Sunday, May 30, 2010

അത്രമേല്‍ സ്‌നേഹിക്കയാല്‍...

'ആയിരം കുടന്ന വെള്ളം കോരിയെടുക്കാനുള്ള ആവേശത്തോടെ നീയാകുന്ന തടാകത്തില്‍ ഞാന്‍ ദാഹഭരിതയായി ഇറങ്ങുന്നു`(ഹംസധ്വനി)

മാധവിക്കുട്ടിയുടെ അക്ഷരങ്ങള്‍ക്ക്‌ വിശുദ്ധിയുടെ മണമാണ്‌. മാധവിക്കുട്ടി വിടപറഞ്ഞിട്ട്‌ ഒരു വര്‍ഷം തികയുന്നു. പ്രണയത്തിന്റെയും വെറുപ്പിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയുമെല്ലാം മണമായിരുന്നു. അവ, അന്തപ്പുരങ്ങളിലെ തടവറകളിലും മനുഷ്യസ്‌നേഹത്തിന്റെ മായികതയിലും നഗരങ്ങളിലെ സ്വാതന്ത്ര്യത്തിലും അലഞ്ഞുനടന്നു. ആ വാക്കുകള്‍ക്ക്‌ കടല്‍മയൂരത്തിന്റെ ചിറകുകളായിരുന്നു, നെയ്‌പായസത്തിന്റെ വേദനയായിരുന്നു. വണ്ടിക്കാളകളുടെ ശോകസംഗീതമായിരുന്നു.

കഥയും ജീവിതവും തിരിച്ചറിയാന്‍ പറ്റാത്ത ഒരു കുട്ടിയായിരുന്നു യഥാര്‍ത്ഥത്തില്‍ മാധവിക്കുട്ടി. എവിടെയോ ഇവരണ്ടിലും താദാത്മ്യം പ്രാപിച്ച്‌ കഥാകാരിയായി ജീവിക്കുമ്പോള്‍ അവര്‍ ഈ ലോകത്തെ വിശ്വസിക്കുകയും അതില്‍ ആഴത്തില്‍ അലിഞ്ഞു ചേരുകയും ചെയ്‌തു. മലയാളഭാഷയിലും സാഹിത്യത്തിലും അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവം സൃഷ്‌ടിച്ച വിശുദ്ധമായ അക്ഷരങ്ങളുടെ പ്രണയിനിക്ക്‌ അനുഭവങ്ങളുടെ ഒരു ആകാശം തന്നെയായിരുന്നു ബലം. മലയാളി അത്രയ്‌ക്ക്‌ പരിചയയിച്ചിട്ടില്ലാത്ത മൂടിവയ്‌ക്കാനൊന്നുമില്ലാത്ത ജീവിതത്തിന്റെ പ്രഖ്യാപനമായിരുന്നു കമല സുരയ്യ.




പലരും മനസ്സിലാക്കിയിട്ടില്ലാത്ത, മനസ്സിലാക്കാന്‍ ശ്രമിയ്‌ക്കാതിരുന്ന, തെറ്റായി മനസ്സിലാക്കിയ എഴുത്തുകാരിയും അതിലുപരി സ്‌ത്രീയുമായിരുന്നു മാധവിക്കുട്ടി. വിവാദങ്ങളുടെ കൂട്ടുകാരിയെന്ന്‌ മലയാളി അവരെ വിശേഷിപ്പിയ്‌ക്കുമ്പോഴും അനാവശ്യ വിവാദത്തിലേയ്‌ക്ക്‌ അവരെ വലിച്ചിഴച്ചതില്‍ കേരളത്തിന്റെ പങ്കും ചെറുതല്ല. മാന്‍ പേടയ്‌ക്ക്‌ പിറന്ന കുരങ്ങന്‍കുട്ടി എന്ന്‌ സ്വയം വിശേഷിപ്പിച്ച മാധവിക്കുട്ടി യഥാര്‍ത്ഥത്തില്‍ മാന്‍പേടയ്‌ക്ക്‌ പിറന്ന വാനമ്പാടിയായിരുന്നു. നഗ്നത സൃഷ്‌ടിയുടെ സൗന്ദര്യ ലഹരിയാണെന്നു പറഞ്ഞ കമല, പുരുഷകേസരികള്‍ പോലും കാണിച്ചിട്ടില്ലാത്ത ആര്‍ജ്ജവമാണ്‌ എഴുത്തിലും സംസാരത്തിലും പ്രകടിപ്പിച്ചത്‌.




കൃഷ്‌ണ ഭക്തിയും ഇസ്ലാം മതസ്വീകരണവുമെല്ലാം പരസ്‌പരവിരുദ്ധങ്ങളാണെന്ന്‌ വാദിച്ചവര്‍ പോലും കുട്ടിത്തം മുഖത്ത്‌ നിറഞ്ഞുനില്‍ക്കുന്ന �ഭാവത്തില്‍ മാധവിക്കുട്ടിയെക്കണ്ടാല്‍ ഏത്‌ ഭിന്നതയും മറന്ന്‌ അവരോട്‌ ഐക്യപ്പെടുമായിരുന്നു. കമലയുടെ രചനകളിലെ �ഭാവനയും യാഥാര്‍ത്ഥ്യവും ഇഴപിരിച്ചുകാണാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഇത്തരം ഒരു എഴുത്തുകാരി മലയാള സാഹിത്യത്തില്‍ അവര്‍ക്ക്‌ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. അടിച്ചമര്‍ത്തപ്പെട്ട സ്‌ത്രീമനസുകളുടെ വാതിലുകള്‍ തുറന്നിട്ടു എന്നല്ല, സ്‌നേഹം ഒരു ആയുധമാക്കി പൊള്ളയായ ദാമ്പത്യത്തിന്റെ വീര്‍ത്ത ബലൂണുകളെ പൊട്ടിച്ചുകളഞ്ഞു എന്നതാണ്‌ ഈ എഴുത്തുകാരിയുടെ പ്രസക്തി.




കപടസദാചാരത്തിന്റെ മുഖപടം പൊളിച്ചടുക്കി ആഖ്യാനത്തിന്റെ യാഥാസ്ഥിതിക വഴികളില്‍ നിന്നും മലയാള കഥകളെ മോചിപ്പിച്ചു. ഏതാണ്ട്‌ 40 കൊല്ലത്തിന്‌ മുമ്പെഴുതിയ കഥകളാണ്‌ സാഹിത്യചരിത്രത്തില്‍ ഈ എഴുത്തുകാരിക്ക്‌ സ്ഥാനമഹിമയുണ്ടാക്കുന്നത്‌.1955ല്‍ എഴുതിയ ഒരു കഥയുടെ പേര്‌ അന്ന്‌ വെയില്‍ ഏഴ്‌ മണിക്ക്‌ മാഞ്ഞു- ഈ വിധത്തില്‍ കഥാശീര്‍ഷകം നല്‍കാന്‍ അന്ന്‌ ഒരു എഴുത്തുകാരനും ധൈര്യപ്പെട്ടിരുന്നില്ല. കല്യാണി, ഉണ്ണി, മലഞ്ചെരിവുകള്‍ നരിച്ചീറുകള്‍ പറക്കുമ്പോള്‍, ചുവന്ന പാവാട, തണുപ്പ്‌ തുടങ്ങിയ കഥകളെല്ലാം തന്നെ 1970ന്‌ മുമ്പ്‌ എഴുതപ്പെട്ടവയാണ്‌. 1955ല്‍ മതിലുകള്‍ എന്ന കഥാസമാഹാരത്തോടെ സാഹിത്യരംഗത്ത്‌ പ്രവേശിച്ച ഈ എഴുത്തുകാരി ആന്തരിക ശില്‍പത്തിലും ബാഹ്യശില്‍പത്തിലും തനതായ വ്യക്തിത്വമാണ്‌ പുലര്‍ത്തിയിട്ടുള്ളത്‌.




ഏതാണ്‌ ജീവിതത്തിന്റെ പകുതി കാലവും മുംബൈയിലും കല്‍ക്കട്ടയിലും ഡല്‍ഹിയിലും താമസിച്ചതിന്റെ വെളിച്ചത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും അവര്‍ എഴുതിയ രചനകള്‍ മലയാള ചെറുകഥാലോകത്തിന്‌ ഒരു അല്‍ഭുതമായിരുന്നു. കേരളത്തിന്റെ ഗ്രമാജീവിതത്തിന്‌ പുറത്ത്‌ മഹാനഗരങ്ങളുടെ വന്യത മലയാള കഥ അറിയുന്നത്‌ മാധവിക്കുട്ടിയുടെ വരവോടെയാണ്‌. കല്‍ക്കട്ടിയലെസെന്റ്‌ സെസിലിയാസ്‌ സ്‌കൂളില്‍ ആഢ്യന്മാരുടെ മക്കള്‍ക്ക്‌ മാത്രം നേടാനാകുന്ന വിദ്യാഭ്യാസമാണ്‌ സ്‌കൂള്‍ തലത്തില്‍ മാധവിക്കുട്ടി നേടിയത്‌. അതിന്‌ ശേഷം പഠനം പൂര്‍ത്തിയാക്കാതെ പുന്നയൂര്‍ക്കുളത്ത്‌ എലിമെന്ററി സ്‌കൂളില്‍ ചേര്‍ന്നു. അധികം താമസിയാതെ വീണ്ടും കല്‍ക്കട്ടയില്‍. ഇങ്ങനെ ബാല്യത്തില്‍ തന്നെ അനിശ്ചിതത്വം ഈ എഴുത്തുകാരിയെ പിടികൂടിയിരുന്നു. 1949ല്‍ ഫെബ്രുവരി 5ന്‌ മാധവിക്കുട്ടി മുംബൈ റിസര്‍വ്വ്‌ ബാങ്ക്‌ ഉദ്യോഗസ്ഥനായി കമലാ ദാസുമായുള്ള വിവാ ഹം കഴിഞ്ഞു.ഇതിന്‌ മുമ്പ്‌ തന്നെ ആദ്യകഥാ സമാഹാരം 1955ല്‍ പുറത്തിറങ്ങിയിരുന്നു, മതിലുകള്‍. പല നഗരങ്ങളിലൂടെയുള്ള ജീവിതം രണ്ട്‌ ലോകങ്ങളില്‍ അധിവസിക്കുന്നതിന്‌ ഈ എഴുത്തുകാരിക്ക്‌ പ്രേരണയായി. ഇംഗ്ലീഷിലും മലയാളത്തിലും അവര്‍ എഴുതിത്തുടങ്ങി.




രണ്ട്‌ ജീവിതം മനസില്‍ സൂക്ഷിച്ചു. മലയാളത്തില്‍ എഴുതുമ്പോള്‍ മാധവിക്കുട്ടിയും ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ കമലാദാസും ഈ ദ്വിമുഖവ്യക്തിത്വങ്ങള്‍ ഈ എഴുത്തുകാരിയുടെ ജീവിതത്തിലുടനീളമുണ്ടായിരുന്നു. 1966 മുതല്‍ 70 വരെയുള്ള കാലം മാധവിക്കുട്ടിയുടെ ജീവിതത്തിലെ രോഗാതുരമായി കാലമായിരുന്നു. മുംബൈയിലേക്ക്‌ താമസം മാറ്റി കാടല്‍ റോഡിലെ വസതിയില്‍ ന്യൂമോണിയയുമായി മല്ലിട്ട വര്‍ഷങ്ങളായിരുന്നു. 1970ല്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ എഴുതിയതാണ്‌ എന്റെ കഥ. 72ല്‍ ഖണ്‌ഡശ പ്രസിദ്ധപ്പെടുത്തുകയും 74ല്‍ അത്‌ പുസ്‌തകരൂപത്തിലാകുകയും ചെയ്‌തു. 1967ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ മാധവിക്കുട്ടിയുടെ തണുപ്പ്‌ എന്ന കഥയ്‌ക്ക്‌ ലഭിച്ചു. വളരെ നേരത്തെ തന്നെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയ എഴുത്തുകാരിയാണ്‌ അവര്‍. മലയാളത്തിലെ പുരുഷഎഴുത്തുകാര്‍ വരെ കൃതികളില്‍ ആവിഷ്‌കരിക്കാന്‍ ധൈര്യപ്പെടാത്ത രതിയുടെ ഉള്‍ഭേദങ്ങള്‍ മാധവിക്കുട്ടി കലാപരമായ ലാവണ്യത്തോടെ ആവിഷ്‌കരിച്ചു.




രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന കൃതിയില്‍ മനുഷ്യസ്‌നേഹം ഒരു ജനവിഭാഗത്തിന്റെ അടിസ്ഥാന ചുമതലകളെ എങ്ങനെ മാറ്റുന്നു എന്ന്‌ തെളിയിക്കുന്നു. വേശ്യാലയത്തിന്റെ അന്തരീക്ഷത്തില്‍ ഒരു കുട്ടിയുടെ ആഗമനം സ്‌നേഹത്തിന്റെ കൈത്തിരിയാവുകയാണ്‌. ചന്ദനമരങ്ങള്‍ എന്ന കഥയിലാകട്ടെ സ്‌ത്രീകള്‍ തമ്മിലുള്ള ഹൃദയശാരീരിക ബന്ധങ്ങള്‍ ലാവണ്യത്തോടെ കഥാരൂപമാക്കി. 1989ല്‍ എഴുതിയ കടല്‍മയൂരം ഒരുപക്ഷേ മാധവിക്കുട്ടിയുടെ സാഹിത്യത്തിലെ പൂത്തിരിയാണ്‌ എന്നുതന്നെ പറയാം. പിന്നീട്‌ ബാല്യകാല സ്‌മരണകളും വര്‍ഷങ്ങള്‍ക്ക്‌ മുമ്പും ഡയറിക്കുറിപ്പും നീര്‍മാതളം പൂത്തകാലവും ആത്മസ്‌പര്‍ശമുള്ള സ്‌മരണകളുടെ ഗണത്തിലാണ്‌ ഉള്‍പ്പെടുത്താവുന്നത്‌. മലയാളത്തില്‍ സ്‌മരണയുടെ ദീപ്‌തമായൊരു ശാഖ 1988ല്‍ മാധവിക്കുട്ടി എഴുതിത്തുടങ്ങിയ ബാല്യകാല സ്‌മരണകളില്‍ നിന്ന്‌ തുടങ്ങുന്നു. കഥപോലെ വായിച്ചുപോകാവുന്ന അനുഭവങ്ങള്‍. മലയാളിക്ക്‌ സമ്മാനിച്ചത്‌ പില്‍ക്കാലത്ത്‌ ഏറെ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഒരു കാലത്തിന്റെ ഉള്‍ത്തുടിപ്പുകളുമായിട്ടാണ്‌. മലയാള കഥയിലെ ആധുനികത ഭാഷയിലും പ്രമേയത്തിലും അക്ഷരത്തിലും സാധ്യമാക്കുന്നത്‌ മാധവിക്കുട്ടിയാണ്‌.




സര്‍ഗ്ഗാത്മകതയുടെ അവാച്യതലങ്ങളിലൂടെ സഞ്ചരിച്ച മാധവിക്കുട്ടി ശിശുസഹജമായ നിഷ്‌കളങ്കതയുമായി പിണക്കങ്ങളും പരിഭവങ്ങളും സ്‌നേഹവും പങ്കുവച്ച വാത്സല്യമതിയായ സ്‌ത്രീത്വമായിരുന്നു. പതിനാല്‌ വര്‍ഷം ജീവിച്ച കൊച്ചിയില്‍ നിന്നു പുണൈയിലേക്കു താമസം മാറിയ കമലാ സുരയ്യയ്‌ക്കു പറയാന്‍ നിരവധി ന്യായങ്ങളുണ്ടായിരുന്നു. കൊച്ചിയുടെ മനംമടുപ്പിക്കുന്ന മാലിന്യത്തില്‍നിന്നും ഊമക്കത്തുകളില്‍നിന്നുമെല്ലാം മോചനം കിട്ടിയ സന്തോഷം കൊച്ചിയില്‍ നിന്നു യാത്രയായപ്പോള്‍ അവര്‍ പ്രകടിപ്പിച്ചിരുന്നു. മലയാളികളെ താനൊരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നു മാധവിക്കുട്ടിയ്‌ക്ക്‌ ആവര്‍ത്തിച്ചുറപ്പിയ്‌ക്കേണ്ടിയും വന്നു.ഞാന്‍ ഈ നാട്ടില്‍ നിന്നു കുറച്ചു കൂടി സ്‌നേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്നോടവര്‍ സ്‌നേഹം കാണിച്ചില്ല. എന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണു പലരും ശ്രമിച്ചത്‌. ഈ നാട്ടുകാരോട്‌ എനിക്കു പറയാനുള്ളതു കുറച്ചുകൂടി പരസ്‌പരം സ്‌നേഹിക്കണം എന്നാണ്‌. ഒട്ടകപ്പുറത്തു മരുപ്പച്ച തേടി പോകുകയാണ്‌ ഞാന്‍.





ഒട്ടകപ്പുറത്തായതിന്റെ കുലുക്കമുണ്ട്‌. ഒരുപക്ഷെ അവിടെ എന്നെ സ്‌നേഹിക്കുന്ന നല്ല ആള്‍ക്കാരെ കണ്ടുമുട്ടുമായിരിക്കും. അതിന്‌ എനിക്ക്‌ അല്‍പം �ഭാഗ്യം കൂടി വേണം. എന്തായാലും കേരളത്തിനു പുറത്തും വിശാലമായ ലോകമുണ്ടല്ലോ? കൊച്ചിയില്‍ നിന്നു യാത്രയാകുമ്പോള്‍ സുരയ്യ പറഞ്ഞു. ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞു



ഗതകാലം ഞാന്‍ വിറ്റഴിച്ചു. എല്ലാവരെയും വിരുന്നിനു വിളിച്ചിട്ടു ഞാന്‍ പറഞ്ഞു, എന്റെ പഴയകാലത്തിന്റെ ചില �ഭാഗങ്ങള്‍ �ഭക്ഷിക്കുക. എല്ലാം നിങ്ങള്‍ക്കുവേണ്ടി തയാറാക്കിയതാണ്‌. കഴിഞ്ഞകാലത്തിന്റെ കുറെ �ഭാഗങ്ങള്‍ കുടിക്കുക. എന്റെ ഭൂതകാലമെന്ന വീഞ്ഞ്‌ അവര്‍ കുടിച്ചു. എന്റെ �ഭൂതകാലമെന്ന മാംസം അവര്‍ �ക്ഷിച്ചു. ഞാന്‍ തളര്‍ന്നു. ക്ഷീണിതയായി.അവര്‍ ജീവിതം കൊണ്ടെഴുതുകയായിരുന്നു.ഭാവന കൊണ്ടും വാഗ്‌ജാലം കൊണ്ടുംകഥന സിദ്ധികൊണ്ടും ആകാശത്തോളം ഉയരത്തിലായിരുന്നു മാധവിക്കുട്ടിയുടെ സ്ഥാനം.
Related Posts with Thumbnails