Saturday, January 2, 2010

വിജയന്‍ മാഷിനോട്‌ കലിയടങ്ങാതെ പപ്പു..


മരിച്ചാലും തീരാത്ത പകയെന്ന കേട്ടിട്ടേയുള്ളൂ. കഴിഞ്ഞ ദിവസം അത്‌ കണ്ണൂരില്‍ കണ്ടു.

കഥയെഴുത്തിന്റെ അറുപതാം വര്‍ഷത്തിലെത്തിയ തന്നെ ആദരിക്കുന്ന ചടങ്ങില്‍ കഥയുടെ പെരുന്തച്ചന്റെ പ്രകടനമാണ്‌ സബാഷ്‌ എന്നുപുകഴ്‌തേണ്ട വൃത്തികേടുകള്‍ നിറഞ്ഞതായത്‌. യഥാര്‍ത്ഥ പെരുന്തച്ചന്റെ പക മകനോടായിരുന്നെങ്കില്‍ പദ്‌മനാഭന്റെ പക പ്രൊഫസര്‍ എം.എന്‍.വിജയനോടാണ്‌. മരിച്ചപ്പോള്‍ മുതല്‍ തന്റെ ആരാധ്യാനായ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്‌ അറിഞ്ഞതുമുതല്‍ പപ്പുവും സുകുവും പ്രൊഫസര്‍ എം.എന്‍ വിജയനെ തെറിവിളിക്കാന്‍ തുടങ്ങിയിരുന്നു. ഉന്നയിക്കപ്പെട്ട ആശയങ്ങള്‍ക്ക്‌ മറുപടി പറയാതെ വിജയന്‍ മാഷെ തെറിവിളിക്കുമ്പോള്‍ തന്നെ അവന്‍ എന്നെ പപ്പുവെന്ന്‌ വിളിച്ചു ഇവന്‍ എന്നെ സുകു എന്ന്‌ വിളിച്ചുതുടങ്ങിയ സ്‌കൂള്‍ കുട്ടികളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ബുദ്ധി കോശ്‌മാണ്ഡങ്ങളായ രണ്ട്‌ സാംസ്‌കാരിക നേതാക്കളെ കൊണ്ട്‌ കേരളം പൊറുതി മുട്ടിയിരിക്കുകയായിരുന്നു. ഇവരോട്‌ ഇടപെടാന്‍ പാടാണ്‌ എന്നതുകൊണ്ട്‌ തന്നെ പിണറായി വിജയന്‍ അതിനായി ബേബി മന്ത്രിയെയാണ്‌ ചുമതലപെടുത്തിയത്‌.

മരണശേഷവും വിജയന്‍ മാഷിനെതിരായ വിലകുറഞ്ഞ ആക്ഷേപങ്ങളാണ്‌ സുകുവിനെയും പപ്പുവിനെയും പോലുള്ള പ്രഗല്‍ഭബുദ്ധിമതികള്‍ ഉന്നയിക്കുന്നത്‌. ആദരിക്കല്‍ ചടങ്ങില്‍ കഥയുടെ കുലപതി പുതിയ കണ്ടെത്തലാണ്‌ നടത്തിയിരിക്കുന്നത്‌. എം.എന്‍.വിജയനെ പുറത്താക്കിയത്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയ്‌ത ഏറ്റവും വലിയ സല്‍ക്കര്‍മം എന്നാണ്‌ പദ്‌മനാഭന്റെ കണ്ടെത്തല്‍. കണ്ണൂരില്‍ അങ്കണം സാംസ്‌കാരിക വേദി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിലാണ്‌ സദസ്സിന്റെ സന്തോഷത്തെ മുഴുവന്‍ കെടുത്തിക്കളഞ്ഞ പദ്‌മനാഭന്റെ കമന്റ്‌. എം.എന്‍വിജയന്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചത്‌ സാംസ്‌കാരിക കേരളത്തിനുണ്ടായ സൗഭാഗ്യകരമായ അനുഭവമായിരുന്നുവെന്നും പദ്‌മനാഭന്‍ വിശദീകരിച്ചു. പത്ത്‌ വര്‍ഷം മുമ്പ്‌ പീച്ചി ഡാമില്‍ നടത്തിയ സാഹിത്യക്യാമ്പില്‍ തന്നെ പുകഴ്‌ത്തി പറഞ്ഞതിനാണ്‌ വിജയന്‍ മാഷ്‌ രാജിവച്ചതെന്ന വിചിത്രമായ കണ്ടെത്തല്‍ സദസ്സിനെ കുഴക്കി. പദ്‌മനാഭന്‍ തന്നെയാണോ സംസാരിക്കുന്നത്‌.

പദ്‌മനാഭനെ പു.ക.സയുടെ ആളായി കൊണ്ടുനടക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ്‌ ബേബിമന്ത്രി പല പുരസ്‌കാരങ്ങളും പുകഴ്‌ത്തലുകളും കൊണ്ട്‌ അദ്ദേഹത്തെ മൂടുന്നതെന്ന്‌ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പറഞ്ഞുനടന്നിരുന്നു. വിജയന്‍ മാഷിനെ പുറത്താക്കിയ പിണറായിയെയും അദ്ദേഹം പുകഴ്‌ത്തി. ബേബിമന്ത്രി വഴി തെറ്റി രാഷ്‌ട്രീയത്തില്‍ എത്തിയ കുഞ്ഞാടാണെന്ന്‌ ടി.പദ്‌മനാഭന്‍ കണ്ടെത്തി. അത്‌ അദ്ദേഹം സദസ്സിന്‌ മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്‌തു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കാതെ തന്നെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന്‌ പ്രശംസിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ളതുകൊണ്ട്‌ സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കാത്തതിന്‌ ശിക്ഷണനടപടി ഏറ്റുവാങ്ങിയ പാവം വി.എസ്‌ പക്ഷ നേതാക്കള്‍ക്ക്‌ കാര്യമൊന്നും മനസ്സിലായില്ലേ. ടി.പദ്‌മനാഭനെ ആദരിക്കുന്ന ചടങ്ങ്‌ ജനത്തിന്റെ ജീവിതപ്രശ്‌നങ്ങളേക്കാള്‍ വലുതാണോ എന്നാണ്‌ സദസ്സ്‌ ചോദിച്ചത്‌.

പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥയെഴുതിയതിന്‌ പദ്‌മനാഭന്‌ ഷഷ്‌ടിപൂര്‍ത്തിയാഘോഷവേളയില്‍ അറുപത്‌ പനീര്‍പൂക്കള്‍ അറുപത്‌ പെണ്‍കുട്ടികള്‍ സമ്മാനിച്ചതും കൗതുകമായി. ആഗോളഫണ്ടിംഗും സാധാരണജനജീവിതവും മുതലാളിത്തവും വര്‍ഗാധിപത്യവും ഒക്കെ ചര്‍ച്ച ചെയ്‌ത വിജയന്‍ മാഷില്ലാത്തത്‌ നന്നായി. ഉണ്ടെങ്കില്‍ ഈ ടി. പദ്‌മനാഭനോട്‌ എങ്ങനെ മറുപടി പറയുമായിരുന്നു അദ്ദേഹം. പദ്‌മനാഭന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ആഗോള ചിന്തകളാണല്ലോ,്‌ പ്രത്യേകിച്ചു. പുകഴ്‌ത്തല്‍, ഇകഴ്‌ത്തല്‍, സുകു, പപ്പു...പണ്ടൊരിക്കല്‍ സി.പി.എമ്മിന്‌ ഇഷ്‌ടമില്ലാതിരുന്ന പദ്‌മനാഭന്‍ എങ്ങനെ ആ ക്യാമ്പിന്‌ പ്രിയപ്പെട്ടവനായി. അടിയന്തിരാവസ്ഥയെയും വിമോചനസമരത്തെയും മറ്റും പിന്താങ്ങിയവരും പു.ക.സയെ പോലുള്ള സംഘടനകളെ തള്ളിപ്പറഞ്ഞവരും ഒക്കെ ഇപ്പോള്‍ ഇഷ്‌ടക്കാരായി അടത്തുകൂടുന്നതും സി.പി.എം കൂട്ടുന്നതും തെളിയിക്കുന്നത്‌ എന്താണ്‌. സാഹിത്യത്തില്‍ വിപ്ലവം സാധ്യമായി എന്നും ഇനി പിന്തിരിപ്പന്‍മാരെ കൂടെ കൂട്ടി നാട്‌ നന്നാക്കുന്ന വിശാല ചിന്താഗതിക്കാണ്‌ പ്രസക്തി എന്നുമുള്ള തിരിച്ചറിവിലാണോ.

സുകുമാര്‍ അഴീക്കോടും ടി.പദ്‌മനാഭനും എം.മുകുന്ദനും ഒക്കെ നമ്മുടെ വിപ്ലവപാര്‍ട്ടിക്ക്‌ ചെയ്‌ത സേവനങ്ങള്‍ ചരിത്രത്തിലുണ്ട്‌. അത്‌ മാഞ്ഞുപോകാത്ത എഴുത്താണ്‌. എഴുത്താണിക്ക്‌ പകരം മരയാണി വച്ച്‌ ചരിത്രമെഴുതാന്‍ ബേബി ശ്രമിക്കുന്നു. സാഹിത്യവും കലയും ഫാഷനാണെന്ന്‌ ചില ഉപജാപകവൃന്ദങ്ങള്‍ കരുതുന്നു. അവിടെ അലോസരപ്പെടുത്തുന്നതും പോരാട്ടത്തിന്‌ നിര്‍ബന്ധിക്കുന്നതുമായി ചിന്തകള്‍ക്ക്‌ പ്രസക്തിയില്ല. വിപ്ലവം ശോഭാസിറ്റിയിലും എളമരം കരീമിലും ടി.പദ്‌മനാഭനിലും സുകുമാര്‍ അഴീക്കോടിലും സാധ്യമാകുമ്പോള്‍ എന്തിന്‌ എംഎന്‍ വിജയനെ കൊണ്ടുനടക്കണം. ഈ ദീര്‍ഘചിന്ത തന്നെയാണ്‌ പണ്ട്‌ സി.പി.എമ്മിന്‌ വിജയന്‍ മാഷിനോടുള്ള സമീപനം രൂപപ്പെടുത്തിയത്‌. ഇപ്പോള്‍ ഏത്‌ അര്‍ദ്ധരാത്രിയും കാത്തിരിക്കാനും കുന്നുമ്മന്ന്‌ണ്ടൊരു ചൂട്ട്‌ കാണ്‌ന്ന്‌ കൂഞ്ഞമ്പൂന്റച്ചനോ മറ്റാരാന്നോ എന്ന്‌ പാടാനും ഇനി കവികളില്ല. അവര്‍ വേണ്ട എന്നാണ്‌ കണ്ടെത്തല്‍ കാരണം ബാലന്‍ മന്ത്രി ആദിദ്രാവിഡ വേരുകള്‍ തേടി ചാനലുകാരെയും കൂട്ടി അട്ടപ്പാടി, വയനാട്‌ തുടങ്ങിയ ആദിവാസിമേഖലകളില്‍ സ്‌നേഹപ്രകടനത്തിനായി പോകുന്നുണ്ടല്ലോ. പോരാളികളായ കവികളുടെ സ്ഥാനത്ത്‌ പഴയ കഥകളുടെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന എഴുത്തുകാരാണുള്ളത്‌. അതിന്‌ കുടപിടിക്കാനായി നമ്മുടെ പ്രിയപ്പെട്ട സാംസ്‌കാരിക രാഷ്‌ട്രീയക്കാരും.

പപ്പാ, സുകൂ എന്ന്‌ വിളിച്ച്‌ നുള്ളിയും മാന്തിയും കാലം പോക്കുന്ന കുറേ വാര്‍ദ്ധക്യാവശതകളെ പേറി നടക്കുന്ന നമ്മുടെ സാംസ്‌കാരിക വഴികള്‍ ശരിയോ എന്ന്‌ ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ സമയമുണ്ട്‌. ഞാനല്ലേ വലുത്‌, അവനല്ലല്ലോ എന്ന്‌ ഗീര്‍വാണം വിളമ്പുന്നവര്‍ക്ക്‌ വിജയന്‍ മാഷ്‌ ഉന്നയിച്ച വിഷയങ്ങള്‍ മനസ്സിലാക്കാന്‍ പോയിട്ട്‌ വായിക്കാന്‍ പോലും ത്രാണിയില്ല. വിജയന്‍ മാഷിന്റെ ഏതെങ്കിലും ഒരു ലേഖനം മനസ്സിരുത്തി വായിക്കുമ്പോഴേക്കും പപ്പുവും സുകുവുമെല്ലാം ബോധം കെട്ട്‌ വീണേക്കും. പണ്ടൊരിക്കല്‍ ഇവരെല്ലാം എഴുതിയ സാഹിത്യ സൃഷ്‌ടികളെ ബഹുമാനിച്ച്‌ കൊണ്ട്‌ പറയട്ടെ. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രൊഫസര്‍ വിജയന്‍ മാഷ്‌ എടുത്ത നിലപാടുകള്‍ തന്നെയായിരുന്നു ശരി. ലോകബാങ്കും, ഐ.എം.എഫും ദരിദ്രാനാരായണന്മാരില്‍ നിന്ന്‌ നികുതിപിരിക്കാന്‍ വരുമ്പോളും ചിരിച്ചുകൊണ്ട്‌ വിജയന്‍ മാഷെ തെറിപറയുന്ന പപ്പേട്ടാ സ്‌തുതി.....


അടിക്കുറിപ്പ്‌ :

സുകു: പപ്പൂ, അരിയെത്ര ???
പപ്പു: സുകൂ , പയറഞ്ഞാഴി !!!


6 comments:

ചാണക്യന്‍ said...

“പപ്പാ, സുകൂ എന്ന്‌ വിളിച്ച്‌ നുള്ളിയും മാന്തിയും കാലം പോക്കുന്ന കുറേ വാര്‍ദ്ധക്യാവശതകളെ പേറി നടക്കുന്ന നമ്മുടെ സാംസ്‌കാരിക വഴികള്‍ ശരിയോ എന്ന്‌ ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ സമയമുണ്ട്‌....”

ലേഖനം നന്നായി....

പുതുവത്സരാശംസകൾ....

ANITHA HARISH said...

sneham parathunna kathakaludekalakaran erekalamayi shathruthayum vidhveshavum vyakthi vairagyavum mathram samsarikkunnathu kelkkumbol thonnunnathu sahathapamanu.
lekhanam valare nannayittundu.aashamshakal.........

Anonymous said...

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രൊഫസര്‍ വിജയന്‍ മാഷ്‌ എടുത്ത നിലപാടുകള്‍ തന്നെയായിരുന്നു ശരി.YOU SAID IT.

Anonymous said...

History kuracchu kooti nannaayi patikkoo Makane.

Aaraayirunnu Deshabhimani weekly Editor Thaayattu Shankaran.. khadaritta shuddha gandhiyan, e.m.esine theri paranju natanna aal.
aaraayirunnu m.n.vijayan? atiyantharaavasthayil communistukaar atiyum itiyum kondu narakikkumbol brannan collegel allalillaathe malayalam padyam cholli natanna maashu.

ellaarkkum ellaareyum ariyaam.

Anonymous said...

thayatu sankaran matramalla. eetavum oduvil ems cia charan ennu vilicha n madhavan kutty vare ethinilkunnu cpminte priyappettavarude katha. nilapadukalanu pradhanam. athodoppam jeevithavum. anonymus sir vijayan mashinte history padichittilla. onnu koodi anweshikoo vijayan mashinte janmathe kurich. u r mistaken.
with peasure,
another anonymous
by..

Anonymous said...

thayatu sankaran matramalla. eetavum oduvil ems cia charan ennu vilicha n madhavan kutty vare ethinilkunnu cpminte priyappettavarude katha. nilapadukalanu pradhanam. athodoppam jeevithavum. anonymus sir vijayan mashinte history padichittilla. onnu koodi anweshikoo vijayan mashinte janmathe kurich. u r mistaken.
with peasure,
another anonymous
by..

Related Posts with Thumbnails