
"എന്തോന്ന്, കുറച്ചുദിവസം പ്രേമിച്ചു, ഒന്നുകെട്ടിപ്പിടിച്ചു. ഇനീപ്പോ എന്തായാല്‍ തന്നെയും അതിത്ര കാര്യാക്കാനുണ്ടോ. എന്തിനാ ഇത്ര പ്രയാസപ്പെട്ട് ഒരു സിനിമയ്‌ക്ക് മാത്രം ഈ കഥ..!!!"
ആ കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പ്രായത്തിന്റെയും ജീവിത സാഹചര്യത്തിന്റെയും കാര്യത്തിലൊക്കെ പുതുതലമുറയുടെ കൂട്ടത്തില്‍ പെടുമ്പോള്‍ തന്നെയും ചിലപ്പോഴൊക്കെ അതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്തതെന്തുകൊണ്ടാണ് എന്ന് പല തവണ ആലോചിച്ചിട്ടുണ്ട്. ഒരു എം.ടിയന്‍ ഹാംഗോവറില്‍ ഇപ്പോഴും നില്‍ക്കാനാകുന്നുണ്ട് എന്നത് യഥാര്‍ത്ഥത്തില്‍ നല്ലതാണെന്ന് അപ്പോഴും തോന്നി. ആധുനിക ജീവിത സാഹചര്യത്തില്‍ ശരീരത്തിനുള്ള പ്രാധാന്യം പലതരത്തില്‍ വിലയിരുത്തപ്പെടുമ്പോഴും മനസ്സിനെയും ശരീരത്തെയും വേര്‍പെടുത്തി നിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഈ നിലപാടും സാഹചര്യവും വിലയിരുത്തി പലപ്പോഴും ആത്മസംഘര്‍ഷത്തിലേര്‍പ്പെടാറുള്ള സാധാരണ മനസ്സിന് മുന്നിലേക്കാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മീനത്തിലെ ചന്ദ്രന്‍ എന്ന കഥ പുതുവല്‍സര സമ്മാനമായി എത്തപ്പെട്ടത്.
ഭാര്യയോ കാമുകിയോ ഇരിക്കെ തന്നെ അപഥ സഞ്ചാരത്തിലേര്‍പ്പെടുന്ന തലമുറകളുടെ മുന്നിലേക്കാണ് ഈ കഥ അദ്ദേഹം എറിഞ്ഞുകൊടുത്തത്. അതിന് കാലവും നേരവും ഉണ്ടായിരുന്നില്ല. പക്ഷേ ചിലര്‍ സങ്കുചിതമെന്ന് പറഞ്ഞേക്കാവുന്ന കൃത്യമായ കാഴ്‌ചപ്പാടുകളായി വ്യാഖ്യാനിക്കാവുന്ന ആശയം അന്തര്‍ധാരയായി നില്‍ക്കുന്നുണ്ട് മീനത്തിലെ ചന്ദ്രനില്‍.
കുലോത്തുംഗനും വസന്തമല്ലികയും ചന്ദ്രമോഹനും സുഷമയും ഗീതാഞ്‌ജലിയും ആധുനിക കാലത്ത് വ്യത്യസ്‌തമായ വ്യക്തിത്വസംഘര്‍ഷങ്ങളനുഭവിക്കുന്ന കഥാപാത്രങ്ങളായാണ് മുന്നിലെത്തുന്നത്. അപഥസഞ്ചാരമെന്ന് പൊതുസമൂഹത്തിന് വിളിക്കാവുന്ന ഗീതാഞ്‌ജലിയോടുള്ള ചന്ദ്രമോഹന്റെ ഇടപെടലിനെ യഥാര്‍ത്ഥത്തില്‍ എന്താണ് വിളിക്കേണ്ടത്. കുറ്റപ്പെടുത്താനിടയുള്ളപ്പോള്‍ തന്നെ ഗാതഞ്‌ജലിഎന്ന സ്‌ത്രീക്ക് ഒറ്റപ്പെടലില്‍ ഗതികെട്ടുഴലുന്ന വ്യക്തിയുടെ ആത്മ സംഘര്‍ഷത്തിന്റെ ശോണിമയുണ്ടായിരുന്നു. അതേ സമയം ചന്ദ്രമോഹന്‍ തന്റെ പ്രിയപ്പെട്ടകുടുംബിനിയുടെ മുന്നില്‍ മാതൃകാ വ്യക്തിയായി ജീവിക്കുന്ന സാധാരണ മനുഷ്യനുമാണ്. ഇവിടെ ഗീതാഞ്‌ജലിയുടെ കിടപ്പറയിലേക്കുള്ള യാത്രയില്‍ ചന്ദ്രമോഹന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം ഒരു വ്യക്തിയുടെ പാപം കഴുകിക്കളയല്‍ കൂടിയാകുന്നുണ്ട്.
മുന്‍ കഥകളിലെല്ലാം കൃത്യമായ വിശ്വാസ്യത കാത്തുസൂക്ഷിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ മീനത്തില്‍ ചന്ദ്രനും ആകാംക്ഷയോടെയാണ് വായിച്ചത്. എന്നാല്‍ അവസാന നിമിഷം വരെ ഇതെവിടെ ചെന്ന് അവസാനിക്കും എന്നൊരു പേടി നിലനില്‍ക്കുകയായിരുന്നു. പലരേയും അവരുടെ പ്രത്യേക സാഹചര്യത്തില്‍ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുമ്പോഴും അങ്ങനെയൊരു സാഹചര്യത്തെ ഒഴിവാക്കുന്നതല്ലേ നല്ലത് എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. പുതിയ കാലത്ത് തികച്ചും വ്യക്തിപരം എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ തിരിച്ചറിയുമ്പോഴും അതിന്റെ നാനാ മാനങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണെന്ന തോന്നല്‍ ഉണ്ടായിരുന്നു. ചന്ദ്രമോഹന്‍ സാധാരണ മനുഷ്യനായി ഒരു പരസ്‌ത്രീ ബന്ധത്തിന് ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ അയാള്‍ക്ക് അതില്‍ അത്ര വലിയ തെറ്റുകണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഗീതാഞ്‌ജലിയുടെ വീട്ടിലെത്തി ആദ്യപടിയിലേക്ക് കാലെടുത്തു വച്ചതും അയാളെ അതുവരെ പൊതിഞ്ഞുവച്ച ഇരുട്ടിന്റെ വന്‍മതില്‍ ഒരോന്നായി അടര്‍ന്ന് വീണ് പൊടിഞ്ഞ് ധൂളികളായി പറന്നുപോകുന്നതും രാത്രിക്ക് മേല്‍ നിലാവ് പരക്കുന്നതും അയാള്‍ കണ്ടു. ഒടുവില്‍ അയാള്‍ തിരിഞ്ഞുനടക്കുമ്പോള്‍ കഥാകൃത്ത് പ്രഖ്യാപിക്കുന്ന ചന്ദ്രമോഹന്റെ നിലപാടില്‍ ലോകത്തിന്റെ സകല പാപങ്ങളും നിസ്സഹായതയും ഉണ്ടായിരുന്നു.
ചന്ദ്രമോഹന്‍ സ്റ്റെപ്പില്‍ നിന്ന് കാലെടുത്തു. മെല്ലെ തിരിഞ്ഞുനടന്നു. കൂടെ അയാളുടെ മീനം രാശിയില്‍ സകല പാപങ്ങളും പേറിനില്‍ക്കേണ്ടി വന്ന നിരപരാധിയായ പാവം ചന്ദ്രനും. കഥാവതരണത്തിനുള്ള സൗന്ദര്യാത്മകമായ ഭാഷയുടെയും കാഴ്‌ചപ്പാടിന്റെയും പിന്‍ബലം ഏച്ചിക്കാനത്തില്‍ ഇപ്പോഴും സാന്ദ്രമായി നില്‍ക്കുന്നുവെന്ന് അറിയുമ്പോള്‍ വായനക്കാരന് സന്തോഷം ഇരട്ടിക്കുന്നു. ഐ.ടു തലമുറകളുടെയും നഗരവല്‍കൃത ജീവിതത്തിന്റെയും കാലത്ത് തികച്ചും ഉചിതമായ പരിസരത്തെ സൃഷ്‌ടിച്ച് ഇങ്ങനെ ഒരു കഥയുണ്ടാക്കാനുള്ള പ്രതിഭയെ അഭിനന്ദിക്കാതെ വയ്യ.
തിരുത്ത് :
ആ പൂവ് നീ എന്ത് ചെയ്‌തു
ഓ അത് ഞാന്‍ ദൂരെക്കളഞ്ഞു.
എനിക്ക് പുതിയ പൂവ് കിട്ടിയല്ലോ.