകത്തിലെ ഏറ്റവും ശക്തിമാനാണെന്ന്‌ വാഴ്‌ത്തപ്പെട്ടവന്‍. ഹനുമാന്റെ പേരില്‍ രാമായണത്തില്‍ ഒരുകാണ്ഡം തന്നെയുണ്ട്‌, സുന്ദരകാണ്ഡം.

കരുത്തിന്റെയും വിനയത്തിന്റെയും അവതാരരൂപമായ ഹനുമാന്‌ രാമന്റെ ജീവിതത്തിലും വിജയത്തിലും നിര്‍ണായക സ്ഥാനമാണുള്ളത്‌. പലപ്പോഴും രാമലക്ഷ്‌മണന്‍മാരുടെ രക്ഷകനായി തന്നെ ഹനുമാന്‍ മാറുന്ന സംഭവങ്ങള്‍ രാമായണത്തിലുണ്ട്‌. ഹനുമാന്റെ ജീവിതം സംഭവബഹുലവും അല്‍ഭുതകരവുമാണ്‌.


ശിവന്‍, വായു, കേസരി, വാനരം എന്നിവരിലാണ്‌ വിവിധയിടങ്ങളില്‍ ഹനുമാന്റെ പിതൃത്വം ആരോപിക്കപ്പെട്ടിട്ടുള്ളത്‌. കേസരി പത്‌നിയായ അഞ്‌ജന എന്ന വാനരസ്‌ത്രീയാണ്‌ ഹനുമാനെ പ്രസവിച്ചത്‌. പൂര്‍വ്വജന്മത്തില്‍ ബൃഹസ്‌ദപതിയുടെ ദാസിയായ പുഞ്‌ജികല എന്നു പേരുള്ള അപ്‌സരസ്സായിരുന്നു, അഞ്‌ജന. ഒരിക്കല്‍ കാമവിവശയായി ബൃഹസ്‌പദിയെ പുണര്‍ന്ന പുഞ്‌ജികസ്ഥലയെ മുനി ശപിച്ചു കുരങ്ങാക്കി. ശിവാംശമുള്ള ഒരു പുത്രന്‌ ജന്മം നല്‍കുമ്പോള്‍ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. അങ്ങനെ അഞ്‌ജന പെണ്‍കുരങ്ങായി. കേസരി എന്ന വാനര രാജാവിന്റെ പത്‌നിയായി.


ശിവപാര്‍വ്വതിമാര്‍ ഒരിക്കല്‍ വനത്തില്‍ കുരങ്ങുകളുടെ രൂപത്തില്‍ ക്രീഡയിലേര്‍പ്പെടവേ ദേവിക്ക്‌ വാനരഗര്‍ഭമുണ്ടായി. അത്‌ ശിവനും പാര്‍വ്വതിക്കും കുഴപ്പമായി. ആ ഗര്‍ഭത്തെ ശിവന്‍ വായുഭഗവാന്‌ കൊടുത്തു. വായു അത്‌ അഞ്‌ജനയില്‍ നിക്ഷേപിച്ചു. അങ്ങനെയിരിക്കെ അഞ്‌ജന ഗര്‍ഭിണിയാണെന്നത്‌ വാനരലോകം അറിഞ്ഞു. അഞ്‌ജനയുടെ ഗര്‍ഭം വലിയ ചര്‍ച്ചയായി.


അതിശക്തനായ ഒരാള്‍ ജനിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വാനരരാജ്യത്ത്‌ പരന്നു. ശിവാംശമുള്ള പിറക്കാന്‍ പോകുന്നവന്‍ തനിക്ക്‌ പ്രശ്‌നമാകുമെന്ന്‌ കരുതിയ വാനരരാജാവ്‌ ബാലി പഞ്ചലോഹമുരുക്കി അഞ്‌ജനാ ഗര്‍ഭത്തിലൊഴിച്ചു. എന്നാല്‍ തടസ്സങ്ങളൊന്നുമില്ലാതെ അഞ്‌ജന ഹനുമാനെ പ്രസവിച്ചു. അഞ്‌ജനയ്‌ക്ക്‌ ശാപമോക്ഷവും ലഭിച്ചു. ജനിച്ചുവീണപ്പോള്‍ ബാലി ഉരുക്കിയൊഴിച്ച പഞ്ചലോഹം ഹനുമാന്റെ കണ്‌ഠത്തില്‍ ആഭരണമായുണ്ടായിരുന്നു. തുടര്‍ന്ന്‌ സൂര്യനില്‍ നിന്ന്‌ വേദശാസ്‌ത്രങ്ങള്‍ പഠിച്ചു.


ഗുരുദക്ഷിണയായി സൂര്യപുത്രനായ സുഗ്രീവനെ സഹായിക്കാമെന്ന്‌ വാദ്‌ഗാനം നല്‍കി. അങ്ങനെ സുഗ്രീവന്റെ മന്ത്രിയായി. ഹനുമാന്‌ ആ പേര്‌ വരാന്‍ കാരണമായ ഒരുകഥയുണ്ട്‌. ഒരിക്കല്‍ കുട്ടിയായിരിക്കുമ്പോള്‍ സൂര്യനെ കണ്ട്‌ പഴമാണെന്ന്‌ കരുതി പിടിക്കാന്‍ പോയി. അവിടെ ഐരാവതത്തെ കണ്ട്‌ അതിനെ ഭക്ഷിക്കാനടുത്തു. എന്നാല്‍ അത്‌ കണ്ട ഇന്ദ്രന്‍ വജ്രായുധം എടുത്തുപ്രയോഗിച്ചു. അങ്ങനെ വാനരന്റെ താടിക്ക്‌ മുറിവേറ്റു. ഹനുവില്‍(താടിയില്‍)മുറിവേറ്റതിനാല്‍ വാനരന്‍ ഹനുമാന്‍ എന്ന്‌ അറിയപ്പെട്ടു.


എന്നാല്‍ നിയോഗം അതൊന്നുമായിരുന്നില്ലല്ലോ. സീതയുടെ രക്ഷയായിരുന്നു. കാലങ്ങള്‍ക്ക്‌ ശേഷം രാമവിധേയനായി രാവണനോട്‌ ഏറ്റുമുട്ടാന്‍ എല്ലാസഹായവും രാമന്‌ നല്‍കി ലോകത്തിലെ എക്കാലത്തെയും ശക്തനും ഭക്തനും മാതൃകയായി ഹനുമാന്‍ വിളങ്ങി.

Friday, July 30, 2010

കുംഭകര്‍ണന്‍ ഉറക്കപ്രാന്തന്‍ ആയതെങ്ങനെ?

ഉറക്കത്തിന്റെ മൂര്‍ത്തഭാവമായി രാമായണം അവതരിപ്പിക്കുന്ന കഥാപാത്രമാണ്‌ കുംഭകര്‍ണന്‍.ആറുമാസം തുടര്‍ച്ചയായി ഉറങ്ങുകയും പിന്നീട്‌ അത്രയും കാലം ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന അല്‍ഭുത കഥാപാത്രം. കുംഭകര്‍ണന്റെ ജീവിതത്തെ കുറിച്ച്‌ രസകരമായ കഥയാണ്‌ രാമായണം പറയുന്നത്‌.


വൈകുണ്‌ഠത്തിലെ ദ്വാരപാലകന്മാരായിരുന്ന ജയനും വിജയനും പിന്നീട്‌ ഒരു ശാപം നിമിത്തം രാവണനും കുംഭകര്‍ണനുമായി ജനിക്കുകയായിരുന്നുവത്രെ. സനകാദികളായ മുനികള്‍ വൈകുണ്‌ഠത്തിലേക്ക്‌ വന്നപ്പോള്‍ ജയനും വിജയനും അദ്ദേഹത്തെ കടത്തിവിട്ടില്ല. ഉടനെ കോപിച്ച മുനിമാര്‍ അവരെ ശപിച്ചു.



ഇനിയുള്ള മൂന്ന്‌ ജന്മം അസുരന്മാരായി ജനിക്കും എന്ന്‌. അവര്‍ പിന്നീട്‌ യഥാക്രമം ഹിരണ്യ കശിപുവും ഹിരണ്യാക്ഷനുമായി ആദ്യജന്മത്തിലും രാവണനും കുംഭകര്‍ണനുമായി അടുത്തജന്മത്തിലും ശുശുപാലനും ദന്തവക്ത്രനുമായി മൂന്നാംജന്മത്തിലും പിറവിയെടുത്തു. മൂന്ന്‌ ജന്മത്തിലും മഹാവിഷ്‌ണുവിന്റെ വ്യത്യസ്‌ത അവതാരങ്ങള്‍ ഇവരെ വധിച്ചു. മൂന്ന്‌ ജന്മങ്ങള്‍ക്ക്‌ ശേഷം അവര്‍ക്ക്‌ മോക്ഷം കിട്ടിയെന്നാണ്‌ കഥ. രണ്ടാംജന്മത്തിലെ കുംഭകര്‍ണനാണ്‌ രാമായണത്തില്‍ വരുന്നത്‌. ഉണര്‍ന്നിരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തിമാനായ അസുരനാണ്‌ കുംഭകര്‍ണന്‍. അതിന്‌ പിന്നിലും ഒരു കഥയുണ്ട്‌. ഇന്ദ്രപദത്തിന്‌ വേണ്ടി കൊടുംതപസ്സിരുന്നകാലം.



അസുരന്മാരുടെ ഇത്തരം മോഹങ്ങളെല്ലാം അത്യാഗ്രഹമായാണ്‌ ദേവന്മാര്‍ കരുതിയിരുന്നത്‌. അസുരന്മാരുടെ പുരോഗതി ദേവന്മാരെ എന്നും ഭയപ്പെടുത്തിയിരുന്നല്ലോ. കുംഭകര്‍ണന്റെ തപസ്സിന്‌ ഫലമുണ്ടായി. ഒടുവില്‍ മഹാവിഷ്‌ണു പ്രത്യക്ഷപ്പെട്ടു. വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. കുംഭകര്‍ണന്‍ വരം ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം സരസ്വതി കുംഭകര്‍ണന്റെ നാവില്‍ കയറിയിരുന്ന്‌ ഇന്ദ്രപദം എന്ന്‌ പറയേണ്ടിടത്ത്‌ നിദ്രാപദം എന്ന്‌ തെറ്റായി ഉച്ചരിപ്പിച്ചത്രെ. ആവശ്യം തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ മഹാവിഷ്‌ണു കുംഭകര്‍ണന്‌ വരം കൊടുത്തു, അത്‌ നിദ്രാപദമായിരുന്നു. അല്ലെങ്കില്‍ കുംഭകര്‍ണന്‌ ഇന്ദ്രപദം കിട്ടുമായിരുന്നു. അങ്ങനെയാണ്‌ ജീവിതത്തിന്റെ പകുതി കാലം നിദ്രയും പകുതി ഉണര്‍വ്വും എന്ന ശീലം കുംഭകര്‍ണന്‌ ഉണ്ടാകുന്നത്‌.



എപ്പോഴും ആത്മാര്‍ത്ഥതയും നന്മയുമാണ്‌ കുംഭകര്‍ണന്റെ പ്രത്യേകത.രാവണന്‍ സീതയെ തട്ടിക്കൊണ്ട്‌പോയപ്പോള്‍ അതിനോട്‌ വിയോജിച്ച കഥാപാത്രമാണ്‌ കുംഭകര്‍ണന്‍. പിന്നീട്‌ രാവണന്‍ പിന്മാറാന്‍ തയാറാവാതിരുന്നപ്പോള്‍ സംഘബോധത്തിന്റെ പേരില്‍ രാവണന്റെ കൂടെ നിന്നു. മരണാനന്തരം വിജയനായി വൈകുണ്‌ഠത്തില്‍ തിരിച്ചെത്തി.

Thursday, July 29, 2010

രാമായണത്തിലെ കാലനും സത്യന്‍ അന്തിക്കാടും

മരണം മനുഷ്യന്‌ എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു. ആദികാലത്ത്‌ മരണം സംഭവിക്കുന്നതിനെ കുറിച്ച്‌ ആശങ്ക പെട്ട മനുഷ്യന്‍ നിരവധി കഥകള്‍ മെനഞ്ഞിരുന്നു. മരണത്തെ കുറിച്ച്‌ ഏറ്റവും ഗഹനമായി ചിന്തിച്ചിട്ടുള്ളത്‌ പൗരസ്‌ത്യ തത്വചിന്തകരാണ്‌. രാമായണത്തിലും മരണം ഒരു പ്രധാനവിഷയമായി വരുന്നുണ്ട്‌.

പ്രധാനകഥാപാത്രമായ രാമന്റെ മരണം തന്നെ ഉത്തരം കിട്ടാത്ത പദപ്രശ്‌നം പോലെ വായനക്കാരുടെ മനസ്സില്‍ നില്‍ക്കുന്നു. സരയൂ നദിക്ക്‌ ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞേക്കും രാമന്റെ തിരോധാനത്തിന്റെ നിഗൂഢതകള്‍.പറഞ്ഞുവരുന്നത്‌ ഭാരതീയരുടെ മരണദേവനായ കാലനെ കുറിച്ചാണ്‌. രമായണത്തില്‍ കാലന്‍ ഒരു കഥാപാത്രമായി തന്നെ നിരവധി തവണ വരുന്നുണ്ട്‌. ഔന്നത്യം പുലര്‍ത്തുന്ന ഒരു പ്രതിഭയുടെ കരുത്താണ്‌ രാമായണത്തിലെ കാലന്റെ കഥാപാത്രനിര്‍മാണത്തില്‍ പ്രകടമാകുന്നത്‌. ആകാംക്ഷയുണര്‍ത്തുന്ന ചില അവിചാരിത നിമിഷങ്ങളിലാണ്‌ കാലന്‍ വരുന്നത്‌.



സൂര്യപുത്രനാണ്‌ കാലന്‍. കാലാവധി തികയുമ്പോള്‍ ഭൂമിയില്‍ നിന്ന്‌ ജീവികളെ കാലപുരിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ കാലന്‍ വരുന്നു. ഭൂമിയിലെ സുകൃത ദുഷ്‌കൃത്യങ്ങള്‍ പരിശോധിച്ച്‌ കാലപുരിയിലെ 28 നരകങ്ങളില്‍ ഏതിലേക്ക്‌ ഒരാളെ പറഞ്ഞയക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ കാലനാണ്‌. രാമായണത്തില്‍ ശ്രീരാമനെ വൈകുണ്‌ഠത്തിലേക്ക്‌ തിരിച്ചുവിളിക്കാന്‍ സമയമായപ്പോള്‍ കാലന്‍ ഒരു മഹര്‍ഷികുമാരന്റെ വേഷമെടുത്ത്‌ അയോധ്യയിലെത്തി.



ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും താന്‍ രാമനോട്‌ സംസാരിക്കുമ്പോള്‍ കൊട്ടാരത്തില്‍ ആരും ഉണ്ടാകരുതെന്നും അദ്ദേഹം നിബന്ധന വച്ചു. അതംഗീകരിച്ച രാമന്‍ ലക്ഷ്‌മണനെ കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ കാവലിന്‌ നിര്‍ത്തി. സംസാരത്തിനിടയില്‍ 1,000 വര്‍ഷത്തെ തപസിന്‌ ശേഷം വിശന്ന്‌ വലഞ്ഞ്‌ ദുര്‍വ്വാസാവ്‌ അവിടെയെത്തി. പടിവാതില്‍ക്കല്‍ രാമനെ കാണമെന്ന്‌ വാശിപിടിച്ച ദുര്‍വാസാവിനോട്‌ ലക്ഷ്‌മണന്‍ എതിര്‍പ്പുന്നയിച്ചു. എന്നാല്‍ തന്റെ ഉദ്ദേശ്യത്തിന്‌ വിഘ്‌നം ഉണ്ടാക്കുകയാണെന്ന്‌ പറഞ്ഞ്‌ ദുര്‍വ്വാസാവ്‌ ലക്ഷ്‌മണനെ ശപിക്കാനാഞ്ഞു. എന്നാല്‍ ലക്ഷ്‌മണന്‍ രാമനോട്‌ ചോദിക്കാമെന്ന്‌ വാക്ക്‌ നല്‍കി ദുര്‍വ്വാസാവിനെ അവിടെ നിര്‍ത്തി. കൊട്ടാരത്തില്‍ രാമനോട്‌ കാര്യം പറയാന്‍ ചെന്ന ലക്ഷ്‌മണന്‍ മറ്റൊരുദുരന്തത്തിലേക്കാണ്‌ കടന്നുചെന്നത്‌. കാലന്റെ കരാര്‍ തെറ്റിച്ച ലക്ഷ്‌മണന്‌ കാലന്‍ മരണശിക്ഷ വിധിച്ചു.



ലക്ഷ്‌മണന്‍ സരയുനദിയില്‍ ചാടി മരിച്ചു. തുടര്‍ന്ന്‌ രാമനും അതേ കയത്തില്‍ ചാടിയാണ്‌ മരിച്ചതെന്നത്‌ യാദൃച്ഛികം. പിന്നീട്‌ കാലന്‍ രണ്ടുപേരെയും വൈകുണ്‌ഠത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. കാലനും രാവണനും ഏറ്റുമുട്ടിയ ഒരുശ്രദ്ധേയ സന്ദര്‍ഭവും രാമായണത്തിലുണ്ട്‌. തുല്യശക്തികളുടെ പോരാട്ടം. മൂവുലകവും ഞെട്ടിവിറച്ചു. കാലന്‍ ബ്രഹ്മദണ്ഡും രാവണന്‍ ബ്രഹ്മാസ്‌ത്രവുമായി ഏറ്റുമുട്ടാനൊരുങ്ങി. രാവണന്‌ ബ്രഹ്മാവിന്റ അനുഗ്രഹമുള്ളതുകൊണ്ട്‌ മൂവലകവും പ്രതിസന്ധിയിലായി.


ഒടുവില്‍ ബ്രഹ്മാവിന്റെ അഭ്യര്‍ത്ഥന പ്രകാരം കാലന്‍ പിന്തിരിയുകയായിരുന്നു. കാലനില്ലാത്ത കാലമെന്ന കാവ്യഭാഗം മാത്രമല്ല വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സത്യന്‍ അന്തിക്കാട്‌ ഒരുക്കിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയില്‍ കാലനായിരുന്നല്ലോ മുഖ്യകഥാപാത്രം. കാലന്‍ എന്ന സങ്കല്‍പം എത്രോയ നല്ല ഭാവനകള്‍ക്ക്‌ വിത്ത്‌ പാകിയിട്ടുണ്ടെന്നാലോചിക്കുമ്പോഴാണ്‌ ആ സങ്കല്‍പത്തിന്റെ സൗന്ദര്യം മനസ്സിലാകുക.

Wednesday, July 28, 2010

രാവണനെ മോഹിപ്പിച്ച ലങ്കാനഗരി

ലങ്ക വെറുമൊരു രാജ്യമല്ല. ലോകത്തിലെ അതികായരായ രാജാക്കന്മാരെയെല്ലാം മോഹിപ്പിച്ച അഭൗമ വിശേഷങ്ങളുള്ള നഗരിയാണ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഏറെ രാജാക്കന്മാര്‍ മോഹിക്കുകയും ചെയ്‌തുവെന്ന്‌ പറയുമ്പോള്‍ തന്നെ ലങ്കയുടെ വിശേഷം മികവുറ്റതാകുമെന്നുറപ്പാണല്ലോ.


രാവണന്റെ രാജധാനിയായ ലങ്കയ്‌ക്ക്‌ നിരവധി കഥകള്‍ പറയാനുണ്ട്‌. മോഹിപ്പിക്കുന്ന കാഴ്‌ചകളും അലൗകിക സൗന്ദര്യമുള്ള മഹിളാമണികളുടെ കേന്ദ്രവും ലോകത്തെങ്ങും കാണാനില്ലാത്ത നഗരസൗന്ദര്യവുമൊക്കെയാണ്‌ ലങ്കലയിലുള്ളത്‌. സിലോണ്‍ ദ്വീപാണ്‌ രാമായണത്തിലെ ലങ്കാ നഗരിയായി വിവക്ഷിക്കപ്പെട്ടതെന്ന്‌ ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. രാമായണത്തിലെ ലങ്കാനഗരി ത്രികൂട പര്‍വ്വതത്തിന്റെ ഉപരിതലത്തിലാണ്‌ സ്ഥിതി ചെയ്‌തിരുന്നത്‌. ലങ്കാധിപനായിരുന്ന കുബേരന്‍ ത്രികൂടാചലത്തിന്‌ മുകള്‍പ്പരപ്പില്‍ മനോഹരമായ ഒരു നഗരം നിര്‍മിക്കണമെന്ന്‌ ആഗ്രഹിക്കുകയും ഈ ആവശ്യവമായി വിശ്വകര്‍മാവിനെ സമീപിക്കുകയും ചെയ്‌തു.



കുബേരന്റെ ആഗ്രഹം അംഗീകരിച്ച വിശ്വകര്‍മാവ്‌ ആഗ്രഹം സാധിച്ചുകൊടുത്തു. അങ്ങനെ ലങ്കയുണ്ടായി. എന്നാല്‍ ലങ്കയുടെ കേളി ലോകമെങ്ങുമെത്തി. ലങ്കയുടെ സൗന്ദര്യം കണ്ട്‌ മോഹിച്ച രാവണന്‍ ലങ്ക കീഴടക്കി സ്വന്തമാക്കി. ലങ്കാപുരിയുടെ നടുവില്‍ നവരത്‌നങ്ങള്‍ കൊണ്ട്‌ നിര്‍മിച്ച പത്തു നിലമാളികയിലാണ്‌ രാവണന്‍ കഴിഞ്ഞിരുന്നതെന്ന്‌ രാമായണം പറയുന്നു.

ലങ്കയെ കുറിച്ചുള്ള ചര്‍ച്ചയില്‍ കടന്നുവരുന്ന മറ്റൊരു പേരാണ്‌ ലങ്കാലക്ഷ്‌മിയുടേത്‌. രാവണന്റെ ദ്വാരക പാലികയായ ലങ്കാലക്ഷ്‌മി വിജയ ലക്ഷ്‌മിയുടെ ശപിക്കപ്പെട്ട അവതാരമാണ്‌. ബ്രഹ്മാവിന്റെ ഭണ്ഡാരം കാക്കുന്ന ജോലിയായിരുന്നു വിജയലക്ഷ്‌മിക്ക്‌. ഒരിക്കല്‍ വിജയലക്ഷ്‌മി ജോലിയില്‍ അശ്രദ്ധ കാട്ടിയതിന്‌ ബ്രഹ്മാവ്‌ ശപിച്ച്‌ രാക്ഷസിയാക്കി. ശാപം ഏറ്റുവങ്ങിയ വിജയലക്ഷ്‌മി അങ്ങനെയാണ്‌ ലങ്കയിലെത്തിയത്‌.



പിന്നീട്‌ സീതാന്വേഷണാര്‍ത്ഥം ലങ്കലയിലെത്തിയ ഹനുമാന്റെ അടിയേറ്റ്‌ വിജയലക്ഷ്‌മി രാമസന്നിധിയിലെത്തി അനുഗ്രഹം വാങ്ങി. ശാപമോക്ഷം വാങ്ങിയ ലങ്കാലക്ഷ്‌മി സത്യലോകത്തിലേക്ക്‌ മടങ്ങി. അങ്ങനെ രാവണനോടെ തന്നെ ലങ്കയുടെ ലക്ഷ്‌മിയും നഷ്‌ടപ്പെട്ടു. എന്ന്‌ രാമായണം. പിന്നീട്‌ രാവണന്റെ സഹോദരന്‍ വിഭീഷന്‍ രാജാവായി ലങ്കഭരിച്ചു എന്ന്‌ ഉത്തര രാമായമണം.

Tuesday, July 27, 2010

ഒരു രാമായണം, ഏഴ്‌ കാണ്ഡങ്ങള്‍, സംഭവ ബഹുലം

വാല്‍മീകി രാമായണത്തിന്റെ രൂപഭദ്രതയും കഥാഗതിയും ഏതൊരു ആധുനിക ഘടനാവാദിയെയും അതിശയിപ്പിക്കുന്ന വിധത്തിലാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. വ്യത്യസ്‌തമായ സംസ്‌കാരങ്ങളും കഥാപാത്രങ്ങളുടെ രൂപഭാവവും ചിത്രീകരിക്കാന്‍ ആദികവിക്ക്‌ അതിശയിപ്പിക്കുന്ന രൂപഭാവഘടന അനിവാര്യമായിരുന്നു.


ബൃഹത്തായ ഒരു കഥ പറയുന്നതിന്‌ അനുസൃതമായ കാവ്യരൂപം തെരഞ്ഞെടുക്കുന്നിടത്താണ്‌ വാല്‍മീകി ഏറ്റവും വലിയ വെല്ലുവിളി നേരിട്ടിട്ടുണ്ടാകുക. വിവിധ ഭാഷകളില്‍ വിവിധ കവികള്‍ പുന:രാക്യാനവും വ്യാഖ്യാനവും നടത്തിയപ്പോഴും ആദികവിയുടെ രൂപഭദ്രയെ ബഹുമാനിച്ചു എന്നത്‌ വാല്‍മീകിയുടെ ഔചിത്യത്തിന്റെ ഔന്നത്യമാണ്‌ വ്യക്തമാക്കുന്നത്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അവ്യക്തമായ ആദ്യകാല ചരിത്രരൂപീകരണത്തിന്‌ ഉതകുന്ന ഉപകരണമായി ചരിത്രകാരന്മാരും രാമായണത്തെ തെരഞ്ഞെടുത്തിട്ടുണ്ട്‌.

ഏഴ്‌ ഭാഗങ്ങളായാണ്‌ രാമായണം വിഭജിച്ചിട്ടുള്ളത്‌. ഒരോ ഭാഗത്തിനും കാണ്ഡം എന്നാണ്‌ വിളിക്കുന്നത്‌. ഓരോ കാണ്ഡവും കഥയുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതോടൊപ്പം വ്യക്തമായ സ്വതന്ത്രരൂപത്തോടെയാണ്‌ വികസിക്കുന്നത്‌. ഏഴ്‌ കാണ്ഡങ്ങളിലൂടെ രാമന്റെ ജനനവും ജീവിതഗതിയും മരണവും ചിത്രീകരിക്കുമ്പോള്‍ തന്നെ ജീവിത വൈവിധ്യവും സ്ഥലചരിതവും ഇഴചേര്‍ത്തിരിക്കുന്നു. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണ്‌ കാണ്ഡങ്ങള്‍ തരം തിരിച്ചിട്ടുള്ളത്‌.ബാലകാണ്ഡത്തില്‍ രാമന്റെ ജന്മത്തെ കുറിച്ചും ബാല്യത്തിലെ അല്‍ഭുതകരമായ ജീവിതാനുഭവങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

അയോധ്യാകാണ്ഡത്തില്‍ ദശരഥന്റെ ശപഥത്തെ കുറിച്ചും കൈകേയിയുടെ ക്രൂരതയെ കുറിച്ചും വിശദമാക്കുന്നു. രാമന്റെയും ലക്ഷ്‌മണന്റെയും സീതയുടെയും വനവാസകാലത്ത ദുരിതങ്ങളാണ്‌ ആരണ്യകാണ്ഡത്തിലുള്ളത്‌. തുടര്‍ന്ന്‌ കാട്ടില്‍ വച്ച്‌ സീതിയെ രാവണന്‍ തട്ടിക്കൊണ്ടുപോകുന്നു. ഈ കഥയാണ്‌ കിഷ്‌കിന്ധാകാണ്ഡത്തില്‍ പറയുന്നത്‌. കിഷ്‌കിന്ധാകാണ്ഡത്തിലാണ്‌ വാരനനരാജ്യത്തെ കുറിച്ച്‌ പറയുന്നത്‌. പിന്നീട്‌ വാനരന്മാര്‍(ഹനുമാനും സുഗ്രീവനും അടക്കമുള്ള സംഘം) സീതാന്വേഷണത്തിനിറങ്ങുന്നു. സുന്ദരകാണ്ഡത്തിലാണിത്‌. സുന്ദരകാണ്ഡം രാമായണത്തിലെ ഏറ്റവും ആവേശകരമായി തിളങ്ങി നില്‍ക്കുന്ന ഹനുമാന്റെ ഹീറോയിസം സുന്ദരകാണ്ഡത്തിലാണ്‌.

രാമായണത്തില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ പേരിലുള്ള ഏക കാണ്ഡവും ഇത്‌ തന്നെ. സുന്ദരന്‍ എന്നാല്‍ കുരങ്ങന്‍ എന്നാണ്‌ മൂലാര്‍ത്ഥം. ഹനുമാന്‍ വാനരവംശത്തില്‍ പിറന്നവന്‍ ആണല്ലോ. അതുകൊണ്ടാണ്‌ വാനരന്റെ (ഹനുമാന്റെ) അധ്യായം എന്ന അര്‍ത്ഥത്തില്‍ സുന്ദരകാണ്ഡം എന്ന്‌ ഈ ഭാഗത്തിന്‌ പേര്‌ നല്‍കിയത്‌. രാമന്റെ ദൂതനായി ഹനുമാന്‍ ലങ്കയിലെത്തുന്നു. സീതയെ കാണുന്നു സന്ദേശം കൈമാറുന്നു.

അശോകവനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സീതിയെ മോചിപ്പിക്കാന്‍ രാമന്റെ നേതൃത്വത്തില്‍ വാരനസൈന്യം രാവണനോട്‌ ഏറ്റുമുട്ടുന്ന ഭാഗമാണ്‌ യുദ്ധകാണ്ഡം. സീതയെ മോചിപ്പിച്ചതിനു ശേഷമുള്ള സംഭവബഹുലമായ വഴിത്തിരിവുകളും കഥാന്ത്യവുമാണ്‌ ഉത്തരകാണ്ഡത്തിലുള്ളത്‌. സീതയുടെ തിരോധാനവും രാമന്റെ അന്ത്യയാത്രയും മറ്റും മറ്റും....

Monday, July 26, 2010

രാമായണം കമ്പര്‍ മുതല്‍ മണിരത്‌നം വരെ

രാമകഥയുടെ പുനരാഖ്യാനങ്ങളെ കുറിച്ച്‌ കുറച്ചധികം പറഞ്ഞു. എന്നാല്‍ രാമായണം എന്ന ആദി കാവ്യത്തിന്റെ വ്യാപ്‌തി പോലെ തന്നെയാണ്‌ അതിന്റെ അനുബന്ധ വിശദാംശങ്ങള്‍ക്കും ഉള്ളത്‌. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒന്നാണത്‌.

കാവ്യത്തെക്കാള്‍ വളര്‍ന്ന കാവ്യവ്യാഖ്യാനങ്ങള്‍... ഭാഷ വളര്‍ന്ന്‌ തുടങ്ങിയ കാലത്ത്‌ കേരളം എന്ന ചെറിയ ദേശത്തുണ്ടായ അനുബന്ധ രാമായണങ്ങള്‍ എത്രയാണെന്ന്‌ കണ്ടില്ലേ. എന്നാല്‍ കേരളത്തിന്‌ പുറത്തുണ്ടായ രാമായണങ്ങളുടെ കണക്ക്‌ നമ്മെ അല്‍ഭുതപ്പെടുത്തും.

കാമില്‍ ബുല്‍ക്കെ കണ്ടെത്തിയ 64 രാമായണ വ്യാഖ്യാനങ്ങള്‍ കൂടാതെ പിന്നെയും നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടത്രെ, രാമായണത്തിന്‌. കാമില്‍ ബുല്‍ക്കെ വൈവിധ്യമുള്ള പ്രാദേശിസ വ്യാഖ്യാനങ്ങളായ കൃതികളെയാണ്‌ പ്രധാനമായും കണക്കിലെടുത്തത്‌. ആ അറുപത്തി നാല്‌ കൂടാതെ നൂറോളം വ്യാഖ്യാനങ്ങള്‍ വേറെയുമുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ കണ്ടെത്തിയത്‌. അവയില്‍ മലയാള ഭാഷയിലെ ചില കൃതികളാണ്‌ കഴിഞ്ഞ ദിവസം പരിശോധിച്ചത്‌.





ഇന്ത്യയിലെ മറ്റ്‌ നിരവധി ഭാഷകളിലും രാമായണത്തിന്‌ പുനരാഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്‌. സാഹിത്യ സമ്പന്നമായ പ്രധാന ഇന്ത്യന്‍ പ്രാദേശിക ഭാഷകളായ ഹിന്ദി, തമിഴ്‌, കന്നഡ തുടങ്ങിയ ഭാഷകളിലും ദേവഭാഷയായി അറിയപ്പെടുന്ന സംസ്‌കൃതത്തിലുമാണ്‌ പ്രധാനമായവ രൂപപ്പെട്ടത്‌. ചിലവ എഴുത്തുകാരന്റെ പേരിലും മറ്റ്‌ ചിലവ സ്വതന്ത്രമായും അറിയപ്പെടുന്ന രാമായണങ്ങളാണ്‌.



അനന്തരാമായണം, ആധ്യാത്മരാമായണം, കമ്പരാമായണം തുടങ്ങിയവയാണ്‌ സ്വതന്ത്രമായി എഴുത്തുകാരനെ അപ്രസക്തമാക്കി നിലകൊള്ളുന്നവ. അതില്‍ കമ്പരാമായണം കമ്പരാണെഴുതിയതെന്നും ആധ്യാത്മരാമായണം ഒരു ബ്രാഹ്മണനാണെഴുതിയതെന്നും ഉള്ള ചില നിഗമനങ്ങളില്‍ ഭാഷാ ശാസ്‌ത്രജ്ഞന്മാര്‍ എത്തുന്നുണ്ട്‌. തമിഴ്‌ജനതയുടെ ദ്രാവിഡസംസ്‌കാരത്തിന്റെ തെളിവെന്നോണം രാവണനാണ്‌ കമ്പരുടെ നായകനായി എത്തുന്നത്‌. വനവാസത്തിനിടെ വേദവതിയെന്ന യുവതിയെ ബലാല്‍ക്കാരത്തിന്‌ വിധേയയാക്കി വര്‍ഷങ്ങള്‍ക്ക്‌ ശേഷം വേദവതിയിലുണ്ടായ സീതയെന്ന തന്റെ പുത്രിയെ കുറിച്ചറിയുകയും ആ മകളെ കാണാന്‍ അവളെ തട്ടിക്കൊണ്ട്‌ വന്ന്‌ അശോകവനിയില്‍ പാര്‍പ്പിക്കുകയും ചെയ്‌ത വീരനാണ്‌ രാവണന്‍.





രാവണന്‍ സീതയെ പരിശുദ്ധയായി കാണുന്ന അസുരനായകനാണ്‌ കമ്പരുടെത്‌. ഇപ്പോഴും രാവണനെ നായകനാക്കി നിരവധി കൃതികള്‍ തമിഴിലുണ്ടാകുന്നുണ്ട്‌. വയലാറിന്റെ രാവണപുത്രിയും ഏറ്റവും ഒടുവില്‍ ഇറങ്ങിയ മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചലചിത്രവും അത്തമൊരു കഥാബീജമാണ്‌ വ്യഖ്യാനിക്കുന്നത്‌. അരുണാചലകവിയുടെ രാമനാടകം, ഭവഭൂതിയുടെ മഹാവീര ചരിതം, സ്വാമിദേശികന്റെ രഘുവീര ചരിതം, തുളസീദാസിന്റെ രാമചരിതമാനസം എന്നിവയും പരിഗണനാര്‍ഹമായി നില്‍ക്കുന്ന കൃതികളാണ്‌.





ഓരോ പ്രദേശത്തിന്റെയും ഭാഷയുടെയും സാസ്‌കാരിക വൈവിധ്യങ്ങളുടെയും കാഴ്‌ചപ്പാടിന്റെ ആകെ തന്നെയും പ്രത്യേകതകള്‍ ഈ കൃതികള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്‌. ആത്മനിഷ്‌ഠമായും സാമൂഹികമായും ഉള്ള എഴുത്തുകാരന്റെ വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങള്‍ ഏറിയും കുറഞ്ഞും അവിടവിടെ കാണാം. ഈ കൃതികളിലെല്ലാം ഭക്തിയും (ആധ്യാത്മരാമായണം...) പ്രണയവും (രാമചരിതമാനസം...) ആവശ്യത്തിന്‌ അനുയോജ്യമായ രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്‌ എന്ന്‌ കാണുമ്പോള്‍ അക്കാര്യം വ്യക്തമാകും. യുദ്ധത്തിന്റെ സാഹിത്യസാധ്യതകളെയും പലപ്പോഴും എഴുത്തുകാരന്‍ മനോഹരമായി ഉപയോഗിക്കുന്നുണ്ട്‌.





സ്വാമി ദേശികന്റെ ഹംസ സന്ദേശം ശ്രദ്ധേയമായ അവതരണ രീതിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കാളിദാസന്റെ മേഘസന്ദേശത്തെ അനുകരിച്ചെഴുതിയ കൃതിയില്‍ മേഘത്തിന്റെ സ്ഥാനത്ത്‌ ഹംസമാണ്‌ എന്ന്‌ മാത്രം. ലങ്കയില്‍ നിന്ന്‌ സീത രാമന്‌ ഹംസം വഴി സന്ദേശമയക്കുന്നതാണ്‌ ഹംസ സന്ദേശത്തിന്റെ കഥാബീജം. രാമകഥ രാജ്യത്തിനകത്തും പുറത്തും പല രീതിയില്‍ പ്രചാരത്തിലുണ്ട്‌. ബര്‍മ, ചൈന, ഇന്തോനേഷ്യ, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളിലെ സമൂഹങ്ങള്‍ ഇന്ത്യയിലേതുപോലെ തന്നെ പ്രാധാന്യം നല്‍കി ആധ്യാത്മികമായ തലം തിരിച്ചറിഞ്ഞ്‌ തന്നെയാണ്‌ രാമായണത്തെ സ്വീകരിച്ചിരിക്കുന്നത്‌.

Sunday, July 25, 2010

രാമായണം എഴുത്തച്ഛന്‌ മുമ്പ്‌


എഴുത്തച്ഛന്റെ ആധ്യാത്മ രാമായണത്തിന്‌ മുമ്പ്‌ തന്നെ വാല്‍മീകി രാമായണത്തിന്‌ കേരളത്തില്‍ നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മലയാള ഭാഷ ഒരു സ്വതന്ത്രരൂപം കൈവരിക്കുന്ന കാലഘട്ടത്തിലാണ്‌ ഈ കൃതികളെല്ലാം പിറക്കുന്നത്‌ എന്നതുകൊണ്ട്‌ അതിന്‌ ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്‌. പതിനഞ്ചാംശതകത്തിന്‌ അടുത്ത്‌ (മുമ്പും പിന്നിലുമായി) നിരവധി പൗരാണിക കൃതികള്‍ക്ക്‌ പ്രാദേശിക-ദേശ്യഭാഷ്യങ്ങള്‍ ചമയ്‌ക്കുന്നതില്‍ കവികള്‍ വ്യാപൃതരായി.


സജീവമായി സമൂഹത്തില്‍ നടന്നിരുന്ന ഈ കാവ്യമുന്നേറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായ കൃതി രാമായണമാണ്‌. കേരളത്തിലും അതുതന്നെയായിരുന്നു സ്ഥിതി. ഇവിടെയും രാമായണഭാഷ്യങ്ങള്‍ നിരവധി വന്നു. കഥയുടെ പ്രത്യേകത കൊണ്ടും ആധ്യാത്മികമായ തലം പ്രദാനം ചെയ്യാനുള്ള എല്ലാസാധ്യതകളും ഉള്ളതുകൊണ്ടും നന്മ ആത്യന്തികമായി പ്രഘോഷണം ചെയ്യുന്ന കൃതി എന്ന നിലയ്‌ക്ക്‌ രാമായണത്തിന്‌ പ്രാദേശിക വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നവര്‍ക്ക്‌ നിരവധി ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഒമ്പതാം ശതകത്തില്‍ തന്നെ കേരളീയനായ കുലശേഖര ആള്‍വാര്‍ 33 പാട്ടുകളില്‍ രാമായണം ചുരുക്കി അവതരിപ്പിച്ചിരുന്നു.


പിന്നീട്‌ രണ്ടുമൂന്ന്‌ ശതകങ്ങള്‍ക്ക്‌ ശേഷമാണ്‌ രാമായണ ഭാഷ്യങ്ങള്‍ കൂടുതല്‍ വരുന്നത്‌. രാമായണം ചമ്പു, രാമകഥപ്പാട്ട്‌, രാമചരിതം, കണ്ണശരാമായണം തുടങ്ങിയവയാണ്‌ അതില്‍ പ്രധാനം.വാല്‍മീകി രാമായണത്തെ അതുപോലെ അനുവര്‍ത്തിക്കുകയാണ്‌ രാമായണം ചമ്പുവില്‍ ചെയ്യുന്നത്‌. 1500നും 1550നും ഇടയില്‍ എഴുതപ്പെട്ടതായി കണക്കാക്കുന്ന രാമായണം ചമ്പുവിന്റെ കര്‍ത്താവ്‌ പുനം നമ്പൂതിരിയാണെന്ന്‌ കരുതുന്നു. 1400നു ശേഷം രചിച്ച രാമകഥപ്പാട്ടിന്റെ കര്‍ത്താവ്‌ അയ്യിപ്പിള്ളി ആശാനാണ്‌.


പിന്നീട്‌ മലയാളത്തില്‍ രൂപം കൊണ്ട ലക്ഷണമൊത്ത ആദ്യ കാവ്യമായി കരുതുന്ന രാമചരിതം 1200നും 1500നും ഇടയില്‍ എഴുതപ്പെട്ടതാണെന്ന്‌ കരുതപ്പെടുന്നു. ഒരു ചീരാമനാണ്‌ രാമചരിതത്തിന്റെ കര്‍ത്താവ്‌. ഇതുവരെ വാല്‍മീകി രാമായണത്തില്‍ നിന്ന്‌ ഏതെങ്കിലും ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയെടുത്ത്‌ വികസിപ്പിച്ച കാവ്യങ്ങളെക്കുറിച്ചാണ്‌ പറഞ്ഞത്‌.എന്നാല്‍ മലയാളത്തിലെ ആദ്യസമ്പൂര്‍ണരാമായണം കണ്ണശപ്പണിക്കരുടെ കണ്ണശരാമായണമാണ്‌.


ആധ്യാത്മരാമായണം എഴുതാന്‍ എഴുത്തച്ഛനെ ഏറെ സ്വാധീനിച്ചതും കണ്ണശന്റെ രാമായണമാണ്‌. 1500നോടടുത്ത്‌ എഴുതപ്പെട്ട ആ കൃതി ഇന്നും അദ്വിതീയമായി നില്‍ക്കുന്ന രാമായണ കാവ്യമാണ്‌.

രാവണന്‍- സീതയെ മോഹിക്കുന്ന നായകനും വില്ലനും


അതിശയിപ്പിക്കുന്ന കല്‍പനാ വൈവിധ്യമാണ്‌ രാമായണത്തില്‍ കാണുന്നത്‌. കഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സൃഷ്‌ടിയില്‍ അനുപമമായ പ്രതിഭയാണ്‌ വിളങ്ങിനില്‍ക്കുന്നത്‌. അവതാരങ്ങളിലൊന്നായ രാമന്‍, ദശമുഖനായ രാവണന്‍, ഉറക്കത്തിന്റെ മൂര്‍ത്തരൂപമായി കുംഭകര്‍ണന്‍, ഹനുമാന്‍, ജടായു സുഗ്രീവന്‍, മായാവി... അങ്ങനെ നാം ഭ്രമാത്മകമായ ഒരു ആധ്യാത്മിക ലോകത്തെത്തിപ്പെട്ടതായി രാമായണം ബോധ്യപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായി തീര്‍ന്ന പുരാണ കഥാപാത്രങ്ങളിലൊന്നാണ്‌ രാമായണത്തിലെ രാവണന്‍. വിസ്‌മയിപ്പിക്കുന്ന പാത്രസൃഷ്‌ടീ വൈഭവമാണ്‌ ഇവിടെ പ്രകടിപ്പിച്ചിട്ടുള്ളത്‌.


ദശമുഖന്‍ എന്നത്‌ കേവലമൊരു രൂപകല്‍പനയല്ലെന്നും വ്യാപകമായ അര്‍ത്ഥതലങ്ങളുണ്ടെന്നും മനസ്സിലാക്കുമ്പോഴാണ്‌ ആദിവകവിയുടെ മഹത്വം ബോധ്യപ്പെടുക. വിശ്രവസ്സിന്‌ കൈകസിയില്‍ പിറന്ന പുത്രനാണ്‌ രാവണന്‍. ഇതേ ബന്ധത്തില്‍ വിശ്രവസ്സിന്‌ കുബേരന്‍ എന്ന പുത്രനും പിറന്നിട്ടുണ്ട്‌. വിഭീഷണന്‍, കുംഭകര്‍ണന്‍ എന്നിവര്‍ വിശ്രവസ്സിന്‌ മറ്റ്‌ ഭാര്യമാരില്‍ പിറന്ന മക്കളാണ്‌. രാവണന്റെ ജനനം തന്നെ അല്‍ഭുതമായിരുന്നു. ജനിച്ചുവീണപ്പോള്‍ തന്നെ രാവണന്‍ അല്‍ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ പ്രവചനങ്ങളുണ്ടായിരുന്നുവത്രെ.


ലങ്കാധിപനായ കുബേരനില്‍ നിന്ന്‌ രാജ്യം പിടിച്ചെടുത്തപ്പോള്‍ രാവണന്റെ വളര്‍ച്ച അജയ്യനായ പോരാളിയുടെ മാര്‍ഗത്തിലൂടെയായിരുന്നു. പഞ്ചാഗ്നിയില്‍ തപസ്സ്‌ ചെയ്‌ത്‌ മനുഷ്യനല്ലാത്ത ആര്‍ക്കും തന്നെ വധിക്കാന്‍ കഴിയില്ലെന്ന വരം ബ്രഹ്മാവില്‍ നിന്ന്‌ നേടിയ രാവണന്‍ ലോകം കണ്ട ഏറ്റവും വലിയ ഹീറോകളിലൊരാളായി തീര്‍ന്നത്‌ ആ കഥാപാത്രം പുലര്‍ത്തുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌. കുബേരന്‍ രാവണനോട്‌ തുടര്‍ച്ചയായി പോരിനെത്തിയെങ്കിലും രാക്ഷസനായതിനാല്‍ ജയം അസാധ്യമായി.


കുടുംബനാഥന്‍ എന്ന നിലയിലും രാവണന്‍ സ്‌നേഹസമ്പന്നനാണ്‌. മണ്ഡോദരിയില്‍ മേഘനാഥന്‍, അക്ഷകുമാരന്‍, അതികായന്‍ എന്നിങ്ങനെ മൂന്ന്‌ പുത്രന്മാരാണ്‌ രാവണനുള്ളത്‌. സീതയില്‍ മോഹമുദിച്ച്‌ രാവണന്‍ സീതയെ തട്ടിക്കൊണ്ടുവന്ന്‌ അശോകവനിയില്‍ താമസിപ്പിച്ചെങ്കിലും സീതയുടെ പാതിവ്രത്യത്തെ കുറിച്ചും മാനുഷിക ബോധം പുലര്‍ത്തി പെരുമാറാന്‍ രാവണന്‌ കഴിഞ്ഞു എന്നതാണ്‌ സാധാരണ വില്ലന്‍ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്ന രാവണന്റെ കഥാപാത്രസവിശേഷത.


ഒരു സ്‌ത്രീയുടെയും സമ്മതമില്ലാതെ അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്ന പഴയ ശാപത്തിന്റെ കഥയാണ്‌ ആദികവി പറയുന്നതെങ്കിലും രാവണന്‍ നന്മയുള്ളവനാണെന്ന നിലയിലാണ്‌ രാമായണത്തിന്റെ കമ്പരാമായണമടക്കമുള്ള പ്രാദേശിക ഭേദങ്ങളില്‍ അവതരിപ്പിക്കുന്നത്‌. രാവണനെ നായകസങ്കല്‍പ്പത്തില്‍ നോക്കിക്കാണുന്ന കൃതിയാണ്‌ കമ്പരാമായണം. കമ്പരാമായണത്തില്‍ രാവണന്‍ സീതയുടെ പിതാവാണ്‌. കാട്ടില്‍ വച്ച്‌ രാവണന്‍ ബലാല്‍ക്കാരം ചെയ്‌ത വേദവതിക്ക്‌ പുറന്ന പുത്രി. സീതയെന്ന തന്റെ മകളെ ഒരുനോക്കുകാണാന്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോരുകയാണ്‌ കമ്പരാമായണത്തില്‍.


അവസാനം രാമന്‍ പാതിവ്രത്യത്തില്‍ സംശയിച്ച്‌ സീതിയെ ഉപേക്ഷിക്കുന്നു.അതുപോലെ രാവണന്റെ പത്ത്‌ തലയെ കുറിച്ചും വ്യത്യസ്‌തമായ നിരവധി വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. രാവണന്റെ വ്യത്യസ്‌ത ഭാവങ്ങളെ സൂചിപ്പിക്കുന്നതാണ്‌ ദശമുഖം എന്നാണ്‌ ചിലര്‍ പറയുന്നത്‌. രാവണന്റെ ശക്തി പ്രകടിപ്പിക്കാനാണ്‌ പത്ത്‌ തല കല്‍പ്പിക്കുന്നതെന്ന്‌ ചിലര്‍ പറയുന്നത്‌. ഒടുവില്‍ രാമന്‍ എന്ന ഒരു മനുഷ്യനാല്‍ തന്നെ രാവണന്‍ വധിക്കപ്പെടുന്നു.

Friday, July 23, 2010

വാല്‍മീകത്തിനുള്ളിലെ രത്‌നാകരന്‍...


രാമായണത്തെ കുറിച്ചുള്ള വിചാരങ്ങളില്‍ ആരാണ്‌ വാല്‍മീകി എന്ന ചര്‍ച്ചയാവും ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്നുവന്നിട്ടുണ്ടാകുക. അതൊരു സ്വാഭാവികമായ ചോദ്യമാണ്‌. കാരണം ആദികവിയെന്ന നിലയില്‍ ലോകസാഹിത്യ വിചാരങ്ങളില്‍ നിരന്തരം ഇടപെടുകയാണല്ലോ വാല്‍മീകി. വാല്‍മീകി എന്നവ്യക്തിയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള കഥകളും നിരവധിയാണ്‌. ഏറ്റവും രസകരം രാമായണം മുഴുവന്‍ എഴുതിയത്‌ ഒരാളാണോ എന്ന ചര്‍ച്ചയാണ്‌.


ആധുനിക കാലത്ത്‌ ഒരാള്‍ക്കുണ്ടാകാവുന്ന സ്വാഭാവിക സംശയമാണത്‌. അതുമാത്രമല്ല അങ്ങനെയെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്‌ ആരാകും എന്നതും കൗതുകം ജനിപ്പിക്കുന്ന സന്ദേഹമാണ്‌. രാമയണ കര്‍ത്താവായ വാല്‍മികിയെ കുറിച്ച്‌ കൃത്യമായ വിവരങ്ങളൊന്നുമില്ല. ലഭ്യമായിട്ടുള്ളത്‌ വാല്‍മീകിയുമായി ബന്ധപ്പെട്ട്‌ പറഞ്ഞ്‌ കേള്‍ക്കുന്ന കഥകള്‍ മാത്രമാണ്‌. ഇതില്‍ ചിലത്‌ സാരോപദേശരൂപത്തിലുള്ള ആധ്യാത്മിക ചൈതന്യം പരത്തുന്ന കഥയാണ്‌. കാട്ടാളനായും കുടുംബനാഥനായും കവിയായും വാല്‍മീകി നമുക്ക്‌ മുന്നിലെത്തുന്നു. കഥകളില്‍ ഏറെ പ്രചാരം രത്‌നാകരന്‍ എന്ന കാട്ടാളന്റെ കഥയാണ്‌.


രത്‌നാകരന്‍ കാട്ടുമൃഗങ്ങളെ വേട്ടയാടുകയും ആളുകളെ കൊള്ളയടിക്കുകയും ചെയ്യുക പതിവാണ്‌. കൊള്ളടയിച്ച പണം കൊണ്ടാണ്‌ രത്‌നാകരന്‍ കുടുംബം പുലര്‍ത്തിയിരുന്നത്‌. അങ്ങനെയിരിക്കെ ഒരിക്കല്‍ രത്‌നാകരന്‍ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന നാരദനെ ര്‌തനാകരന്‍ ആക്രമിച്ചു. എന്തിനാണ്‌ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നതെന്ന്‌ നാരദന്‍ രത്‌നാകരനോട്‌ ചോദിച്ചു. ഇത്തരം ക്രൂരപ്രവൃത്തികള്‍ ചെയ്‌താല്‍ പാപം ലഭിക്കുമെന്നും അത്‌ താങ്ങാന്‍ നിങ്ങള്‍ക്കാകില്ലെന്നും നാരദന്‍ പറഞ്ഞു.സ എന്നാല്‍ നാരദന്റെ ചോദ്യങ്ങള്‍ക്ക്‌ എല്ലാം കുടുംബം നോക്കാനാണ്‌ എന്ന മറുപടിയാണ്‌ രത്‌നാകരന്‍ പറഞ്ഞത്‌.


അപ്പോള്‍ താങ്കള്‍ ചെയ്യുന്ന പാപത്തിന്റെ പാതി കുടുംബം വഹിക്കുമോ എന്ന്‌ നാരദന്‍ തിരിച്ചുചോദിച്ചു. ആ ചോദ്യത്തിന്‌ മുന്നില്‍ നാരദന്‍ പതറി. പിന്നീട്‌ വീട്ടിലെത്തിയ രത്‌നാകരന്‍ ഭാര്യയോടും മക്കളോടും ആ നിര്‍ണായകമായ ചോദ്യം ചോദിച്ചു. നിങ്ങള്‍ എന്റെ പാപത്തിന്റെ പാതി ഭാരം ഏല്‍ക്കുമോ എന്ന്‌.എന്നാല്‍ രത്‌നാകരനെ ഞെട്ടിച്ചുകൊണ്ടായിരുന്നു അവരുടെ മറുപടി.


പാപങ്ങളെല്ലാം സ്വയം അനുഭവിച്ചുകൊള്ളണമെന്നായിരുന്നു അവര്‍ പറഞ്ഞത്‌. തുടര്‍ന്ന്‌ അലഞ്ഞുനടന്ന രത്‌നാകരന്‍ പാപമോചനത്തിനായി രാമകഥ ജപിക്കണമെന്ന നാരദന്റെ ഉപദേശം അനുസരിച്ചു. അങ്ങനെയാണ്‌ കാട്ടില്‍ ഇണക്കിളികളിലൊന്ന്‌ അമ്പേറ്റ്‌ വീണത്‌ കണ്ട വാല്‍മീകി ആ കാവ്യം പാടിത്തുടങ്ങിയത്‌. ദീര്‍ഘകാലം ഒരിടത്തിരുന്ന്‌ രത്‌നാകരന്‍ കഥപറഞ്ഞുകൊണ്ടിരുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ രത്‌നാകരന്‌ ചുറ്റും വാല്‍മീകം(ചിതല്‍ പുറ്റ്‌)രൂപപ്പെട്ടു. എന്നിട്ടും വാല്‍മീകി ലോകം കേള്‍ക്കെ പാടിക്കൊണ്ടിരുന്നു.


കാലങ്ങളോളം തനിക്ക്‌ ചുറ്റും വാല്‍മീകം(ചിതല്‍പ്പുറ്റ്‌) രൂപപ്പെട്ടതിനാല്‍ ര്‌തനാകരന്‍ വാല്‍മീകി എന്നറിയപ്പെട്ടു. അങ്ങനെ ലോകമറിയുന്ന മഹാഋഷിയുമായി. തന്റെ പാപപരിഹാരാര്‍ത്ഥം ആലപിച്ച രാമകഥ അദ്ദേഹത്തിനൊപ്പം ലോകത്തിനാകെ ആധ്യാത്മികമോക്ഷമായി.

Thursday, July 22, 2010

എന്തുകൊണ്ട്‌ കിളിപ്പാട്ട്‌..?


ആദികാവ്യമായ വാല്‍മീകി രാമായണത്തിന്‌ നിരവധി മാനങ്ങളുള്ള പ്രാദേശിക രാമായണങ്ങള്‍ ലോകപ്രശസ്‌തങ്ങളായിട്ടുണ്ട്‌. അത്തരമൊരു സ്വതന്ത്രആഖ്യാനമാണ്‌ ആധ്യാത്മരാമായണം. രാമനെ ദൈവമായി ചിത്രീകരിച്ച്‌ എഴുതിയ ഒരു മഹാകാവ്യം. ആധ്യാത്മാരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ്‌ മലയാള ഭാഷയുടെ പിതാവ്‌ എഴുത്തച്ഛന്റെ മഹാപ്രതിഭയില്‍ നിന്ന്‌ ഇതളെടുത്ത ആധ്യാത്മരാമായണം കിളിപ്പാട്ട്‌.



കിളിയെ കൊണ്ട്‌ രാമദേവന്റെ കഥ പറയിക്കുന്ന ആധ്യാത്മരാമായണം കിളിപ്പാട്ട്‌ കേരളത്തിന്റെ ഭക്തിയുടെ പ്രതീകമായി ഉരുവം കൊണ്ടത്‌ കിളിപ്പാട്ടിന്റെ മാഹാത്മ്യം കൂടിയാണ്‌.`ശാരികപ്പൈതലേ ചാരിശൂലേ വരികാരോമലേ കഥാശേഷവും ചൊല്ലുനീ'

എന്ന രീതിയില്‍ കളിപാടുന്ന രാമകഥയാണ്‌ ആധ്യാത്മരാമായണത്തില്‍ എഴുത്തച്ഛന്‍ ആവതരിപ്പിച്ചത്‌. കിളിയെ കൊണ്ട്‌ അഭിസംബോധന ചെയ്യിച്ച്‌ കാവ്യരചനയിലേര്‍പ്പെടുന്നതിനെ കിളിപ്പാട്ട്‌ എന്നാണ്‌ വിളിച്ചുപോരുന്നത്‌. കളിപ്പാട്ട്‌ രീതി മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ എഴുത്തച്ഛനെയാണ്‌ കിളിപ്പാട്ടിന്റെ ഉപജ്ഞാതാവായി കരുതിപ്പോരുന്നത്‌. ചരിത്രപരമായി തമിഴില്‍ നിന്നുള്ള കിളിദൂത്‌, കിളിവിടുത്ത്‌ എന്നീ സമ്പ്രദായങ്ങളുടെ വകഭേദമാണിത്‌. തുഞ്‌ടന്‍ എന്തിനാണ്‌ കിളിയെക്കൊണ്ട്‌ പാടിച്ചത്‌ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ പലപ്പോഴു സാഹിത്യ ലോകത്തുണ്ടായിട്ടുണ്ട്‌.

കവി ഒരു ചക്കാലനായര്‍ സ്‌ത്രീയുടെ മകനായി പിറന്നതുകൊണ്ട്‌ ഉന്നതകുലജാതര്‍ അകറ്റിനിര്‍ത്താതെ കാവ്യം സ്വീകരിക്കുന്നതിന്‌ വേണ്ടിയാണ്‌ കിളിയെക്കൊണ്ട്‌ പാടിച്ചത്‌ എന്നത്‌ പ്രബലമായ ഒരു വാദമാണ്‌. എന്നാല്‍ കവിക്ക്‌ അറം പറ്റാതിരിക്കാന്‍ കിളിപ്പാട്ട്‌ സ്വീകരിച്ചുഎന്ന വാദവുമുണ്ട്‌. മാത്രമല്ല, സരസ്വതീ ദേവിയുടെ കൈയിലെ കിളിയെ ഓര്‍ത്തുകൊണ്ട്‌ കാവ്യരചനയിലേര്‍പ്പെട്ടതാണെന്നും ശുകരൂപത്തില്‍ ഈശ്വരന്‍ തുഞ്ചന്‌ ജ്ഞാനോപദേശം ചെയ്‌തവു#െന്നും അതിനാല്‍ ശുകമഹര്‍ഷിയെ സ്‌മരിക്കുന്നതാണെന്നും ഉള്ളവാദങ്ങളുമുണ്ട്‌. വാദങ്ങളെന്തൊക്കെയായാലും ഒരു ആധ്യത്മിക കൃതിക്ക്‌ അനുയോജ്യമായ രീതിയാണ്‌ കിളിപ്പാട്ട്‌ എന്ന കാര്യത്തില്‍ സംശയമില്ല.

ഓരോകാണ്ഡത്തിന്റെയും തുടക്കത്തിലും ഒടുക്കത്തിലും കിളിയെക്കൊണ്ട്‌ പാടിക്കുകയും സ്‌മരിക്കുകയും ചെയ്യുന്നുണ്ട്‌. ശ്രീരാമനാം പാടി വന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമ ചരിതം നീ ചൊല്ലിടൂ മടിയാതെ എന്ന തരത്തിലുള്ള തുടക്കം തന്നെ ആസ്വാദകന്‌ ഉന്നതമായ ആധ്യത്മിക അനുഭൂതി പ്രദാനം ചെയ്യുന്നുണ്ട്‌. കാണ്ഡങ്ങളുടെ പ്രഭയായി കിളി തുടക്കത്തിലും ഒടുക്കത്തിലും ഇടയ്‌ക്കും കടന്നുവരുന്നത്‌ ശ്രദ്ധേയമാണ്‌.

`ബദ്ധമോദം പരമാര്‍ത്ഥമിതൊക്കവേഭക്ത്യാ

പറഞ്ഞടങ്ങീ കിളിപ്പൈതലും'

Tuesday, July 20, 2010

മാനിഷാദ..!!!


കാവ്യമെന്നാല്‍ ശോകത്തില്‍ നിന്നുണ്ടാകുന്ന സംഗതിയാണ്‌ എന്ന്‌ മഹാകവികള്‍ വിശ്വസിച്ചിരുന്നു. പൗരസ്‌ത്യകാവ്യങ്ങളില്‍ ആദി കാവ്യമായി അറിയപ്പെടുന്ന രാമായണത്തെ കുറിച്ച്‌ നിരവധി കഥകള്‍ നിലവിലുണ്ട്‌. അതില്‍ പ്രധാനപ്പെട്ടത്‌ ശോകത്തില്‍ നിന്നുണ്ടായ മഹാകാവ്യത്തിന്റെ കഥയാണ്‌.


കാട്ടാള സ്വഭാവത്തില്‍ നിന്ന്‌ നന്മയുടെ മാര്‍ഗത്തിലേക്ക്‌ ചരിച്ച വാല്‍മീകിയെ കുറിച്ചെന്നതുപോലെ ഏറെ ആഘോഷിക്കപ്പെട്ടതും നിരവധി വിചിന്തനങ്ങള്‍ക്ക്‌ സാധ്യതയുള്ളതുമായ കഥകളാണ്‌ ആദികാവ്യത്തിന്റെ രചനയെ കുറിച്ചുമുള്ളത്‌. വാല്‍മീകിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന്റെ തുടര്‍ച്ചയായാണ്‌ രാമാണയം രൂപപ്പെട്ടത്‌.


വാല്‍മീകി കാട്ടിലൂടെ നടന്നുപോകവേ, തന്റെ മുമ്പില്‍ അമ്പേറ്റ്‌ വീണുപിടയുന്ന ഇണക്കിളികളിലൊന്നിനെ കണ്ടു. ആ കാഴ്‌ചയുണ്ടാക്കിയ ആഘാതം വാല്‍മീകിയുടെ മനസ്സിലെ തത്വചിന്തയുടെ ലോകത്താണ്‌ എത്തിച്ചത്‌. അപ്പോഴുണ്ടായ ആഘാതം അളവില്ലാത്തതായിരുന്നു. ആ ആഘാതത്തില്‍ നിന്നുണ്ടായ കാവ്യമാണത്രെ രാമായണം ഇണക്കിളികളിലൊന്ന്‌ വീണുകിടക്കന്നത്‌ കണ്ട വാല്‍മീകി ശോകത്തോടെ പാടി

`മാനിഷാദ പ്രതിഷ്‌ഠാംത്വമഗമ

ശാശ്വതീ സമായദ്‌ക്രൗഞ്ച

മിഥുനാദേഹ മവധീ

കാമമോഹിദം(ക്രൂരത അരുത്‌ കാട്ടാളാ, ഇണക്കികളിലൊന്നിനെ

കൊന്നത്‌ കൊണ്ട്‌ നീ ശാശ്വതമായ

ദുഷ്‌കീര്‍ത്തിക്ക്‌ പാത്രമായിരികട്ടെ)


ഈ വരികളില്‍ നിന്നാണ്‌ രാമായണത്തിന്റെ പിറവി. ഒരു ദുരന്തത്തില്‍ നിന്ന്‌ കാവ്യമുണ്ടായി എന്ന ആശയത്തിന്‌ വ്യാപകമായ അര്‍ത്ഥതലമുണ്ട്‌.


ആധുനിക കാലത്ത്‌ ദുരിതത്തില്‍ നിന്നുള്ള മോചനത്തിനായി സാഹിത്യത്തെ ഉപയോഗിക്കപ്പെട്ടതും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ സാഹിത്യത്തിലൂടെ നടത്താറുണ്ടെന്നുള്ള വസ്‌തുതയും ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കണം. അതുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ്‌, കലയ്‌ക്ക്‌ സാമൂഹ്യപ്രതിബദ്ധത ആവശ്യമുണ്ടോ ഇല്ലയോ എന്ന നിലയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍. എല്ലാത്തിനും ഉത്തരം രാമായണത്തിലുണ്ട്‌ എന്നതാണ്‌ അതിശയകരമായ വസ്‌തുത.


എന്തായാലും ശോകത്തില്‍ നിന്ന്‌ പോരാട്ടത്തിലേക്കും ആത്മാവിഷ്‌കരണത്തിന്റെ വൈവിധ്യങ്ങളിലേക്കും കാവ്യം ചരിക്കുമ്പോള്‍ രാമായണം നല്‍കുന്ന അടിത്തറ മറകാതിരിക്കുക.


കാവ്യസ്യാത്മാ സ ഏവാര്‍ത്ഥസ്‌തഥോ

ചാതി കവേ: പുരക്രൗഞ്ച ദ്വന്ത്വ

വവ്യോഗാര്‍ത്ഥശോക:ശ്ലോകത്വമാഗത:

(കാവ്യത്തെകുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍

പണ്ടുള്ള കവികള്‍ ശോകത്തില്‍ നിന്നാണ്‌

ശ്ലോകമുണ്ടായതെന്ന്‌ പറയുന്നു.)

Monday, July 19, 2010

മാപ്പിളരാമായണം: ലാമന്റെയും ലസ്‌മണന്റെയും കഥ


രാമായണത്തിന്റെ വൈവിധ്യങ്ങളെ കുറിച്ച്‌ ഫാദര്‍ കാമില്‍ ബുല്‍ക്കെയ്‌ക്ക്‌ ശേഷവും നിരവധി പേര്‍ പഠനം നടത്തിയിട്ടുണ്ട്‌. രാമായണത്തിന്റെ പ്രാദേശിക വകഭേദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്‌ മാപ്പിള രാമായണം.


വ്യത്യസ്‌തമായ ഒരു സമൂഹത്തിന്റെ സംസ്‌കാരവും ഭാഷയും ജീവിത രീതികളും ഉള്‍ക്കൊള്ളിച്ച്‌ എഴുതപ്പെട്ട രാമകഥയാണ്‌ മാപ്പിള രാമായണം. മലബാറില്‍ ഒരുകാലത്ത്‌ ഏറെ പ്രചാരമുണ്ടായിരുന്നതും ഇന്ന്‌ നാടോടി വിജ്ഞാനമേഖലയില്‍ സമ്പന്നമായ ഒരു ഭാഷാ ഉപാധിയായി സൂക്ഷിക്കപ്പെടുന്നതുമായ മാപ്പിള രാമായണം ഇസ്ലാം മതപശ്ചാത്തലത്തില്‍ രാമകഥ പറയുന്നു. മാപ്പിള രാമായണത്തില്‍ കഥയും കഥാപാത്രങ്ങളും വാല്‍മീകി രാമായണത്തില്‍ നിന്ന്‌ അതേപോലെ സ്വീകരിച്ചിരിക്കുന്നു.


എന്നാല്‍ അതില്‍ മതപരമായ ചില ചേരുവകള്‍ ചേര്‍ത്ത്‌ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയം. വടക്കേ മലബാറില്‍ ജീവിച്ചിരുന്ന മുസ്ലിം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്‌തിരുന്ന ഭാഷയും സംസ്‌കാരവും മാപ്പിളരാമായണത്തില്‍ കാണാം. ഭാഷാ ഗവേഷകര്‍ ഏറെ കൗതുകത്തോടെ നിരീക്ഷിച്ചിരുന്ന മാപ്പിള മലയാളമാണ്‌ മാപ്പിളരാമായണം എഴുതാന്‍ ഉപയോഗിച്ചിരിക്കുന്നത്‌.


മലയാളവും അറബിയും ചേര്‍ന്ന ഒരു സങ്കരയിനം മലയാള പ്രാദേശിക ഭേദമാണിത്‌. (ഉദാഹരണത്തിന്‌ നിക്കാഹ്‌ എന്നാണ്‌ വിവാഹം എന്നതിന്‌ പകരമായി മാപ്പിള രാമായണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.) അതുപോലെ കഥാപാത്രങ്ങളുടെ പേരുകളും മുസ്ലിംവല്‍ക്കരിച്ചിട്ടുണ്ട്‌. ഇവിടെ രാമന്‍ ലാമനും രാവണന്‍ ലാവണനുമാണ്‌. ലക്ഷ്‌മണന്റെ പേരും രസകരമാണ്‌. ലസ്‌മണന്‍ എന്ന നാട്ട്‌ പേരാണ്‌ അദ്ദേഹത്തിന്‌ നല്‍കിയിരിക്കുന്നത്‌. കാവ്യത്തിന്റെ ഈണവും മാപ്പിളപ്പാട്ടിന്റെതാണ്‌.`


പണ്ടീ താടിക്കാരനൗലി പാടി വന്ന പാട്ട്‌കേട്ടതല്ലീ നമ്മളീ രാമായണം കത പാട്ട്‌കര്‍ക്കടകം കാത്തുകാത്ത്‌ കുത്തീരിക്കും പാട്ട്‌കാത്‌ രണ്ടിലും വെരള്‌ ചൊല്ലി ചോരി കൂട്ടും പാട്ട്‌' എന്നിങ്ങനെയാണ്‌ വരികള്‍. അക്ഷരാര്‍ത്ഥത്തില്‍ മാപ്പിള വല്‍ക്കരിച്ച മാപ്പിള രാമായണത്തിന്റെ കഥാഗതി മാപ്പിള പാട്ടിന്റെ പതിവ്‌ രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. നര്‍മം ഉള്‍ച്ചേര്‍ത്ത്‌ കൊണ്ടുള്ള രചനാ ശൈലിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.


ശൂര്‍പ്പണഘയുടെ പ്രണയാഭ്യര്‍ത്ഥന, അശോകവനിയിലെ ഹനുമാന്റെ പ്രവേശനം, തുടങ്ങിയ രംഗങ്ങളാണ്‌ ഏറെ വ്യത്യസ്‌തവും ശ്രദ്ധേയവുമായിട്ടുള്ളത്‌. സാധാരണ നിലയില്‍ കവിഞ്ഞ അതിശയോക്തി കലര്‍ത്തി നിര്‍മിച്ചിട്ടുള്ളതാണ്‌ മാപ്പിള രാമായണം. മാപ്പിള പാട്ടിന്റെ ഈണത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ചോല്ലലാണ്‌ ഈ രാമായണത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്തൊക്കെയായാലും മലയാളത്തിന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നായ സാഹിത്യകൃതിയായി വേണം മാപ്പിളരാമായണത്തെ കാണാന്‍.

പല നാട്ടില്‍ പല പുഴ പോലെ രാമായണം

ഓരോരോ കരച്ചിലുണ്ടോരോരോ

നുരിക്കുമ്പിള്‍ഓരോരോ ചിരുതയുണ്ടിരിപ്പൂ

ചിരി ചൂടിജനകന്മാരും കൂടെപ്പാടുന്നു

രാമന്മാരും ജകനീയമീ മഞ്‌ജു

മൈഥിലീ മഹാകാവ്യം(എം.ഗോവിന്ദന്‍)

വാല്‍മീകിരാമായണം പലനാട്ടില്‍ പലതാണ്‌. ഒരു പുഴ തന്നെ പലരൂപത്തിലും ഭാവത്തിലും പലയിടത്തെന്ന പോലെ രാമായണത്തിന്റെയും വൈവിധ്യം വിപുലമാണ്‌. അതുകൊണ്ടാണ്‌ പറയുന്നത്‌ പലനാട്ടില്‍ പല ആറുകള്‍ പോലെയാണ്‌ രാമായണം എന്ന്‌. ഇന്ത്യയിലും രാജ്യത്തിന്‌ പുറത്തും രാമായണം പലതാണ്‌.


പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട്‌ വൈകാരികവും പ്രകൃതിപരവുമായി മാറ്റങ്ങള്‍ വരുത്തി നിരവധി അറിയപ്പെടാത്തതും അറിയപ്പെടുന്നവരുമായ കവികള്‍ രാമായണത്തിന്‌ വ്യാഖ്യാനങ്ങള്‍ രചിച്ചു. അതു കൊണ്ട്‌ തന്നെ ദേശ- സാമൂഹിക-ഭാഷാ വ്യത്യാസമനുസരിച്ച്‌ രാമായണത്തിന്‌ വകഭേദങ്ങളുമുണ്ടായി. രാമായണത്തിന്റെ വൈവിധ്യത്തെ കുറിച്ച്‌ ആദ്യം പഠനം നടത്തിയത്‌ ഭാരതീയരല്ല എന്നതാണ്‌ ഏറ്റവും രസകരം.

ബെല്‍ജിയംകാരനായ ഫാദര്‍ കാമില്‍ ബുല്‍ക്കെയുടെ ഗവേഷണമാണ്‌ കൃത്യമായ രാമായണ ലവൈവിധ്യങ്ങളിലേക്ക്‌ ആദ്യമായി ശ്രദ്ധയെത്തിച്ചത്‌. തന്റെ ഗവേഷണ ഫലമായി ഫാദര്‍ കമില്‍ ബുല്‍ക്കെ 64 രാമായണങ്ങള്‍ കണ്ടെത്തി. അറുപത്തി നാല്‌ രാമായണങ്ങളിലും അറുപത്തിനാല്‌ കഥകള്‍. കഥാപാത്രങ്ങളുടെ സ്ഥാനവും പേരും ഒന്നാണെങ്കിലും സ്വഭാവരീതികളിലും മറ്റ്‌ ഇടപെടലുകളിലും വലിയ വ്യതിയാനങ്ങള്‍.

തന്റെ പഠനം ഫാദര്‍ കാമില്‍ ബുല്‍ക്കെയെ രാമായണത്തിന്റെ അതിശയിപ്പിക്കുന്ന ലോകത്തിലേക്കാണ്‌ എത്തിച്ചത്‌. ഒരിടത്ത്‌ രാമന്‍ നായകന്‍, മറ്റൊരിടത്ത്‌ രാവണന്‍ വീരപുത്രന്‍... അങ്ങനെയെന്തൊക്കെ കാതലമായ വ്യത്യാസങ്ങള്‍. മാനുഷികതയിലും ധാര്‍മികതയിലും വ്യത്യസ്‌തരായ കഥാപാത്രങ്ങള്‍. ഇത്തരമൊരു വകഭേദമാണ്‌ അധ്യാത്മരാമായണം.

വാല്‍മീകി രാമായണത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ അധ്യാത്മരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമെന്ന നിലയിലാണ്‌ മലയാളത്തില്‍ അധ്യാത്മരാമായണം എഴുതുന്നത്‌. കാലങ്ങളായി കര്‍ക്കടകമാസം ഒന്നാം തീയതി മുതല്‍ ദുരിതരക്ഷയ്‌ക്കുള്ള പ്രാര്‍ത്ഥനയെന്നോണം അധ്യാത്മരാമായണപാരായണം മലയാളികളുടെ ശീലമായണ്‌. ഓരോ വീടുകളും അധ്യാത്മരാമായണത്തിന്റെ ആധ്യാത്മികലോകത്ത്‌ പ്രാര്‍ത്ഥനാ നിരതരാകുകയാണ്‌.

Related Posts with Thumbnails