Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, January 4, 2010

ഏച്ചിക്കാനത്തിന്റെ മീനത്തിലെ ചന്ദ്രന്‍

നീലത്താമര കണ്ടിറങ്ങുമ്പാഴാണ്‌ പുതുതലമുറയുടെ ആധുനിക ജീവികളുടെ കൂട്ടത്തില്‍ നിന്ന്‌ ഒരു കമന്റ്‌.

"എന്തോന്ന്‌, കുറച്ചുദിവസം പ്രേമിച്ചു, ഒന്നുകെട്ടിപ്പിടിച്ചു. ഇനീപ്പോ എന്തായാല്‍ തന്നെയും അതിത്ര കാര്യാക്കാനുണ്ടോ. എന്തിനാ ഇത്ര പ്രയാസപ്പെട്ട്‌ ഒരു സിനിമയ്‌ക്ക്‌ മാത്രം ഈ കഥ..!!!"

ആ കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പ്രായത്തിന്റെയും ജീവിത സാഹചര്യത്തിന്റെയും കാര്യത്തിലൊക്കെ പുതുതലമുറയുടെ കൂട്ടത്തില്‍ പെടുമ്പോള്‍ തന്നെയും ചിലപ്പോഴൊക്കെ അതിനോട്‌ പൊരുത്തപ്പെടാന്‍ കഴിയാത്തതെന്തുകൊണ്ടാണ്‌ എന്ന്‌ പല തവണ ആലോചിച്ചിട്ടുണ്ട്‌. ഒരു എം.ടിയന്‍ ഹാംഗോവറില്‍ ഇപ്പോഴും നില്‍ക്കാനാകുന്നുണ്ട്‌ എന്നത്‌ യഥാര്‍ത്ഥത്തില്‍ നല്ലതാണെന്ന്‌ അപ്പോഴും തോന്നി. ആധുനിക ജീവിത സാഹചര്യത്തില്‍ ശരീരത്തിനുള്ള പ്രാധാന്യം പലതരത്തില്‍ വിലയിരുത്തപ്പെടുമ്പോഴും മനസ്സിനെയും ശരീരത്തെയും വേര്‍പെടുത്തി നിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഈ നിലപാടും സാഹചര്യവും വിലയിരുത്തി പലപ്പോഴും ആത്മസംഘര്‍ഷത്തിലേര്‍പ്പെടാറുള്ള സാധാരണ മനസ്സിന്‌ മുന്നിലേക്കാണ്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ മീനത്തിലെ ചന്ദ്രന്‍ എന്ന കഥ പുതുവല്‍സര സമ്മാനമായി എത്തപ്പെട്ടത്‌.

ഭാര്യയോ കാമുകിയോ ഇരിക്കെ തന്നെ അപഥ സഞ്ചാരത്തിലേര്‍പ്പെടുന്ന തലമുറകളുടെ മുന്നിലേക്കാണ്‌ ഈ കഥ അദ്ദേഹം എറിഞ്ഞുകൊടുത്തത്‌. അതിന്‌ കാലവും നേരവും ഉണ്ടായിരുന്നില്ല. പക്ഷേ ചിലര്‍ സങ്കുചിതമെന്ന്‌ പറഞ്ഞേക്കാവുന്ന കൃത്യമായ കാഴ്‌ചപ്പാടുകളായി വ്യാഖ്യാനിക്കാവുന്ന ആശയം അന്തര്‍ധാരയായി നില്‍ക്കുന്നുണ്ട്‌ മീനത്തിലെ ചന്ദ്രനില്‍.
കുലോത്തുംഗനും വസന്തമല്ലികയും ചന്ദ്രമോഹനും സുഷമയും ഗീതാഞ്‌ജലിയും ആധുനിക കാലത്ത്‌ വ്യത്യസ്‌തമായ വ്യക്തിത്വസംഘര്‍ഷങ്ങളനുഭവിക്കുന്ന കഥാപാത്രങ്ങളായാണ്‌ മുന്നിലെത്തുന്നത്‌. അപഥസഞ്ചാരമെന്ന്‌ പൊതുസമൂഹത്തിന്‌ വിളിക്കാവുന്ന ഗീതാഞ്‌ജലിയോടുള്ള ചന്ദ്രമോഹന്റെ ഇടപെടലിനെ യഥാര്‍ത്ഥത്തില്‍ എന്താണ്‌ വിളിക്കേണ്ടത്‌. കുറ്റപ്പെടുത്താനിടയുള്ളപ്പോള്‍ തന്നെ ഗാതഞ്‌ജലിഎന്ന സ്‌ത്രീക്ക്‌ ഒറ്റപ്പെടലില്‍ ഗതികെട്ടുഴലുന്ന വ്യക്തിയുടെ ആത്മ സംഘര്‍ഷത്തിന്റെ ശോണിമയുണ്ടായിരുന്നു. അതേ സമയം ചന്ദ്രമോഹന്‍ തന്റെ പ്രിയപ്പെട്ടകുടുംബിനിയുടെ മുന്നില്‍ മാതൃകാ വ്യക്തിയായി ജീവിക്കുന്ന സാധാരണ മനുഷ്യനുമാണ്‌. ഇവിടെ ഗീതാഞ്‌ജലിയുടെ കിടപ്പറയിലേക്കുള്ള യാത്രയില്‍ ചന്ദ്രമോഹന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം ഒരു വ്യക്തിയുടെ പാപം കഴുകിക്കളയല്‍ കൂടിയാകുന്നുണ്ട്‌.

മുന്‍ കഥകളിലെല്ലാം കൃത്യമായ വിശ്വാസ്യത കാത്തുസൂക്ഷിച്ച സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ മീനത്തില്‍ ചന്ദ്രനും ആകാംക്ഷയോടെയാണ്‌ വായിച്ചത്‌. എന്നാല്‍ അവസാന നിമിഷം വരെ ഇതെവിടെ ചെന്ന്‌ അവസാനിക്കും എന്നൊരു പേടി നിലനില്‍ക്കുകയായിരുന്നു. പലരേയും അവരുടെ പ്രത്യേക സാഹചര്യത്തില്‍ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുമ്പോഴും അങ്ങനെയൊരു സാഹചര്യത്തെ ഒഴിവാക്കുന്നതല്ലേ നല്ലത്‌ എന്ന്‌ പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. പുതിയ കാലത്ത്‌ തികച്ചും വ്യക്തിപരം എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ തിരിച്ചറിയുമ്പോഴും അതിന്റെ നാനാ മാനങ്ങള്‍ മനസ്സിലാക്കുന്നത്‌ നല്ലതാണെന്ന തോന്നല്‍ ഉണ്ടായിരുന്നു. ചന്ദ്രമോഹന്‍ സാധാരണ മനുഷ്യനായി ഒരു പരസ്‌ത്രീ ബന്ധത്തിന്‌ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ അയാള്‍ക്ക്‌ അതില്‍ അത്ര വലിയ തെറ്റുകണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഗീതാഞ്‌ജലിയുടെ വീട്ടിലെത്തി ആദ്യപടിയിലേക്ക്‌ കാലെടുത്തു വച്ചതും അയാളെ അതുവരെ പൊതിഞ്ഞുവച്ച ഇരുട്ടിന്റെ വന്‍മതില്‍ ഒരോന്നായി അടര്‍ന്ന്‌ വീണ്‌ പൊടിഞ്ഞ്‌ ധൂളികളായി പറന്നുപോകുന്നതും രാത്രിക്ക്‌ മേല്‍ നിലാവ്‌ പരക്കുന്നതും അയാള്‍ കണ്ടു. ഒടുവില്‍ അയാള്‍ തിരിഞ്ഞുനടക്കുമ്പോള്‍ കഥാകൃത്ത്‌ പ്രഖ്യാപിക്കുന്ന ചന്ദ്രമോഹന്റെ നിലപാടില്‍ ലോകത്തിന്റെ സകല പാപങ്ങളും നിസ്സഹായതയും ഉണ്ടായിരുന്നു.

ചന്ദ്രമോഹന്‍ സ്റ്റെപ്പില്‍ നിന്ന്‌ കാലെടുത്തു. മെല്ലെ തിരിഞ്ഞുനടന്നു. കൂടെ അയാളുടെ മീനം രാശിയില്‍ സകല പാപങ്ങളും പേറിനില്‍ക്കേണ്ടി വന്ന നിരപരാധിയായ പാവം ചന്ദ്രനും. കഥാവതരണത്തിനുള്ള സൗന്ദര്യാത്മകമായ ഭാഷയുടെയും കാഴ്‌ചപ്പാടിന്റെയും പിന്‍ബലം ഏച്ചിക്കാനത്തില്‍ ഇപ്പോഴും സാന്ദ്രമായി നില്‍ക്കുന്നുവെന്ന്‌ അറിയുമ്പോള്‍ വായനക്കാരന്‌ സന്തോഷം ഇരട്ടിക്കുന്നു. ഐ.ടു തലമുറകളുടെയും നഗരവല്‍കൃത ജീവിതത്തിന്റെയും കാലത്ത്‌ തികച്ചും ഉചിതമായ പരിസരത്തെ സൃഷ്‌ടിച്ച്‌ ഇങ്ങനെ ഒരു കഥയുണ്ടാക്കാനുള്ള പ്രതിഭയെ അഭിനന്ദിക്കാതെ വയ്യ.

തിരുത്ത്‌ :
ആ പൂവ്‌ നീ എന്ത്‌ ചെയ്‌തു
ഓ അത്‌ ഞാന്‍ ദൂരെക്കളഞ്ഞു.
എനിക്ക്‌ പുതിയ പൂവ്‌ കിട്ടിയല്ലോ.

Saturday, January 2, 2010

വിജയന്‍ മാഷിനോട്‌ കലിയടങ്ങാതെ പപ്പു..


മരിച്ചാലും തീരാത്ത പകയെന്ന കേട്ടിട്ടേയുള്ളൂ. കഴിഞ്ഞ ദിവസം അത്‌ കണ്ണൂരില്‍ കണ്ടു.

കഥയെഴുത്തിന്റെ അറുപതാം വര്‍ഷത്തിലെത്തിയ തന്നെ ആദരിക്കുന്ന ചടങ്ങില്‍ കഥയുടെ പെരുന്തച്ചന്റെ പ്രകടനമാണ്‌ സബാഷ്‌ എന്നുപുകഴ്‌തേണ്ട വൃത്തികേടുകള്‍ നിറഞ്ഞതായത്‌. യഥാര്‍ത്ഥ പെരുന്തച്ചന്റെ പക മകനോടായിരുന്നെങ്കില്‍ പദ്‌മനാഭന്റെ പക പ്രൊഫസര്‍ എം.എന്‍.വിജയനോടാണ്‌. മരിച്ചപ്പോള്‍ മുതല്‍ തന്റെ ആരാധ്യാനായ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്‌ അറിഞ്ഞതുമുതല്‍ പപ്പുവും സുകുവും പ്രൊഫസര്‍ എം.എന്‍ വിജയനെ തെറിവിളിക്കാന്‍ തുടങ്ങിയിരുന്നു. ഉന്നയിക്കപ്പെട്ട ആശയങ്ങള്‍ക്ക്‌ മറുപടി പറയാതെ വിജയന്‍ മാഷെ തെറിവിളിക്കുമ്പോള്‍ തന്നെ അവന്‍ എന്നെ പപ്പുവെന്ന്‌ വിളിച്ചു ഇവന്‍ എന്നെ സുകു എന്ന്‌ വിളിച്ചുതുടങ്ങിയ സ്‌കൂള്‍ കുട്ടികളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ബുദ്ധി കോശ്‌മാണ്ഡങ്ങളായ രണ്ട്‌ സാംസ്‌കാരിക നേതാക്കളെ കൊണ്ട്‌ കേരളം പൊറുതി മുട്ടിയിരിക്കുകയായിരുന്നു. ഇവരോട്‌ ഇടപെടാന്‍ പാടാണ്‌ എന്നതുകൊണ്ട്‌ തന്നെ പിണറായി വിജയന്‍ അതിനായി ബേബി മന്ത്രിയെയാണ്‌ ചുമതലപെടുത്തിയത്‌.

മരണശേഷവും വിജയന്‍ മാഷിനെതിരായ വിലകുറഞ്ഞ ആക്ഷേപങ്ങളാണ്‌ സുകുവിനെയും പപ്പുവിനെയും പോലുള്ള പ്രഗല്‍ഭബുദ്ധിമതികള്‍ ഉന്നയിക്കുന്നത്‌. ആദരിക്കല്‍ ചടങ്ങില്‍ കഥയുടെ കുലപതി പുതിയ കണ്ടെത്തലാണ്‌ നടത്തിയിരിക്കുന്നത്‌. എം.എന്‍.വിജയനെ പുറത്താക്കിയത്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയ്‌ത ഏറ്റവും വലിയ സല്‍ക്കര്‍മം എന്നാണ്‌ പദ്‌മനാഭന്റെ കണ്ടെത്തല്‍. കണ്ണൂരില്‍ അങ്കണം സാംസ്‌കാരിക വേദി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിലാണ്‌ സദസ്സിന്റെ സന്തോഷത്തെ മുഴുവന്‍ കെടുത്തിക്കളഞ്ഞ പദ്‌മനാഭന്റെ കമന്റ്‌. എം.എന്‍വിജയന്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചത്‌ സാംസ്‌കാരിക കേരളത്തിനുണ്ടായ സൗഭാഗ്യകരമായ അനുഭവമായിരുന്നുവെന്നും പദ്‌മനാഭന്‍ വിശദീകരിച്ചു. പത്ത്‌ വര്‍ഷം മുമ്പ്‌ പീച്ചി ഡാമില്‍ നടത്തിയ സാഹിത്യക്യാമ്പില്‍ തന്നെ പുകഴ്‌ത്തി പറഞ്ഞതിനാണ്‌ വിജയന്‍ മാഷ്‌ രാജിവച്ചതെന്ന വിചിത്രമായ കണ്ടെത്തല്‍ സദസ്സിനെ കുഴക്കി. പദ്‌മനാഭന്‍ തന്നെയാണോ സംസാരിക്കുന്നത്‌.

പദ്‌മനാഭനെ പു.ക.സയുടെ ആളായി കൊണ്ടുനടക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ്‌ ബേബിമന്ത്രി പല പുരസ്‌കാരങ്ങളും പുകഴ്‌ത്തലുകളും കൊണ്ട്‌ അദ്ദേഹത്തെ മൂടുന്നതെന്ന്‌ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പറഞ്ഞുനടന്നിരുന്നു. വിജയന്‍ മാഷിനെ പുറത്താക്കിയ പിണറായിയെയും അദ്ദേഹം പുകഴ്‌ത്തി. ബേബിമന്ത്രി വഴി തെറ്റി രാഷ്‌ട്രീയത്തില്‍ എത്തിയ കുഞ്ഞാടാണെന്ന്‌ ടി.പദ്‌മനാഭന്‍ കണ്ടെത്തി. അത്‌ അദ്ദേഹം സദസ്സിന്‌ മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്‌തു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കാതെ തന്നെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന്‌ പ്രശംസിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ളതുകൊണ്ട്‌ സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കാത്തതിന്‌ ശിക്ഷണനടപടി ഏറ്റുവാങ്ങിയ പാവം വി.എസ്‌ പക്ഷ നേതാക്കള്‍ക്ക്‌ കാര്യമൊന്നും മനസ്സിലായില്ലേ. ടി.പദ്‌മനാഭനെ ആദരിക്കുന്ന ചടങ്ങ്‌ ജനത്തിന്റെ ജീവിതപ്രശ്‌നങ്ങളേക്കാള്‍ വലുതാണോ എന്നാണ്‌ സദസ്സ്‌ ചോദിച്ചത്‌.

പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥയെഴുതിയതിന്‌ പദ്‌മനാഭന്‌ ഷഷ്‌ടിപൂര്‍ത്തിയാഘോഷവേളയില്‍ അറുപത്‌ പനീര്‍പൂക്കള്‍ അറുപത്‌ പെണ്‍കുട്ടികള്‍ സമ്മാനിച്ചതും കൗതുകമായി. ആഗോളഫണ്ടിംഗും സാധാരണജനജീവിതവും മുതലാളിത്തവും വര്‍ഗാധിപത്യവും ഒക്കെ ചര്‍ച്ച ചെയ്‌ത വിജയന്‍ മാഷില്ലാത്തത്‌ നന്നായി. ഉണ്ടെങ്കില്‍ ഈ ടി. പദ്‌മനാഭനോട്‌ എങ്ങനെ മറുപടി പറയുമായിരുന്നു അദ്ദേഹം. പദ്‌മനാഭന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ആഗോള ചിന്തകളാണല്ലോ,്‌ പ്രത്യേകിച്ചു. പുകഴ്‌ത്തല്‍, ഇകഴ്‌ത്തല്‍, സുകു, പപ്പു...പണ്ടൊരിക്കല്‍ സി.പി.എമ്മിന്‌ ഇഷ്‌ടമില്ലാതിരുന്ന പദ്‌മനാഭന്‍ എങ്ങനെ ആ ക്യാമ്പിന്‌ പ്രിയപ്പെട്ടവനായി. അടിയന്തിരാവസ്ഥയെയും വിമോചനസമരത്തെയും മറ്റും പിന്താങ്ങിയവരും പു.ക.സയെ പോലുള്ള സംഘടനകളെ തള്ളിപ്പറഞ്ഞവരും ഒക്കെ ഇപ്പോള്‍ ഇഷ്‌ടക്കാരായി അടത്തുകൂടുന്നതും സി.പി.എം കൂട്ടുന്നതും തെളിയിക്കുന്നത്‌ എന്താണ്‌. സാഹിത്യത്തില്‍ വിപ്ലവം സാധ്യമായി എന്നും ഇനി പിന്തിരിപ്പന്‍മാരെ കൂടെ കൂട്ടി നാട്‌ നന്നാക്കുന്ന വിശാല ചിന്താഗതിക്കാണ്‌ പ്രസക്തി എന്നുമുള്ള തിരിച്ചറിവിലാണോ.

സുകുമാര്‍ അഴീക്കോടും ടി.പദ്‌മനാഭനും എം.മുകുന്ദനും ഒക്കെ നമ്മുടെ വിപ്ലവപാര്‍ട്ടിക്ക്‌ ചെയ്‌ത സേവനങ്ങള്‍ ചരിത്രത്തിലുണ്ട്‌. അത്‌ മാഞ്ഞുപോകാത്ത എഴുത്താണ്‌. എഴുത്താണിക്ക്‌ പകരം മരയാണി വച്ച്‌ ചരിത്രമെഴുതാന്‍ ബേബി ശ്രമിക്കുന്നു. സാഹിത്യവും കലയും ഫാഷനാണെന്ന്‌ ചില ഉപജാപകവൃന്ദങ്ങള്‍ കരുതുന്നു. അവിടെ അലോസരപ്പെടുത്തുന്നതും പോരാട്ടത്തിന്‌ നിര്‍ബന്ധിക്കുന്നതുമായി ചിന്തകള്‍ക്ക്‌ പ്രസക്തിയില്ല. വിപ്ലവം ശോഭാസിറ്റിയിലും എളമരം കരീമിലും ടി.പദ്‌മനാഭനിലും സുകുമാര്‍ അഴീക്കോടിലും സാധ്യമാകുമ്പോള്‍ എന്തിന്‌ എംഎന്‍ വിജയനെ കൊണ്ടുനടക്കണം. ഈ ദീര്‍ഘചിന്ത തന്നെയാണ്‌ പണ്ട്‌ സി.പി.എമ്മിന്‌ വിജയന്‍ മാഷിനോടുള്ള സമീപനം രൂപപ്പെടുത്തിയത്‌. ഇപ്പോള്‍ ഏത്‌ അര്‍ദ്ധരാത്രിയും കാത്തിരിക്കാനും കുന്നുമ്മന്ന്‌ണ്ടൊരു ചൂട്ട്‌ കാണ്‌ന്ന്‌ കൂഞ്ഞമ്പൂന്റച്ചനോ മറ്റാരാന്നോ എന്ന്‌ പാടാനും ഇനി കവികളില്ല. അവര്‍ വേണ്ട എന്നാണ്‌ കണ്ടെത്തല്‍ കാരണം ബാലന്‍ മന്ത്രി ആദിദ്രാവിഡ വേരുകള്‍ തേടി ചാനലുകാരെയും കൂട്ടി അട്ടപ്പാടി, വയനാട്‌ തുടങ്ങിയ ആദിവാസിമേഖലകളില്‍ സ്‌നേഹപ്രകടനത്തിനായി പോകുന്നുണ്ടല്ലോ. പോരാളികളായ കവികളുടെ സ്ഥാനത്ത്‌ പഴയ കഥകളുടെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന എഴുത്തുകാരാണുള്ളത്‌. അതിന്‌ കുടപിടിക്കാനായി നമ്മുടെ പ്രിയപ്പെട്ട സാംസ്‌കാരിക രാഷ്‌ട്രീയക്കാരും.

പപ്പാ, സുകൂ എന്ന്‌ വിളിച്ച്‌ നുള്ളിയും മാന്തിയും കാലം പോക്കുന്ന കുറേ വാര്‍ദ്ധക്യാവശതകളെ പേറി നടക്കുന്ന നമ്മുടെ സാംസ്‌കാരിക വഴികള്‍ ശരിയോ എന്ന്‌ ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ സമയമുണ്ട്‌. ഞാനല്ലേ വലുത്‌, അവനല്ലല്ലോ എന്ന്‌ ഗീര്‍വാണം വിളമ്പുന്നവര്‍ക്ക്‌ വിജയന്‍ മാഷ്‌ ഉന്നയിച്ച വിഷയങ്ങള്‍ മനസ്സിലാക്കാന്‍ പോയിട്ട്‌ വായിക്കാന്‍ പോലും ത്രാണിയില്ല. വിജയന്‍ മാഷിന്റെ ഏതെങ്കിലും ഒരു ലേഖനം മനസ്സിരുത്തി വായിക്കുമ്പോഴേക്കും പപ്പുവും സുകുവുമെല്ലാം ബോധം കെട്ട്‌ വീണേക്കും. പണ്ടൊരിക്കല്‍ ഇവരെല്ലാം എഴുതിയ സാഹിത്യ സൃഷ്‌ടികളെ ബഹുമാനിച്ച്‌ കൊണ്ട്‌ പറയട്ടെ. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രൊഫസര്‍ വിജയന്‍ മാഷ്‌ എടുത്ത നിലപാടുകള്‍ തന്നെയായിരുന്നു ശരി. ലോകബാങ്കും, ഐ.എം.എഫും ദരിദ്രാനാരായണന്മാരില്‍ നിന്ന്‌ നികുതിപിരിക്കാന്‍ വരുമ്പോളും ചിരിച്ചുകൊണ്ട്‌ വിജയന്‍ മാഷെ തെറിപറയുന്ന പപ്പേട്ടാ സ്‌തുതി.....


അടിക്കുറിപ്പ്‌ :

സുകു: പപ്പൂ, അരിയെത്ര ???
പപ്പു: സുകൂ , പയറഞ്ഞാഴി !!!


Sunday, December 27, 2009

കല്‍പനയുടെ രഹസ്യങ്ങള്‍...

ഈ സൂര്യന്‍ ഇങ്ങനെ എപ്പോഴും എവിടെയാണമ്മാമാ ഓടുന്നത്‌? ഒരു ദിവസം മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യത്തിന്‌ മുന്നില്‍ പകച്ചുനിന്നുപോയി.

അത്‌ നമ്മുടെ തേജസ്വിനി പുഴയുടെ അങ്ങ്‌ അക്കരെ അറബിക്കടലിന്റെ അരികിലൂടെ ഭൂമിയെ ചുറ്റുകയാണ്‌ മോനേ എന്ന എന്നെ സംബന്ധിച്ച്‌ ലളിതമായ ഇത്തരം പക്ഷേ അവന്‌ സങ്കീര്‍ണമായ പുതിയ സമസ്യകളാണ്‌ നല്‍കിയത്‌. ഭൂമിയെ സൂര്യന്‍ ചുറ്റുന്നതെന്തിന്‌.? സൂര്യന്‍ കടലില്‍ വീഴില്ലേ... തുടങ്ങിയ നിരവധി ഉപചോദ്യങ്ങളെ തരണം ചെയ്യാന്‍ ഞാന്‍ അവനെയും കൂട്ടി തോണിയില്‍ കയറി പുഴ യാത്ര നടത്തി രക്ഷപ്പെട്ടു. പിന്നീടും പലപ്പോഴും അങ്ങനെ പല ചോദ്യങ്ങള്‍ അവന്‍ ചോദിക്കാറുണ്ട്‌. ചലചിത്ര നടി കല്‍പനയുടെ ആത്മകഥ രണ്ടാമതൊരിക്കല്‍ കൂടി വായിച്ചപ്പോള്‍ എന്തുകൊണ്ടോ ജ്യോതിയുടെ ചോദ്യങ്ങള്‍ മനസ്സിലോടിയെത്തി.

ഞാന്‍ കല്‍പന എന്ന ഓര്‍മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ നാം അറിവിന്റെ ലളിതവഴികളിലൂടെ യാത്ര ചെയ്യും. പ്രേക്ഷകന്റെ മുന്നില്‍ ഒരു സാധാരണ കോമഡി ആര്‍ട്ടിസ്റ്റിന്‌ ഇത്രയും വലിയ ബൗദ്ധിക തലം ഉണ്ടാകുമോ? എന്ന തോന്നല്‍ സ്വാഭാവികമാണ്‌.

"എന്നെ ആദ്യമങ്ങ്‌ പ്രസവിച്ചൂടായിരുന്നോ ഈ അമ്മയ്‌ക്ക്‌? അല്ലെങ്കില്‍ ഒടുക്കത്തെ പേറായിട്ട്‌ അങ്ങ്‌ താഴെയിട്ടൂടായിരുന്നോ? ഇതൊന്നുമല്ലാത്ത പരുവത്തില്‍ രണ്ടാമതായി എന്തിന്‌ സൃഷ്‌ടിച്ചു? ആരും രണ്ടാമതായി ജനിക്കല്ലേ... മൂത്തതുകള്‍, അല്ലെങ്കില്‍ ഇളയതുകള്‍ അല്ലാതെ രണ്ടാമതുകള്‍ വേണ്ടേ, വേണ്ട..."

കല്‍പനയുടെ ആത്മകഥ ജീവിതത്തിന്റെ കളങ്കമില്ലാത്ത ഇതളുകളാണ്‌. വായനക്കാരന്‌ എം.ടിയുടെ രണ്ടാമൂഴമൊക്കെ ഓര്‍മവരുമ്പോള്‍ നിഷ്‌കളങ്കമായി ചെറുപ്പകാലത്ത്‌ വീട്ടില്‍ പരിഗണനകിട്ടാതെ കഴിഞ്ഞ കുട്ടിയുടെ നിഷ്‌കളങ്കമായ ധര്‍മസങ്കടങ്ങള്‍ കല്‍പന ആവിഷ്‌കരിക്കുന്നു.

കലാകാരിയുടെ വ്യക്തി ജീവിതം പൂര്‍ണമായും സ്വകാര്യമല്ല. സമൂഹത്തിന്‌ മുന്നില്‍ ജീവിക്കുന്ന എന്നതിനാല്‍ തന്നെ അവരുടെ ജീവിത അനുഭവങ്ങളും കാഴ്‌ചപ്പാടുകളും പൊതുജന താല്‍പര്യമുള്ളതാകുന്നു. വ്യത്യസ്‌തമായ നിരവധി കാഴ്‌ചപ്പാടുകളും ജീവിതാനുഭവങ്ങളും അവതരിപ്പിക്കന്നു എന്നിടത്താണ്‌ ചലചിത്രനടി കല്‍പനയുടെ ആത്മകഥ ഒരു ജീനിയസ്സിന്റെ ബുദ്ധി പ്രകടമാക്കുന്നത്‌.

ഓര്‍മ വച്ച നാള്‍ മുതലുള്ള നല്ലതും ചീത്തയായതുമായ അനുഭവങ്ങള്‍ കല്‍പന പങ്കുവയ്‌ക്കുന്നുണ്ട്‌. ഓരോ അനുഭവവും ഓരോ പാഠങ്ങളാണ്‌ തനിക്ക്‌ സമ്മാനിച്ചതെന്ന്‌ അവര്‍ തിരിച്ചറിയുന്നു. അച്ഛനും അമ്മയും മൂന്ന്‌ പെണ്‍മക്കളും അടങ്ങിയതയാണ്‌ കുടുംബം. രണ്ടാമത്തെ മകളാണ്‌ കല്‍പന. കലാരഞ്‌ജിനിയാണ്‌ മൂത്തമകള്‍. ഉര്‍വ്വശി അനുജത്തിയും. കമല്‍റോയ്‌, കബീര്‍ പ്രിന്‍സ്‌ എന്നീ രണ്ട്‌ അനുജന്മാരും നാടക നടനായ അച്ഛന്‍ വി.പി.നായരുടെയും നര്‍ത്തകിയായ അമ്മ വിജയലക്ഷ്‌മി നായരുടെയും കലാപാരമ്പര്യം മക്കളും കാത്തൂസൂക്ഷിച്ചു. കലാരഞ്‌ജിനിയും കല്‍പനയും ഉര്‍വശിയും അറിയപ്പെടുന്ന അഭിനേതാക്കളായി. തന്റെ ചെറുപ്രായത്തിലേ കുഞ്ഞനുഭവങ്ങളെ ആഴത്തിലുള്ള കാഴ്‌ചപ്പാടോടുകൂടിയാണ്‌ കല്‍പന അവതരിപ്പിക്കുന്നത്‌. മൂത്ത മകളുടെ പരിഗണന കലമോള്‍ക്കും ഇളയതിന്റെ പരിഗണന പൊടിമോള്‍ക്കും ലഭിക്കുമ്പോള്‍ കല്‍പനയുടെ കഷ്‌ടപ്പാട്‌ ആരും കണ്ടില്ല. സ്‌കൂളിലേക്കുള്ള പുസ്‌തകവും ഉടുപ്പും ഒന്നും സ്വന്തമായി ഇല്ലാതിരുന്ന കല്‍പന ഒരുകുട്ടിയുടെ വേവലാതികള്‍ പങ്കുവയ്‌ക്കുന്നു. സ്‌കൂളിലെ കൃസൃതികളും സ്‌കൂള്‍ യാത്രകളിലെ രസകരമായ സംഭവങ്ങളും കല്‍പന ഒരു കൊച്ചുചട്ടമ്പിയുടെ ഭാവത്തോടെ അവതരിപ്പിക്കുന്നുണ്ട്‌. പിന്നീട്‌ കുട്ടിയായിരിക്കുമ്പോഴേ സിനിമയിലെത്തി. ചില മലയാള സിനിമയില്‍ അഭിനയിച്ചതിന്‌ ശേഷം തമിഴ്‌ സിനിമയിലേക്ക്‌ കടന്ന കല്‍പന അവിടെ ദു:ഖപുത്രിയുടെ പരിവേഷത്തോടെയാണ്‌ പ്രശസ്‌തയായത്‌.
ചിന്നവീട്‌, തലയാട്ടി ബൊമ്മകള്‍, തിരുമതി ഒരുബഹുമതി തുടങ്ങിയ ചിത്രങ്ങളിലൂടെ കല്‍പന അവിടെ ടൈപ്പ്‌ചെയ്യപ്പെട്ടു. പിന്നേയും കൂറേ കഴിഞ്ഞ്‌ മലയാള സിനിമയില്‍ സജീവമായ കല്‍പന തന്റെ ഐഡന്റിറ്റി തിരിച്ചറിയുകയായിരുന്നു. ചില ചിത്രങ്ങളിലെ നര്‍മഭാവം കലര്‍ന്ന വേഷങ്ങളിലൂടെ കല്‍പന മലയാളികള്‍ക്ക്‌ പ്രിയപ്പെട്ട നടിയായി.

സ്ഥിരമായ ദു:ഖഭാവം പേറി നടക്കുന്നതിന്റെ അനൗചിത്യത്തെ കുറിച്ച്‌ നല്ലബോധ്യമുണ്ട്‌ ഈ നടിക്ക്‌. ഉള്ളില്‍ എന്തുമാത്രം നോവുകള്‍ കിടന്നാലും അതിനെയെല്ലാം നര്‍മം കൊണ്ട്‌ പൊതിയാന്‍ കല്‍പനയ്‌ക്ക്‌ കഴിയുന്നു.
അവനെ എല്ലാവരും ലാളിച്ചു. അവനെ കുറിച്ച്‌ സ്വപ്‌നങ്ങള്‍ നെയ്‌തു. അവയെല്ലാം സ്വപ്‌നങ്ങളായി തന്നെ ഇന്നും ഞങ്ങളുടെ ഓര്‍മയില്‍ തങ്ങുന്നു. -മരിച്ചുപോയ സഹോദരനെക്കുറിച്ചുള്ള ഓര്‍മകള്‍ കരളലിയിക്കുന്നതാണ്‌.
ചെറുപ്പകാലത്ത്‌ ബീഡി തെറുത്ത്‌ വലിച്ചതിന്റെ രസകരമായ അവതരണം ഒരിടത്തുണ്ട്‌. കടലാസ്‌ കൊണ്ട്‌ സിഗരറ്റുണ്ടാക്കി കൊച്ചുമോന്റെ വായില്‍ വച്ച്‌ കൊടുത്തതും അവന്‍ നിര്‍ത്താതെ ചുമച്ചതും അങ്ങനെ കള്ളി വെളിച്ചത്തായതും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്‌.

കല്‍പനയുടെ കാഴ്‌ചപ്പാടുകള്‍ കൃത്യമായി വെളിച്ചത്തുവരുന്നത്‌ അവര്‍ പുരാണകഥാപാത്രങ്ങളെ കാണുന്ന രീതികളിലാണ്‌. നിര്‍ണായകമായ ഘട്ടത്തില്‍ കര്‍ണനെ രക്ഷിച്ച ദുര്യോധനനാണ്‌ കല്‍പനയുടെ ഹീറോ. ദുര്യോധനനെ ഇഷ്‌ടപ്പെട്ടതിന്‌ വീട്ടില്‍ നിന്ന്‌ തല്ലുകിട്ടിയ കല്‍പന എന്ന കുട്ടിയുടെ വിമര്‍ശന ബുദ്ധി രാമായണ മഹാഭാരത കഥാപാത്രങ്ങളെ മുഴുവന്‍ പരിധോനയക്ക്‌ വിധേയമാക്കുന്നുണ്ട്‌. അന്ധനെ വേളി കഴിക്കേണ്ടി വന്ന ഗാന്ധാരി. കല്യാണത്തിന്റെ അന്ന്‌ തന്നെ കുരുടന്‍ ഹസ്‌ബന്റിനെ കാണേണ്ട എന്ന്‌ തീരുമാനിച്ച്‌ കണ്ണ്‌ ഹാഫ്‌ സാരികൊണ്ട്‌ മൂടിക്കെട്ടിയെന്ന്‌ കല്‍പനയുടെ പുനര്‍വ്യാഖ്യാനം. യുധിഷ്‌ഠിരന്‍ പാഞ്ചാലിയെ പാണ്‌ഡവരുടെ ഭാര്യയാക്കിയതുപോലെ ദുര്യോധനന്‌ തോന്നാതിരുന്നത്‌ മഹാഭാഗ്യമായെന്ന്‌ കല്‍പന. നൂറ്‌ പേരുടെ ഭാര്യയാകുന്നത്‌ ലോകത്തിലെ ഏറ്റവും വലിയ പീഡനമായേക്കുമെന്ന ഭീതി. ഭീഷ്‌മരും കൃഷ്‌ണും സീതയും താരയും മണ്‌ഡോദരിയുമൊക്കെ കല്‍പനയുടെ ചിന്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. രാമായണത്തിലെ ദു:ഖിതയായ ഊര്‍മിളയെ അധികം ബഹുമാനത്തോടുകൂടി കല്‌പന നോക്കിക്കാണുന്നു. അനിലുമായുള്ള വിവാഹബന്ധത്തിന്റെ കഥ രസകരമായി അവതരിപ്പിക്കുന്നു. അനിലിനെ ഇഷ്‌ടപ്പെടാനുള്ള കാരണത്തെക്കുറിച്ച്‌ കല്‍പന ഇങ്ങനെ വിശദീകരിക്കുന്നു. ഡയരക്‌ടര്‍ അനിലിനെ ഞാന്‍ ഇഷ്‌ടപ്പെട്ടു. കാരണം കല്യാണം കഴിഞ്ഞാല്‍ എനിക്ക്‌ ഇഷ്‌ടം പോലെ സംസാരിക്കാം. പുള്ളിക്ക്‌ അധികം സംസാരിക്കാനുണ്ടാകില്ല. ശ്രോതാവായി ഇരുന്നോളും എന്ന്‌ ഞാന്‍ തെറ്റിദ്ധരിച്ചു. കല്‍പന ജീവിതം പറയുകയാണ്‌. കുറേ കാര്യങ്ങളിലൂടെ.....

"എന്റെ പപ്പനാവനാണേ, ചെട്ടിക്കുളങ്ങര ദേവിയാണേ പൊന്നുമാടനാണേ സത്യം ആരേയും വിഷമിപ്പിക്കാനല്ല ഞാനെഴുതിയത്‌...."

അതെ ജ്യോതി പറഞ്ഞതാണ്‌ സത്യം. ഇതെല്ലാം കേള്‍ക്കുമ്പോ പ്രാന്ത്‌ വരുന്നു അമ്മാമാ. ശരിയാണ്‌ ജീവിതത്തിന്റെ, പ്രകൃതിയുടെ നൂലാമാലകള്‍ സങ്കീര്‍ണതകള്‍, എല്ലാം ആലോചിച്ചാല്‍ ഒരര്‍ത്ഥത്തില്‍ ഭ്രാന്ത്‌ വരും. ലളിതമായ ആലോചനകളിലൂടെ അവയ്‌ക്കെല്ലാം ഉത്തരം തേടുന്ന നിഷ്‌കളങ്കമായ ചിരിയാണ്‌ കല്‍പനയുടേത്‌.

Sunday, December 20, 2009

വിമര്‍ശനത്തെ അഗാധമാക്കിയ ഗുരു

`ഇന്നത്തെ ഏറ്റവും വലിയ ദാര്‍ശനിക പ്രശ്‌നം വാക്ക്‌' ആണ്‌ എന്ന യൂജിന്‍ ജൊലാസിന്റെ വാചകങ്ങള്‍ മുഖവാചകങ്ങളാക്കി ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കൃതിയിലൂടെ വിക്ഷുബ്‌ധമായ വിമര്‍ശന വഴി വെട്ടിത്തുറന്ന `സുവിശേഷക'നാണ്‌ കെ.പി അപ്പന്‍. കെ.പി.അപ്പന്‍ അന്തരിച്ചിട്ട്‌ ഡിസംബര്‍ 15ന്‌ ഒരു വര്‍ഷമായി.

ഹൃദയത്തില്‍ ആശയത്തിന്റെയും കാഴ്‌ചപ്പാടിന്റെയും കനലുകള്‍ കോരിയിട്ട എഴുത്തുകാരനായിരുന്നു അപ്പന്‍. കൗമാരത്തില്‍ വായനശാലകള്‍ കയറിയിറങ്ങുമ്പോഴും സൗഹൃദസംഭാഷണങ്ങള്‍ മൂര്‍ച്ഛിച്ച്‌ ലോകസാഹിത്യത്തിലേക്കും പാവപ്പെട്ട മലയാളത്തിലേക്കും എത്തുമ്പോഴും കടലിനെയും ആത്മഹത്യയെയും കുറിച്ച്‌ ചിന്തിക്കുമ്പോഴും എം.ടിയെയും ആനന്ദിനെയും വായിക്കുമ്പോഴും സുകുമാര്‍ അഴീക്കോടിനോട്‌ വിയോജിക്കുമ്പോഴും ഒക്കെ അപ്പന്‍ വല്ലാത്തൊരു തുണയായിരുന്നു.

ദൈവാംശം കലര്‍ന്ന വിശുദ്ധമായ വാക്കുകളിലൂടെ അപ്പന്റെ തൂലിക സഹൃദയനെ തേടിയെത്തി. പുസ്‌തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട്‌ നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക്‌ കര്‍ക്കശമായ നിഷ്‌ഠകളുമായി കെ.പി അപ്പന്‍ കടന്നുവരുമ്പോള്‍ നെറ്റി ചുളിച്ചവര്‍ പിന്നീട്‌ അപ്പന്റെ വാക്കുകള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ വ്യാമുഗ്‌ദ്ധരാവുകയായിരുന്നു. പരിധിയില്ലാത്ത അപ്പന്റെ വിമര്‍ശന മേഖലയില്‍ ആത്മനിഷ്‌ടമായ കാഴ്‌ചകളാണ്‌ ആസ്വാദകന്‌ കാണാന്‍ കഴിയുക. അസ്‌തിത്വവാദ ചിന്തകളില്‍ അഗാധമായി ആണ്ടുപോയ കെ.പി.അപ്പനെ സ്വാഭാവികമായി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി പലരും ചിത്രീകരിച്ചിട്ടുണ്ട്‌. ഒരുപരിധിവരെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന കെ.പി അപ്പന്‍ ഒരിക്കലും വലതുപക്ഷ കാഴ്‌ചപ്പാടുകളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആധുനികതാ പ്രസ്ഥാനത്തിന്‌ ദാര്‍ശനികമായ അടിത്തറ നല്‍കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ച വിമര്‍ശകനാണ്‌ കെ.പി.അപ്പന്‍. വിമര്‍ശന സാഹിത്യത്തെ കവിത യും കഥയും നോവലും പോലെ വായനക്കാര്‍ക്ക്‌ സ്വതന്ത്രമായ ആസ്വാദനമേഖലയായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്‌ അദ്ദേഹം. ഒ.വി.വിജയന്‍, എം.മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയ ആധുനികതാ പ്രസ്ഥാനത്തിലെ എഴുത്തുകാര്‍ക്ക്‌ താത്വികമായ പിന്‍ബലവും പിന്തുണയും നല്‍കിയത്‌ കെ.പി.അപ്പനാണ്‌. എഴുപതുകളില്‍ ശക്തമായ ആധുനികതാ പ്രസ്ഥാനം അസ്‌തിത്വചിന്തകളുടെ പിന്‍ബലത്തില്‍ സജീവമായ നിരവധി കൃതികള്‍ രചിക്കുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. വെറും ഒരു പ്രസ്ഥാനം എന്നും ആളുകള്‍ക്ക്‌ മനസിലാകാത്ത സാഹിത്യമെന്നും നിരന്തരം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പ്രസ്ഥാനം എന്ന നിലയില്‍ സാഹിത്യത്തി ല്‍ ആധുനികതയുടെ ധര്‍മ്മം തിരിച്ചറിയുകയും എഴുത്തുകാര്‍ക്ക്‌ വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്‌ത വിശുദ്ധഗുരുവാണ്‌ അപ്പന്‍. ഭരണകൂടം, സ്ഥാപനവത്‌കരണം തുടങ്ങിയ പ്ര സ്ഥാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും അ തിനനുസരിച്ച കാഴ്‌ചപ്പാടുക ള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവയാണ്‌ അപ്പന്റെ കൃതികള്‍.

അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള കലാപം തന്നെയായിരുന്നു ക്ഷോഭിക്കുന്നവരുടെ സുവിശേഷം. ആത്മനിഷ്‌ടമായ വിമര്‍ശന ശൈലിയിലൂടെ ഏകാകിയായ ഈ എഴുത്തുകാരന്‍ തിരസ്‌കാരവും കലഹവും വിശ്വാസവും വരകളും വര്‍ണ്ണങ്ങളും എഴുതി. അതോടൊപ്പം തന്നെ വായനക്കാരും സൃഷ്‌ടിപരമായ പ്രതിഭയുള്ളവരാണെന്ന തിരിച്ചറിവ്‌ വെച്ചുപുലര്‍ത്തുകയും ചെയ്‌ തു. അതിന്റെ ഫലമാണ്‌ വിവേകശാലിയായ വായനക്കാരാ, പേനയുടെ സമരമുഖങ്ങള്‍ തുടങ്ങിയ കൃതികള്‍. വിമര്‍ശകന്റെ ധര്‍മ്മവും അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. പാണ്ഡിത്യത്തിന്റെ ഗര്‍വ്വില്‍ സങ്കുചിതമായ കാഴ്‌ചപ്പാടുകളെ മുറുകെപിടിക്കുന്ന കൂപമണ്ഡൂകങ്ങളെ അദ്ദേഹം ആക്രമിച്ചു. ആധുനികതയുടെ കാഴ്‌ചപ്പാടുകള്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ചരിത്രത്തെ കൃത്യമായ തിരിച്ചറിവോടെ സമീപിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക, ചരിത്രത്തെ അഗാധമാക്കിയ ഗുരു തുടങ്ങിയ കൃതികള്‍ ശ്രദ്ധേയമാണ്‌. ബൈബിളിന്റെ വിശുദ്ധമായ ഭാഷയില്‍ വിഷയങ്ങളെ അവതരിപ്പിക്കുന്ന തനതായ അദ്ദേഹത്തിന്റെ ശൈലി ആത്മീയതയുമായി ചേര്‍ന്ന്‌ നില്‍ക്കുന്നതാണ്‌. ബൈബിള്‍ വെളിച്ചത്തിന്റെ കവചവും മധുരം നിന്റെ ജീവിതവും ആത്മീയമായ ഔന്നത്യം ആസ്വാദകന്‌ പ്രദാനം ചെയ്യുന്നുണ്ട്‌.

വി.രാജകൃഷ്‌ണനും ആഷാമേനോനും ഒക്കെ സജീവമാകുന്നതിന്‌ മുന്നേ നവീന വിമര്‍ശനത്തിന്റെ വഴികാട്ടിയായി കെ.പി അപ്പന്‍ എന്ന ഗുരു രംഗത്തെത്തിയിരുന്നു. എം.ടിയും ടി.പത്മനാഭനും മാധവിക്കുട്ടിയും കാല്‍പ്പനികമായ ഒരു തിരിച്ചറിവായി അപ്പന്റെ വിമര്‍ശക ബോധത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. എം.പി നാരായണപിള്ളയുടെ ജോര്‍ജ്ജ്‌ ആറാമന്റെ കോടതിയെക്കുറിച്ച്‌ പറയുമ്പോഴും `അധരസിന്ദൂരം കൊണ്ട്‌ എഴുതിയ കഥയായ' ടി.പത്മനാഭന്റെ ഗൗരിയെക്കുറിച്ച്‌ പറയുമ്പോഴും ആനന്ദിന്റേയും ഒ.വി വിജയന്റേയും നിര്‍മ്മല്‍കുമാറിന്റേയും കഥകളെക്കുറിച്ച്‌ പറയുമ്പോഴും കെ.പി.അപ്പന്‍ വിമര്‍ശകന്റെ ആധിപത്യം കൃത്യമായി സ്ഥാപിച്ചെടുക്കുന്നുണ്ട്‌. ക്രിയാത്മകമായ വിമര്‍ശക പ്രതിഭ, ഏകാകിയായ കാല്‍പനികനേയും ശക്തനായ പോരാളിയേയും ക്ഷോഭിക്കുന്ന മനസിനേയും ആസ്വാദകന്‌ മുന്നില്‍ വെളിപ്പെടുത്തുന്നു. ദര്‍ശനത്തിന്റെ കാഠിന്യം തിരിച്ചറിയുന്നതുകൊണ്ടു തന്നെ എം.ഗോവിന്ദനും സി.ആര്‍.പരമേശ്വരനും അദ്ദേഹത്തിന്റെ രചനകളില്‍ കടന്നുവരുന്നു. സമയപ്രവാഹവും സാഹിത്യകലയും കലാപം വിവാദം വിലയിരുത്തല്‍ തുടങ്ങിയ കൃതികളില്‍ വിദേശ സാഹിത്യകാരന്മാരില്‍ സ്വാധീനം ചെലുത്തിയ ഹെര്‍മ്മന്‍ ഹെസേയടക്കമുള്ള എഴുത്തുകാരെക്കുറിച്ച്‌ വാചാലനാവുന്നുണ്ട്‌ അപ്പന്‍.

അല്‍ബേര്‍ കമ്യു, ഫ്രാന്‍ സ്‌ കാഫ്‌ക തുടങ്ങിയ ആധുനികചിന്താമണ്‌ഡലത്തിന്റെ അപ്പോസ്‌തലന്മാരുടെ ആശയങ്ങള്‍ കെ.പി.അപ്പന്റെ ബൗദ്ധിക തലത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌. നീഷേയുടെ താത്വികവചനങ്ങള്‍ അപ്പന്റെ കൃതികളില്‍ അന്തര്‍ധാരയായി ഉണ്ട്‌. ഉന്മാദമായ ആധുനിക ചിന്തകളെ വിശുദ്ധമായ ഭാഷയിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ അപ്പന്‍ ഭാഷയിലെ രാജാവാകുന്നു.

ഇടപ്പള്ളിയെ റൊമാന്റിക്‌ ഔട്ട്‌സൈഡര്‍ എന്നുവിശേഷിപ്പിച്ച പ്രശസ്‌ത ലേഖനത്തില്‍ കാല്‍പനികനായ ഒരു വിമര്‍ശകനെയാണ്‌ കണ്ടെത്താന്‍ കഴിയുക. സില്‍വിയ പ്ലാത്ത്‌ മുതല്‍ രാജലക്ഷ്‌മി വരെയുള്ളവരുടെ ആത്മഹത്യകള്‍ക്കു പിന്നിലെ പ്രചോദനങ്ങള്‍ ചികഞ്ഞുപോകുമ്പോള്‍ ഏതൊരു സര്‍ഗാത്മക സാഹിത്യകാരനേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നുണ്ട്‌ കെ.പി.അപ്പന്റെ തൂലിക. എഴുത്തു തന്നെയാണ്‌ എല്ലാം എന്നുവിശ്വസിച്ച വിമര്‍ശകനാണ്‌ അപ്പന്‍. വിമര്‍ശകനും വിമര്‍ശനങ്ങളും വിമര്‍ശിക്കപ്പെടേണ്ടവയാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ വിമര്‍ശന സാഹിത്യം സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ കൂട്ടത്തിലേക്ക്‌ ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന്‌ വലിയ സ്ഥാനമുണ്ടെന്ന്‌ നിസ്സംശയം പറയാം. സാധാരണ വായനക്കാരെ നിരൂപണ വായനയിലേക്ക്‌ അടുപ്പിക്കുന്നതില്‍ കെ.പി അപ്പനുള്ള പങ്ക്‌ ചെറുതല്ല. കവിയുടെ ഏകാന്തതയും ദൈവാംശമുള്ള വാക്കുകളും കെ.പി.അപ്പനെ അതിന്‌ സഹായിച്ചു. ഭ്രാന്തമായ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും കഥകളാക്കിയ എഴുത്തുകാരോട്‌ എഴുത്തിലൂടെ സംവദിക്കാന്‍ കെ.പി അപ്പന്‌ കഴിഞ്ഞു. അദ്ദേഹം ഒരു വലിയ ഗുരുവാണ്‌. വിമര്‍ശന സാഹിത്യത്തിന്റെ പുതിയ വഴികള്‍ വെട്ടിത്തെളിച്ച വഴികാട്ടി.
Related Posts with Thumbnails