`ഇന്നത്തെ ഏറ്റവും വലിയ ദാര്‍ശനിക പ്രശ്‌നം വാക്ക്' ആണ് എന്ന യൂജിന്‍ ജൊലാസിന്റെ വാചകങ്ങള്‍ മുഖവാചകങ്ങളാക്കി ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കൃതിയിലൂടെ വിക്ഷുബ്‌ധമായ വിമര്‍ശന വഴി വെട്ടിത്തുറന്ന `സുവിശേഷക'നാണ് കെ.പി അപ്പന്‍. കെ.പി.അപ്പന്‍ അന്തരിച്ചിട്ട് ഡിസംബര്‍ 15ന് ഒരു വര്‍ഷമായി.
ഹൃദയത്തില്‍ ആശയത്തിന്റെയും കാഴ്‌ചപ്പാടിന്റെയും കനലുകള്‍ കോരിയിട്ട എഴുത്തുകാരനായിരുന്നു അപ്പന്‍. കൗമാരത്തില്‍ വായനശാലകള്‍ കയറിയിറങ്ങുമ്പോഴും സൗഹൃദസംഭാഷണങ്ങള്‍ മൂര്‍ച്ഛിച്ച് ലോകസാഹിത്യത്തിലേക്കും പാവപ്പെട്ട മലയാളത്തിലേക്കും എത്തുമ്പോഴും കടലിനെയും ആത്മഹത്യയെയും കുറിച്ച് ചിന്തിക്കുമ്പോഴും എം.ടിയെയും ആനന്ദിനെയും വായിക്കുമ്പോഴും സുകുമാര്‍ അഴീക്കോടിനോട് വിയോജിക്കുമ്പോഴും ഒക്കെ അപ്പന്‍ വല്ലാത്തൊരു തുണയായിരുന്നു.
ദൈവാംശം കലര്‍ന്ന വിശുദ്ധമായ വാക്കുകളിലൂടെ അപ്പന്റെ തൂലിക സഹൃദയനെ തേടിയെത്തി. പുസ്‌തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്‌ഠകളുമായി കെ.പി അപ്പന്‍ കടന്നുവരുമ്പോള്‍ നെറ്റി ചുളിച്ചവര്‍ പിന്നീട് അപ്പന്റെ വാക്കുകള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ വ്യാമുഗ്‌ദ്ധരാവുകയായിരുന്നു. പരിധിയില്ലാത്ത അപ്പന്റെ വിമര്‍ശന മേഖലയില്‍ ആത്മനിഷ്‌ടമായ കാഴ്‌ചകളാണ് ആസ്വാദകന് കാണാന്‍ കഴിയുക. അസ്‌തിത്വവാദ ചിന്തകളില്‍ അഗാധമായി ആണ്ടുപോയ കെ.പി.അപ്പനെ സ്വാഭാവികമായി കമ്മ്യൂണിസ്റ്റ് വിരുദ്ധനായി പലരും ചിത്രീകരിച്ചിട്ടുണ്ട്. ഒരുപരിധിവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന കെ.പി അപ്പന്‍ ഒരിക്കലും വലതുപക്ഷ കാഴ്‌ചപ്പാടുകളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
ആധുനികതാ പ്രസ്ഥാനത്തിന് ദാര്‍ശനികമായ അടിത്തറ നല്‍കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ച വിമര്‍ശകനാണ് കെ.പി.അപ്പന്‍. വിമര്‍ശന സാഹിത്യത്തെ കവിത യും കഥയും നോവലും പോലെ വായനക്കാര്‍ക്ക് സ്വതന്ത്രമായ ആസ്വാദനമേഖലയായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട് അദ്ദേഹം. ഒ.വി.വിജയന്‍, എം.മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയ ആധുനികതാ പ്രസ്ഥാനത്തിലെ എഴുത്തുകാര്‍ക്ക് താത്വികമായ പിന്‍ബലവും പിന്തുണയും നല്‍കിയത് കെ.പി.അപ്പനാണ്. എഴുപതുകളില്‍ ശക്തമായ ആധുനികതാ പ്രസ്ഥാനം അസ്‌തിത്വചിന്തകളുടെ പിന്‍ബലത്തില്‍ സജീവമായ നിരവധി കൃതികള്‍ രചിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വെറും ഒരു പ്രസ്ഥാനം എന്നും ആളുകള്‍ക്ക് മനസിലാകാത്ത സാഹിത്യമെന്നും നിരന്തരം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പ്രസ്ഥാനം എന്ന നിലയില്‍ സാഹിത്യത്തി ല്‍ ആധുനികതയുടെ ധര്‍മ്മം തിരിച്ചറിയുകയും എഴുത്തുകാര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്‌ത വിശുദ്ധഗുരുവാണ് അപ്പന്‍. ഭരണകൂടം, സ്ഥാപനവത്‌കരണം തുടങ്ങിയ പ്ര സ്ഥാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും അ തിനനുസരിച്ച കാഴ്‌ചപ്പാടുക ള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവയാണ് അപ്പന്റെ കൃതികള്‍.
അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള കലാപം തന്നെയായിരുന്നു ക്ഷോഭിക്കുന്നവരുടെ സുവിശേഷം. ആത്മനിഷ്‌ടമായ വിമര്‍ശന ശൈലിയിലൂടെ ഏകാകിയായ ഈ എഴുത്തുകാരന്‍ തിരസ്‌കാരവും കലഹവും വിശ്വാസവും വരകളും വര്‍ണ്ണങ്ങളും എഴുതി. അതോടൊപ്പം തന്നെ വായനക്കാരും സൃഷ്‌ടിപരമായ പ്രതിഭയുള്ളവരാണെന്ന തിരിച്ചറിവ് വെച്ചുപുലര്‍ത്തുകയും ചെയ് തു. അതിന്റെ ഫലമാണ് വിവേകശാലിയായ വായനക്കാരാ, പേനയുടെ സമരമുഖങ്ങള്‍ തുടങ്ങിയ കൃതികള്‍. വിമര്‍ശകന്റെ ധര്‍മ്മവും അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. പാണ്ഡിത്യത്തിന്റെ ഗര്‍വ്വില്‍ സങ്കുചിതമായ കാഴ്‌ചപ്പാടുകളെ മുറുകെപിടിക്കുന്ന കൂപമണ്ഡൂകങ്ങളെ അദ്ദേഹം ആക്രമിച്ചു. ആധുനികതയുടെ കാഴ്‌ചപ്പാടുകള്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ചരിത്രത്തെ കൃത്യമായ തിരിച്ചറിവോടെ സമീപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക, ചരിത്രത്തെ അഗാധമാക്കിയ ഗുരു തുടങ്ങിയ കൃതികള്‍ ശ്രദ്ധേയമാണ്. ബൈബിളിന്റെ വിശുദ്ധമായ ഭാഷയില്‍ വിഷയങ്ങളെ അവതരിപ്പിക്കുന്ന തനതായ അദ്ദേഹത്തിന്റെ ശൈലി ആത്മീയതയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. ബൈബിള്‍ വെളിച്ചത്തിന്റെ കവചവും മധുരം നിന്റെ ജീവിതവും ആത്മീയമായ ഔന്നത്യം ആസ്വാദകന് പ്രദാനം ചെയ്യുന്നുണ്ട്.
വി.രാജകൃഷ്‌ണനും ആഷാമേനോനും ഒക്കെ സജീവമാകുന്നതിന് മുന്നേ നവീന വിമര്‍ശനത്തിന്റെ വഴികാട്ടിയായി കെ.പി അപ്പന്‍ എന്ന ഗുരു രംഗത്തെത്തിയിരുന്നു. എം.ടിയും ടി.പത്മനാഭനും മാധവിക്കുട്ടിയും കാല്‍പ്പനികമായ ഒരു തിരിച്ചറിവായി അപ്പന്റെ വിമര്‍ശക ബോധത്തില്‍ നിലനില്‍ക്കുന്നുണ്ട്. എം.പി നാരായണപിള്ളയുടെ ജോര്‍ജ്ജ് ആറാമന്റെ കോടതിയെക്കുറിച്ച് പറയുമ്പോഴും `അധരസിന്ദൂരം കൊണ്ട് എഴുതിയ കഥയായ' ടി.പത്മനാഭന്റെ ഗൗരിയെക്കുറിച്ച് പറയുമ്പോഴും ആനന്ദിന്റേയും ഒ.വി വിജയന്റേയും നിര്‍മ്മല്‍കുമാറിന്റേയും കഥകളെക്കുറിച്ച് പറയുമ്പോഴും കെ.പി.അപ്പന്‍ വിമര്‍ശകന്റെ ആധിപത്യം കൃത്യമായി സ്ഥാപിച്ചെടുക്കുന്നുണ്ട്. ക്രിയാത്മകമായ വിമര്‍ശക പ്രതിഭ, ഏകാകിയായ കാല്‍പനികനേയും ശക്തനായ പോരാളിയേയും ക്ഷോഭിക്കുന്ന മനസിനേയും ആസ്വാദകന് മുന്നില്‍ വെളിപ്പെടുത്തുന്നു. ദര്‍ശനത്തിന്റെ കാഠിന്യം തിരിച്ചറിയുന്നതുകൊണ്ടു തന്നെ എം.ഗോവിന്ദനും സി.ആര്‍.പരമേശ്വരനും അദ്ദേഹത്തിന്റെ രചനകളില്‍ കടന്നുവരുന്നു. സമയപ്രവാഹവും സാഹിത്യകലയും കലാപം വിവാദം വിലയിരുത്തല്‍ തുടങ്ങിയ കൃതികളില്‍ വിദേശ സാഹിത്യകാരന്മാരില്‍ സ്വാധീനം ചെലുത്തിയ ഹെര്‍മ്മന്‍ ഹെസേയടക്കമുള്ള എഴുത്തുകാരെക്കുറിച്ച് വാചാലനാവുന്നുണ്ട് അപ്പന്‍.
അല്‍ബേര്‍ കമ്യു, ഫ്രാന്‍ സ് കാഫ്‌ക തുടങ്ങിയ ആധുനികചിന്താമണ്‌ഡലത്തിന്റെ അപ്പോസ്‌തലന്മാരുടെ ആശയങ്ങള്‍ കെ.പി.അപ്പന്റെ ബൗദ്ധിക തലത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. നീഷേയുടെ താത്വികവചനങ്ങള്‍ അപ്പന്റെ കൃതികളില്‍ അന്തര്‍ധാരയായി ഉണ്ട്. ഉന്മാദമായ ആധുനിക ചിന്തകളെ വിശുദ്ധമായ ഭാഷയിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ അപ്പന്‍ ഭാഷയിലെ രാജാവാകുന്നു.
ഇടപ്പള്ളിയെ റൊമാന്റിക് ഔട്ട്‌സൈഡര്‍ എന്നുവിശേഷിപ്പിച്ച പ്രശസ്‌ത ലേഖനത്തില്‍ കാല്‍പനികനായ ഒരു വിമര്‍ശകനെയാണ് കണ്ടെത്താന്‍ കഴിയുക. സില്‍വിയ പ്ലാത്ത് മുതല്‍ രാജലക്ഷ്‌മി വരെയുള്ളവരുടെ ആത്മഹത്യകള്‍ക്കു പിന്നിലെ പ്രചോദനങ്ങള്‍ ചികഞ്ഞുപോകുമ്പോള്‍ ഏതൊരു സര്‍ഗാത്മക സാഹിത്യകാരനേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നുണ്ട് കെ.പി.അപ്പന്റെ തൂലിക. എഴുത്തു തന്നെയാണ് എല്ലാം എന്നുവിശ്വസിച്ച വിമര്‍ശകനാണ് അപ്പന്‍. വിമര്‍ശകനും വിമര്‍ശനങ്ങളും വിമര്‍ശിക്കപ്പെടേണ്ടവയാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ വിമര്‍ശന സാഹിത്യം സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ കൂട്ടത്തിലേക്ക് ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടെന്ന് നിസ്സംശയം പറയാം. സാധാരണ വായനക്കാരെ നിരൂപണ വായനയിലേക്ക് അടുപ്പിക്കുന്നതില്‍ കെ.പി അപ്പനുള്ള പങ്ക് ചെറുതല്ല. കവിയുടെ ഏകാന്തതയും ദൈവാംശമുള്ള വാക്കുകളും കെ.പി.അപ്പനെ അതിന് സഹായിച്ചു. ഭ്രാന്തമായ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും കഥകളാക്കിയ എഴുത്തുകാരോട് എഴുത്തിലൂടെ സംവദിക്കാന്‍ കെ.പി അപ്പന് കഴിഞ്ഞു. അദ്ദേഹം ഒരു വലിയ ഗുരുവാണ്. വിമര്‍ശന സാഹിത്യത്തിന്റെ പുതിയ വഴികള്‍ വെട്ടിത്തെളിച്ച വഴികാട്ടി.
3 comments:
കെ.പി.അപ്പനെ അനുസ്മരിച്ചതിനു നന്ദി.ഉണ്ണിത്താന്മാരുടെ അനാശാസ്യത്തിലും സൂഫിയ മദനിയുടെ അറസ്റ്റിലും ചുറ്റിത്തിരിയുന്നവര്‍ക്കിടയില്‍ വിമര്‍ശനത്തെ സര്‍ഗ്ഗ സാഹിത്യത്തിന്റെ നില
യിലേക്കുയര്‍ത്തിയ മഹാമനീഷയെ ഓര്‍ക്കാന്‍ സമയം കണ്ടെത്തിയത് നല്ല കാര്യം.
അദ്ദേഹത്തിനെ ശരിയായി മനസ്സിലാക്കി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
-ദത്തന്‍
മധുവേട്ടാ...കൊള്ളാം
appan eppozhum ullilundayirunnu. pandorikkal kalahikkunnavanodulla aradhana, pinne visudha bhashayodulla priyam... aa mahane kurichulla kurippu kollamennu parayumbol vallathoru ahladam...
Post a Comment